ADVERTISEMENT

രണ്ട് രാഷ്ട്രങ്ങളുടെ തലവന്മാർ  കൂടിക്കാഴ്ച നടത്തുമ്പോൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്നത് പതിവാണ്. ഇത്തരം സമ്മാന കൈമാറ്റം നൂറ്റാണ്ടുകൾക്ക് മുൻപ് രാജാക്കന്മാരുടെ കാലഘട്ടം മുതലേ നിലവിലുണ്ട്. ജൂൺ 16ന് ജനീവയിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ– റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ചയും ഇത്തരത്തിൽ ശ്രദ്ധേയമായ ഒരു സമ്മാന കൈമാറ്റത്തിന് വേദിയായി. തനിക്ക് ഏറെ പ്രിയപ്പെട്ട അമേരിക്കൻ നിർമ്മിത ഏവിയേറ്റർ സൺഗ്ലാസ് ആണ് ബൈഡൻ പുടിന് സമ്മാനമായി നൽകിയത്.

കാലാകാലങ്ങളായി അമേരിക്കൻ സൈന്യത്തിന്റെ അടയാളമായി മാറിയ ഏവിയേറ്റർ സൺഗ്ലാസ് റാൻഡോൾഫ് എൻജിനീയറിങ് കമ്പനിയാണ് നിർമിക്കുന്നത്. 1978 മുതൽ അമേരിക്കൻ സൈന്യവുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന റാൻഡോൾഫ് ഓരോ മാസവും 25,000 ജോടി സൺഗ്ലാസുകൾ സൈന്യത്തിന് കൈമാറുന്നു. 1980 കളിൽ പുറത്തിറങ്ങിയ ‘ടോപ് ഗൺ’ സിനിമയിൽ ടോം ക്രൂസ് ഉപയോഗിച്ചതോടെയാണ് ഏവിയേറ്റർ സൺഗ്ലാസുകൾ പ്രശസ്തമായത്.

joe-putin
Image Credits : leadervladimirputin / Instagram

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സൺഗ്ലാസുകളോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന കാലത്തുതന്നെ ബൈഡന്റെ സിഗ്നേച്ചർ സ്റ്റൈലിന്റെ ഭാഗമായിരുന്നു സൺഗ്ലാസുകൾ. 58 വർഷത്തിലധികമായി താന്‍ സൺഗ്ലാസുകൾ ഉപയോഗിക്കുന്നതായി ബൈഡന്‍ പറഞ്ഞിട്ടുണ്ട്. വൈസ് പ്രസിഡന്റ് ആയ കാലത്ത് ‘ജോ കൂൾ’ എന്ന പേര് സമ്പാദിക്കാൻ ബൈഡനെ സഹായിച്ചതിലും സൺഗ്ലാസിനു വലിയ സ്ഥാനമുണ്ട്. 2014ൽ ആദ്യമായി  ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചപ്പോൾ ബൈഡന്റെ ആദ്യ പോസ്റ്റ് തന്നെ ഏവിയേറ്റർ സൺഗ്ലാസുകളുടേത് ആയിരുന്നു. ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ബൈഡൻ ആരംഭിച്ചപ്പോൾ സൺഗ്ലാസ് ചിത്രം പതിച്ച ടീ ഷർട്ടുകൾ അണിഞ്ഞു ഡെമോക്രാറ്റ് അനുയായികൾ കൺവെൻഷനിൽ അണിനിരന്നിരുന്നു.

അമേരിക്കയുടെ ദേശീയ പൈതൃകത്തിന്റെ അടയാളമായാണ് ഏവിയേറ്റർ സൺഗ്ലാസുകൾ ബൈഡൻ പുടിന് സമ്മാനമായി നൽകിയതെന്ന് റാൻഡോൾഫ് കമ്പനി ഉടമ പീറ്റർ വാസ്കിവിക്സ് പറഞ്ഞു. അതൊരു  സമാധാനത്തിന്റെ പ്രതീകം കൂടിയായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com