പൂർണനഗ്നരായി വീട്ടകങ്ങളിൽ; ട്രെൻഡായി നെക്കേഷനും–‘ന്യൂഡ് ഈസ് നാച്ചുറൽ’

HIGHLIGHTS
  • നഗ്നത ജീവിതശൈലിയായി തന്നെ സ്വീകരിച്ച സമൂഹങ്ങളുണ്ട്
  • നഗ്നതയെ ദാർശനികമായി സമീപിക്കുന്ന രീതിയാണ് നേച്ചറിസം
naked-vacation-developing-as-a-trending-and-lifestyle
പ്രതീകാത്മക ചിത്രം ∙ Image Credits : sylv1rob1 / Shutterstock.com
SHARE

‘ഇവന്മാർക്ക് തുണിയുടുത്ത് നടന്ന് വനഭംഗി ആസ്വദിച്ചുകൂടേ?’ ചോദ്യം ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷറിലുള്ള ഷെർവുഡ് ഫോറസ്റ്റിന്റെ സമീപവാസികളുടേതാണ്. ഇതിഹാസ നായകൻ റോബിൻഹുഡിന്റെ വിഹാരരംഗമായി പുകഴ്പെറ്റ ഷെർവുഡ് വനം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് നഗ്നസന്ദർശകരുടെ പേരിലാണ്. കാടിന്റെ തനിമ ആസ്വദിക്കാൻ എത്തുന്ന ചിലർ പിറന്നപടി ഇവിടെ ചുറ്റിനടക്കുന്നത് പ്രദേശവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കിയതിനെ തുടർന്ന് പരാതി ഉയരുകയായിരുന്നു. 

ഇവിടെ പ്രഭാതസവാരിക്കെത്തിയിരുന്ന ചില സ്ത്രീകൾ കാടിനുള്ളിൽ നഗ്നമനുഷ്യരെ കണ്ട് പരിഭ്രമിച്ചെന്നും പരാതിയുണ്ട്. അതോടെ നാട്ടുകാരിലൊരാൾ ഇന്റർനെറ്റിലെ change.org എന്ന പ്ലാറ്റ്ഫോമിൽ ഹർജിയുമായെത്തി. ഏതാനും പേർ ഇതിനെ പിന്തുണച്ചു രംഗത്തുവന്നതോടെ സംഭവം ലോകശ്രദ്ധ നേടി. വനപ്രദേശത്തിന്റെ നടത്തിപ്പ് ചുമതലയുള്ള റോയൽ സൊസൈറ്റി ഫോർ ദ് പ്രൊട്ടക്‌ഷൻ ഓഫ് ബേഡ്സ് പക്ഷേ ഇക്കാര്യത്തിൽ നഗ്നസന്ദർശകരുടെ ഭാഗത്താണ്. ശാന്തമായ ഉൾവനങ്ങളിൽ ‘നേച്ചറിസം’ തങ്ങൾ അനുവദിച്ചിട്ടുണ്ടെന്നാണ് ഇവരുടെ നിലപാട്. എന്തായാലും വർഷം തോറും ലക്ഷക്കണക്കിന് സന്ദർശകർ എത്തിയിരുന്ന ഷെർവുഡ് വനം ‘നേച്ചറിസം’ എന്ന ആശയത്തെ കുറിച്ചുള്ള ചർച്ചകൾ ഉയർത്തിവിട്ടിരിക്കുകയാണ്.

ന്യൂഡ് ഈസ് നാച്ചുറൽ

നഗ്നത ഏറ്റവും സ്വാഭാവികമായ ജീവിതാവസ്ഥയാണെന്നു കരുതുന്നവരുടെ എണ്ണം ഇന്ന് ലോകമെമ്പാടും കൂടിവരികയാണ്. ലൈംഗികതയ്ക്കു വേണ്ടിയല്ലാതെ, നഗ്നത ജീവിതശൈലിയായി തന്നെ സ്വീകരിച്ച സമൂഹങ്ങളുണ്ട്. ഒരു പടി കൂടി കടന്ന് നഗ്നതയെ ദാർശനികമായി സമീപിക്കുന്ന രീതിയാണ് നേച്ചറിസം (Naturism). നഗ്നത പ്രകൃതിയോടുള്ള ഇഴചേരലാണെന്നും പരിസ്ഥിതിയോടുള്ള ആദരമാണെന്നും നേച്ചറിസ്റ്റുകൾ വാദിക്കുന്നു. അവരവരോടും സഹജീവികളോടും കൂടുതൽ മതിപ്പോടെ ജീവിക്കാൻ നേച്ചറിസം സഹായിക്കുമെന്ന വാദഗതിയുമുണ്ട്. ന്യൂഡിസവും നേച്ചറിസവും പിന്തുടരുന്ന ചിലർ വീട്ടകങ്ങളിലും നഗ്നരായാണ് ജീവിക്കുന്നത്. 

നെക്കേഷൻ

വിനോദസഞ്ചാരത്തിലെ പുതിയ ട്രെൻഡാണ് നെക്കേഷൻ (Nakation). പരിസ്ഥിതി ടൂറിസവും മെഡിക്കൽ ടൂറിസവും കടന്ന് വസ്ത്രങ്ങൾ അഴിച്ചുവച്ചുള്ള Naked Vacation സങ്കൽപത്തിലാണ് സഞ്ചാരികളുടെ ലോകം എത്തിനിൽക്കുന്നത്. ഏഷ്യയിലേതടക്കം ഒരുപാട് രാജ്യങ്ങളിൽ ഇത്തരം റിസോർട്ടുകളും ബീച്ചുകളുമുണ്ട്. വനപ്രദേശങ്ങളിലും പാർക്കുകളും ബീച്ചുകളും പോലുള്ള ചില പൊതു ഇടങ്ങളിലും നഗ്നമായി ചുറ്റിനടക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നവരുണ്ട്. ആദ്യമായി ഇത്തരം ഇടങ്ങളിൽ എത്തിപ്പെടുന്നവർ തെല്ല് മടിച്ചുനിൽക്കുമെങ്കിലും ചുറ്റുമുള്ള എല്ലാവരും ഇതേ അവസ്ഥയിലാണെന്നു കാണുമ്പോൾ മെല്ലെ ഏറ്റവും സ്വാഭാവികമായി ഇതിനെ സ്വീകരിക്കുന്നു. 

ഒരിക്കൽ ഇതിന്റെ സുഖമറിഞ്ഞവർ ഒറ്റയ്ക്കും പങ്കാളിയോടൊത്തും കൂട്ടമായുമൊക്കെ വീണ്ടുമെത്തുന്നുണ്ടെന്നാണ് ഇത്തരം ഇടങ്ങളുടെ സംഘാടകർ പറയുന്നത്. ഏറ്റവും സമ്മർദമേറിയ ജോലികൾ ചെയ്യുന്നവർക്ക് ന്യൂഡ് വെക്കേഷൻ അങ്ങേയറ്റം ആശ്വാസമേകുന്ന അവധിയാഘോഷമാണെന്ന വാദം ബിഹേവിയറൽ സയന്റിസ്റ്റുകളും ശരിവയ്ക്കുന്നു. ടെക് ഡീടോക്സിങ്ങിന് (Tech Detoxing) ഏറ്റവും പറ്റിയ മാർഗം കൂടിയാണിത്. ഏറ്റവും തുറന്ന മനസ്സോടെ വേണം നെക്കേഷനെ സമീപിക്കാനെന്നാണ് അനുഭവസ്ഥർ പറയുന്നത്. വസ്ത്രങ്ങളോടൊപ്പം മുൻവിധികൾ കൂടി ഉപേക്ഷിക്കൂ... നെക്കേഷൻ ആഘോഷമാക്കാം...

English Summary : Nude is Natural; Nakation is the new trend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA