ഓഗസ്റ്റ് 13, ഇടംകയ്യന്മാർക്കായി ഒരു ദിനം; അറിയാം പ്രത്യേകതകൾ

HIGHLIGHTS
  • ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം ഇടതു കയ്യരാണ്
  • ഗോവയിൽ ഇടം കയ്യന്‍മാർക്കായി ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്
significance-of-august-13-international-lefthanders-day
(മുകളിൽ ഇടത്തുനിന്ന്) നരേന്ദ്ര മോദി, ബറാക് ഒബാമ, ബിൽ ഗേറ്റ്സ്, (താഴെ ഇടത്തുനിന്ന്) സച്ചിൻ തെൻഡുൽക്കര്‍, അമിതാഭ് ബച്ചൻ, റാഫേൽ നദാൽ
SHARE

വലംകയ്യൻമാരുടെ മാത്രമല്ല ഇടംകയ്യന്മാരുടേതു കൂടിയാണ് ഈ ലോകം എന്ന് ഓർമിപ്പിക്കുകയാണ് ലോക ഇടംകയ്യന്മാരുടെ ദിനം. വലംകയ്യന്മാർക്കായി രൂപകല്പന ചെയ്ത ലോകത്ത് ഇടംകയ്യനായിരിക്കുന്നതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഓഗസ്റ്റ് 13 ലോക ഇടംകയ്യന്മാരുടെ ദിനമായി ആചരിക്കുന്നത്. 1976 ൽ ലെഫ്റ്റ്‌ഹാൻഡേഴ്‌സ് ഇന്റർനാഷനലിന്റെ സ്ഥാപകൻ ഡീൻ ആർ. കാംപ്ബെല്ലാണ് ഇങ്ങനെയൊരു ദിനത്തിന് തുടക്കം കുറിച്ചത്.

∙ എന്തു കൊണ്ട് ഇടംകൈ

തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകളാകാം ചിലരിൽ ഇടതുകയ്യുടെ ആധിപത്യത്തിനു കാരണം എന്നു കരുതപ്പെടുന്നു. ‌തലച്ചോറിന്റെ പ്രധാനഭാഗമായ സെറിബ്രം രണ്ട് അർധഗോളങ്ങളായാണ് കാണപ്പെടുന്നത്. കോർപ്പസ് കലോസമെന്ന ഭാഗമാണ് ഈ അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതിൽ ഇടത്തെ പകുതി ശരീരത്തിന്റെ വലതുഭാഗത്തെയും വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെയും നിയന്ത്രിക്കുന്നു.

ഇടതുവശത്തിന് സ്വാധീനം കൂടുതലുളളവരിൽ തലച്ചോറിന്റെ വലത്തെ പകുതിയുടെ അർധഗോളം കൂടുതൽ കാര്യക്ഷമമായിരിക്കും. അതനുസരിച്ചായിരിക്കും വ്യക്തിയുടെ ചലനങ്ങളും ചിന്തകളും. വലംകയ്യരെ അപേക്ഷിച്ച് ഇടതു കൈ കൂടുതൽ ഉപയോഗിക്കുന്നവരിൽ കോർപ്പസ് കലോസത്തിന്റെ വലുപ്പം കൂടുതലായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം ഇടതു കയ്യരാണ്. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഇതു കൂടുതൽ സംഭവിക്കുന്നത്.  

