ADVERTISEMENT

ബെന്നിയുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ല, സൈക്കിളിലെ യാത്രകൾക്കും. പണമോ, പ്രായമോ യാത്രകൾക്കു തടസവുമല്ല. കോട്ടയം പള്ളിക്കത്തോടുകാരനായ ബെന്നിയുടെ പുതിയ ദൂരങ്ങൾ താണ്ടാനുള്ള യാത്രയ്ക്ക് ജൂലൈ 1നു തുടക്കമാകും. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ എന്നീ രാജ്യങ്ങൾ സൈക്കിളിൽ സന്ദർശിക്കുകയാണ് ലക്ഷ്യം. ‘മരങ്ങൾ വച്ചു പിടിപ്പിക്കുക’ എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ രാജ്യാന്തര സൈക്കിൾ യാത്ര. ഔപചാരികമായ ചടങ്ങുകളൊന്നുമില്ലാതെ വ്യാഴാഴ്ച രാവിലെ 8നു തനിച്ചുള്ള സൈക്കിൾ യാത്ര തുടങ്ങാനാണ് തീരുമാനം. 

‘ആരോഗ്യമുള്ള ഹൃദയം’ എന്ന സന്ദേശവുമായി കഴിഞ്ഞ വർഷം കോട്ടയം പള്ളിക്കത്തോടു നിന്ന് കശ്മീർ വരെ ബെന്നി വിജയകരമായി സൈക്കിൾ‍ യാത്ര നടത്തിയിരുന്നു. 50 വയസു പിന്നിട്ടവർ സൈക്കിൾ സവാരിക്കാർ ധാരാളമുണ്ടെങ്കിലും ഇത്ര ദീർഘമായ യാത്രകൾ നടത്തിയവർ വിരളം. 53കാരനായ ബെന്നിക്ക് അന്ന് പ്രോത്സാഹനമായി ഒരു ഗിയർ സൈക്കിൾ കോട്ടയത്തെ മെലോഡ്രാം സൈക്കിൾ കമ്പനി നൽകിയിരുന്നു. തോൽപ്പിക്കാനാവാത്തവൾ എന്നർഥമുള്ള ‘അജിത’ എന്നു പേരിട്ട ഈ സൈക്കിളിലാണ് ഇത്തവണ യാത്രയ്ക്കൊരുങ്ങുന്നത്. റെക്കോർഡ് പുസ്തകത്തിൽ ഇടം നേടാൻ ആഗ്രഹമുണ്ടെങ്കിലും നിരീക്ഷണത്തിനെത്തുന്നവരുടെ യാത്രാ ചെലവുൾപ്പെടെ വഹിക്കേണ്ടി വരുമെന്നതിനാൽ അതൊഴിവാക്കി. 

∙ 3 മാസം ലക്ഷ്യം 3 രാജ്യങ്ങൾ

മുൻയാത്രയിൽ രാജ്യത്തെ 13 സംസ്ഥാനങ്ങൾ പിന്നിട്ടാണ് കശ്മീരിലെത്തിയത്. കൂടുതലും പടിഞ്ഞാറൻ മേഖലയിലൂടെയായിരുന്നു യാത്ര. ഇത്തവണ കോട്ടയത്തു നിന്ന് കുമളി വഴി തമിഴ്നാട്ടിലേക്ക് പ്രവേശിച്ച് പിന്നീട് ആന്ധ്ര, ഒഡീഷ എന്നിങ്ങനെ വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകാനാണ് ബെന്നിയുടെ പദ്ധതി. തിരികെ കൊൽക്കത്ത എത്തി സൈക്കിൾ യാത്ര അവസാനിപ്പിക്കാനാണു പദ്ധതി. 

യാത്രയിൽ പണമായി അധികം കയ്യിൽ കരുതാൻ ബെന്നിക്കു പദ്ധതിയില്ല. വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ മേഖലകളെ പരിചയപ്പെടുക എന്ന ലക്ഷ്യവും മുൻപ് അധ്യാപകനായിരുന്ന ബെന്നിക്കുണ്ട്. യാത്രയ്ക്കിടെ താൽക്കാലിക ജോലികൾ ചെയ്ത് ചെലവിനുള്ള പണം കണ്ടെത്തുകയാണു ലക്ഷ്യം. 

∙ അധ്യാപകനിൽ നിന്ന് സുരക്ഷാ ജീവനക്കാരനിലേക്ക്

ബെന്നി കൊട്ടാരത്തിൽ 25 വർഷത്തോളം ആന്ധ്രയിലും തെലങ്കാനയിലും ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപകനായിരുന്നു. കോവിഡ് വ്യാപനത്തിനു തൊട്ടുമുൻപാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയെത്തിയത്. ചേർത്തല സ്വദേശിയായ ഇപ്പോൾ പള്ളിക്കത്തോട്ടിലാണു താമസിക്കുന്നത്. പിന്നീട് കോട്ടയം, പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നു. ഹൃദ്‌രോഗ സംബന്ധമായ പ്രശ്നങ്ങളുമായി യുവാക്കൾ പലരും ആശുപത്രിയിലെത്തുന്നതു കണ്ടാണ് ബോധവൽക്കരണത്തിനായി എങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായത്. ഡോക്ടർമാരോട് സംസാരിച്ചപ്പോൾ പറഞ്ഞത് ‘ഇവർ കാഴ്ചയിൽ കരുത്തരാണ്, എന്നാൽ ഹൃദയം ദുർ‍ബലമാണ്. വ്യായാമത്തിന്റെ കുറവാണു പ്രധാന കാരണം. സൈക്ലിങ് പോലെ എന്തെങ്കിലും ചെയ്താൽ കൂടുതൽ ആരോഗ്യവാന്മാരായിരിക്കാം’ എന്നാണ്. ആരോഗ്യമുള്ള ഹൃദയത്തിനായി ബോധവൽക്കരണ യാത്രയെക്കുറിച്ച് ബെന്നി അങ്ങനെയാണ് ആലോചിച്ചു തുടങ്ങിയത്. ആ യാത്ര വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ മരങ്ങൾക്കായി സൈക്കിളിൽ രാജ്യാന്തര യാത്ര. 

∙ 53–ാം വയസിലെ 58 ദിവസ കശ്മീർ യാത്ര

ഡിസംബറിലെ മഞ്ഞു പെയ്യുന്ന രാത്രികളിൽ ലോകം ഉറങ്ങുമ്പോൾ ബെന്നി സൈക്കിൾ ചവിട്ടുകയായിരുന്നു. ആരോഗ്യമുള്ള ഹൃദയമെന്ന സന്ദേശമുയർത്തിയുള്ള യാത്ര. കേരളത്തിൽ നിന്നു കശ്മീർ വരെ. കോട്ടയം പാലായിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ  ആഗ്രഹം കേട്ടപ്പോൾ തന്നെ നടക്കില്ലെന്നു വിധിയെഴുതിയവരുണ്ട്. എന്നാൽ തന്റെ 53–ാം വയസിൽ 58 ദിവസങ്ങൾ കൊണ്ടു ബെന്നി ലക്ഷ്യം പൂർത്തിയാക്കി. ‘ചെയ്യുന്നവന്റെ നഷ്ടത്തിലല്ലാതെ യാതൊരു നന്മയും ചെയ്യാനാകില്ല’. ദുഷ്കരമായ യാത്രകളിൽ ബെന്നിയുടെ മനസിൽ വഴിവെളിച്ചമായി നിന്നത് മദർ തെരേസ പറഞ്ഞ ഈ വാചകമായിരുന്നു. 

∙ സ്വർണപ്പണയത്തിൽ വാങ്ങിയ സൈക്കിൾ

സൈക്കിളിൽ‍ ദീർഘ യാത്ര നടത്തിയ പരിചയം ബെന്നിക്ക് ഇല്ലായിരുന്നു. ജോലിയിൽ നിന്ന് 2 മാസത്തെ അവധിയെടുക്കാൻ തീരുമാനിച്ചു. ഭാര്യ മോളിയുടെ കൈവശമുണ്ടായിരുന്ന സ്വർണം പണയം വച്ച് 48,000 രൂപയെടുത്തു. അതുപയോഗിച്ച് സൈക്കിൾ‍ വാങ്ങി. ‘തക്കുടു’വെന്നു പേരിട്ടു. വഴിച്ചെലവിനായി 15,000 രൂപ കയ്യിൽ കരുതി. 

2020 നവംബർ 1ന് പള്ളിക്കത്തോട് കല്ലാടുംപൊയ്കയിൽ നിന്നു യാത്ര തുടങ്ങി. ദീർഘദൂരം ചവിട്ടി ശീലമില്ലാത്തതിനാൽ തുടക്കത്തിൽ ശാരീരികമായ അസ്വസ്ഥതകളുമുണ്ടായി. യാത്ര തുടങ്ങിയതോടെ പലരും പിന്തുണയുമായി വന്നു.

∙ പാതിവഴിയിൽ പുതിയ സൈക്കിൾ 

ആദ്യത്തെ സൈക്കിളിലെ യാത്ര അത്ര സുഖകരമല്ലായിരുന്നു. വില കൂടുതലായതിനാൽ മാറ്റി വാങ്ങാനും സാധിച്ചില്ല. കേരളം വിട്ട ശേഷം മിക്കയിടത്തും ആരാധനാലയങ്ങളിലാണ് രാത്രി അഭയം തേടിയത്. യാത്രകൾ കൂടുതലും വൈകുന്നേരങ്ങളിലായിരുന്നു. ശരാശരി 75 കിലോമീറ്ററോളം ഒരു ദിവസം പിന്നിട്ടു. തെലങ്കാനയിൽ വച്ച് സൈക്കിളിന്റെ ഡീറെയിലർ ഒടിഞ്ഞ് റിമ്മിന്റെ ഉള്ളിലേക്ക് മടങ്ങിക്കയറി ജാമായി. നന്നാക്കാനാകാതെ 10 കിലോമീറ്റർ രാത്രി സൈക്കിൾ തള്ളി അടുത്ത ടൗണായ ഷാദ്നഗറിലെത്തി. കയ്യിലുണ്ടായിരുന്ന 6000 രൂപയും ഗിയർ സൈക്കിളും നൽകി സാധാരണ സൈക്കിൾ വാങ്ങി. ‘പക്കുടു’വെന്നു പേരുമിട്ടു. 

∙  ക്രിസ്മസ് പുലരിയിൽ കശ്മീരിൽ

മഹാരാഷ്ട്രയിലെ സിയോണി കടുവാ സങ്കേതവും ലോറികൾ നിറഞ്ഞ ഹൈവേകളും പിന്നിട്ട് മധ്യപ്രദേശ്, യുപി വഴി ഡെൽഹിയിലെത്തി. അവിടെ കർഷക സമരത്തിന് പിന്തുണ  പ്രഖ്യാപിച്ച് സംസാരിച്ചു. 50–ാം ദിനത്തിൽ കുരുക്ഷേത്രയിലെത്തി. മഞ്ഞു നിറഞ്ഞ പുലരിയിൽ ക്രിസ്മസ് നാളിൽ ബെന്നി കശ്മീർ അതിർത്തിയിലെത്തി. 60 ദിനങ്ങൾ കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച യാത്ര 58–ാം ദിനം ശ്രീനഗറിലെത്തി. പിന്നിട്ടത് 3,600 കിലോമീറ്ററിലേറെ ദൂരം. വടക്കേ ഇന്ത്യയിലെ ചൂടിനെ ഒഴിവാക്കാനാണു യാത്രയ്ക്ക് മഞ്ഞുകാലം തിരഞ്ഞെടുത്തത്. ഡിസംബർ 29ന് സൈക്കിൾ യാത്രയ്ക്കു ശേഷം സ്വയം ‘റീസൈക്കിൾ’ ചെയ്യാൻ നാട്ടിലേക്ക് മടക്കം. സങ്കടം ഒന്നു മാത്രം പാഴ്സൽ സർവീസുകൾ മുടങ്ങിയതിനാൽ സൈക്കിൾ തിരികെ നാട്ടിലെത്തിക്കാനായില്ല. അതു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥനു നൽകി.

∙ ആഗ്രഹം ഇന്ത്യാ ‘പ്ലസ്’; ഇപ്പോൾ രാജ്യാന്തര യാത്ര

പുതുവർഷത്തിൽ യാത്രയ്ക്കു പുതിയ മാനങ്ങൾ നൽകി വീട്ടിൽ തിരിച്ചെത്തിയ ബെന്നിയുടെ ആഗ്രഹം സ്വന്തമായൊരു സൈക്കിൾ എന്നതായിരുന്നു. അതു യാഥാർഥ്യമായി. കേരളം മുതൽ കശ്മീർ വരെ ഇന്ത്യയ്ക്കു നെടുകെയുള്ള യാത്രയായിരുന്നു അടുത്ത സ്വപ്നം. ശേഷം ഇന്ത്യയുടെ പടിഞ്ഞാറേ അറ്റം മുതൽ കിഴക്കു ഭാഗം വരെ ഇന്ത്യയ്ക്കു കുറുകെയും യാത്ര നടത്തണം. അങ്ങനെ ഇന്ത്യാ പ്ലസ് എന്ന യാത്ര പൂർത്തിയാക്കണം. ഇപ്പോൾ ബെന്നി അതിലും വലിയ സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങുകയാണ്. 

ഇന്ധനമുപയോഗിക്കാതെ, മലിനീകരണമില്ലാതെ രാജ്യത്തിന്റെ രണ്ടറ്റങ്ങൾ താണ്ടിയ ബെന്നിക്ക് അത് അസാധ്യവുമല്ല. എഴുത്തിലും താൽപര്യമുള്ള ബെന്നിയുടെ കവിതകൾ ‘കൊട്ടാരം കവിതകൾ’ എന്നാണു സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത്. ഭാര്യ മോളി അധ്യാപികയായിരുന്നു.

Content Summary: Benny's cycle trip to Bhutan, Nepal and Myanmar with message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com