∙ ഇടംകയ്യനെ വലംകയ്യൻ ആക്കല്ലേ

ഒന്നാം വയസ്സുവരെ കുട്ടികൾ രണ്ടു കൈകളും ഒരുപോലെ ഉപയോഗിക്കും. അതിനുശേഷം ഇടതു കൈ കൊണ്ട് എന്തു ചെയ്താലും തല്ലു കൊടുക്കുന്ന രക്ഷിതാക്കൾ ഉണ്ട്. തുടർച്ചയായി കയ്യിൽ അടി കിട്ടുന്നതോടെ കുട്ടി ഇടതു കൈ കൊണ്ടു ചെയ്യുന്ന കാര്യങ്ങൾ വലതു കൈ കൊണ്ടു ചെയ്യാൻ ശ്രമിക്കും. ചിലർ വിജയിക്കും. ചിലർ രണ്ടു കയ്യും ഒരുപോലെ ഉപയോഗിക്കും. ഇടംകയ്യരെ വലംകയ്യരാക്കാൻ ശ്രമിക്കുമ്പോൾ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിലും മാറ്റങ്ങളുണ്ടാകുന്നുവെന്ന് ഈ മേഖലയിൽ പഠനം നടത്തിയ പാക്കിസ്ഥാൻ എഴുത്തുകാരൻ വസിയോ അലി ഖാൻ അബ്ബാസി കണ്ടെത്തിയിട്ടുണ്ട്. സർഗാത്മകതയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന തലച്ചോറിന്റെ വലതുവശത്തിന്റെ പ്രവർത്തനം വേണ്ടത്ര കാര്യക്ഷമമാകില്ല. പകരം യുക്തിസഹമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറന്റെ ഇടതു വശം കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. അതോടെ കുട്ടിയുടെ യഥാർഥത്തിലുള്ള സ്വഭാവം മാറും. കൂടാതെ കയ്യക്ഷരം നന്നാക്കാനും കത്രികയും കത്തിയും ഉപയോഗിക്കാനുമൊക്കെ ഇവർക്ക് കൂടുതൽ സമയം വേണ്ടി വരും.

left-handers-1
Image Credits : Lukassek / Shutterstock.com

∙ ഇടം കയ്യന്മാർക്കായി മ്യൂസിയം

ഗോവയിൽ ഇടം കയ്യന്‍മാർക്കായി ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ലണ്ടനിലെ പ്രശസ്തമായ മാഡം തുസാദ് മ്യൂസിയത്തിൻറെ മാതൃകയിൽ, പ്രശസ്തരായ ഇടം കൈയ്യരുടെ രൂപങ്ങളാണ് ഈ മ്യൂസിയത്തിലുളളത്. ഇന്ത്യൻ ലെഫ്റ്റ് ഹാൻഡർ ക്ലബിന്റെ നേതൃത്വത്തിലാണ് മ്യൂസിയം സ്ഥാപിച്ചത്.

∙ അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കു

തലച്ചോറിനുണ്ടാക്കുന്ന ആഘാതമാണ് ചില കുട്ടികളിൽ ഇടത് സ്വാധീനം കൂട്ടുന്നത്. ജന്മനാ ഇടതു കൈ ഉപയോഗിക്കുന്നവരെ ചെറുപ്പത്തിൽ തിരുത്താൻ ശ്രമിച്ചാൽ കൈ കൊണ്ടുള്ള പ്രവൃത്തികൾ മന്ദഗതിയിലാകും. വലം കൈയൻമാർ ഇടം കൈ കൊണ്ട് എഴുതുമ്പോൾ ഉണ്ടാകുന്ന അതേ ബുദ്ധിമുട്ട് ഇടം കയ്യന്മാർക്ക് വലംകൈ കൊണ്ട് എഴുതുമ്പോൾ ഉണ്ടാവും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഇടംകയ്യിലേക്ക് മാറും.  ആരോഗ്യപ്രശ്നങ്ങളാണോ ഇടതു സ്വാധീനത്തിനു കാരണമെന്നതിൽ വിദഗ്ധോപദേശം തേടണം.– ഡോ. മേരി ഐപ്പ്, മെഡിക്കൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് വകുപ്പ് മേധാവി തിരുവനന്തപുരം മെഡി.കോളജ്

∙ ഇടംകയ്യന്മാർ

ഇടംകയ്യന്മാരുടെ കൂട്ടത്തിലെ ഏതാനും പ്രശസ്തരെ അറിയാം.

– ലിയനാർഡോ ഡാവിഞ്ചി 

ലോകം കണ്ട ബഹുമുഖപ്രതിഭകളിൽ ഒരാളായ ഡാവിഞ്ചിയുടെ എഴുത്തുകൾ വായിക്കണമെങ്കിൽ മുഖം നോക്കുന്ന കണ്ണാടി വേണമായിരുന്നു. വലത്തുനിന്ന് ഇടത്തേക്ക് എഴുതിയിരുന്ന അദ്ദേഹം അങ്ങനെ ചെയ്തിരുന്നത് കത്തുകൾ രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയാണെന്ന് വാദങ്ങളുണ്ടായിരുന്നെങ്കിലും സത്യത്തിൽ, അദ്ദേഹം ഇടം‌കയ്യനായിരുന്നു.

– മഹാത്മാ ഗാന്ധി

ഗാന്ധിജിയ്ക്ക് രണ്ട് കൈയും ഒരുപോലെ വഴങ്ങിയിരുന്നു. ഇടംകയ്യനായ ഗാന്ധിജിയെ ചെറുപ്പത്തിൽ വലത്തേക്ക് മാറ്റാൻ ശ്രമിച്ചതു കൊണ്ടാവും രണ്ടു കയ്യും ഒരുപോലെ വഴങ്ങിയത്.

– രത്തൻ ടാറ്റ

ഇന്ത്യയിലെ പ്രധാന വ്യവസായികളിലൊരാളായ രത്തൻ ടാറ്റ ഇടതു കയ്യനാണ്. ഇതുകാരണം കുട്ടിക്കാലത്ത് പിയാനോ പഠിക്കാൻ താൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

– സച്ചിൻ തെണ്ടുൽക്കർ

സെഞ്ച്വറികൾ കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇക്കൂട്ടത്തിലെ മറ്റൊരു പ്രമുഖൻ. വലതുകൈകൊണ്ട് ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും പരിശീലിച്ചെങ്കിലും, ഭക്ഷണം കഴിക്കാനും എഴുതാനുമുൾപ്പടെ ഇടത് കൈ ആണ് ഉപയോഗിക്കുന്നത്.

– അമിതാഭ് ബച്ചൻ  

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ഇടം കൈയ്യനാണ്. അഭിനയത്തിൽ മാത്രമല്ല എഴുത്തിലും സംസാരിത്തിലുമെല്ലാം അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും ഇടംകയ്യനാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടംകയ്യനാണ്. ബരാക് ഒബാമയും ബിൽ ക്ലിന്റണുമടക്കം എട്ട് അമേരിക്കൻ പ്രസിഡന്റുമാർ ഇടംകയ്യന്മാരാണ്. ലോക സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സ്, ടെന്നീസ് താരങ്ങളായ റാഫേൽ നദാൽ, മോണിക്ക സെലസ്, ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സനത് ജയസൂര്യ, ബ്രയാൻ ലാറ, എഴുത്തുകാരൻ ലൂയിസ് കരോൾ എന്നിങ്ങനെ പ്രശസ്തരായ ഇടംകയ്യന്മാർ അനേകമുണ്ട്.

nivin pauly 1200
നിവിൻ പോളി

∙ മലയാള സിനിമയിൽ

ഓം ശാന്തി ഓശാന’ എന്ന സിനിമയിൽ വാട്ടർ തീം പാർക്കിൽ വച്ച് നായികയെ ശല്യപ്പെടുത്തിയ ആളെ നായകനായ നിവിൻ പോളി ഇടം കൈ കൊണ്ടാണ് അടിക്കുന്നത്. ‘ഒരു വടക്കൻ സെൽഫി’ എന്ന സിനിമയിൽ ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന പാട്ടിനിടയ്ക്ക് ഇടം കൈകൊണ്ട് ഗിറ്റാർ വായിക്കുന്നതും കാണാം. ‘പ്രേമ’ത്തിൽ മേരിക്ക് ജോർജ് കത്തെഴുതുന്നതും ഇടം കൈ  കൊണ്ട് തന്നെ. ആക്ഷൻ ഹീറോ ബിജുവിലെ ഇടം കൈ കൊണ്ടുള്ള അഭിനയവും ശ്രദ്ധേയമാണ്.

പ്രണവ് മോഹൻലാലും ആസിഫ് അലിയും മലയാള സിനിമയിലെ ഇടം കയ്യന്മാരാണ്.

English Summary : International Left-Handers Day 2020; here is some interesting things

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA