ADVERTISEMENT

പാഴ്‌വസ്തുക്കളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ചെന്നൈ മലയാളി സി.എ.ജോണിന്. മറ്റുള്ളവർക്ക് പാഴായി തോന്നുന്നതൊക്കെ മനോഹര വസ്തുക്കളാക്കി മാറ്റുന്നതിലാണ് ജോണിന് ഹരം. ഉണങ്ങിയ പഴത്തിന്റെ തണ്ട്, പൊട്ടിയ കുപ്പികൾ, നിലം വൃത്തിയാക്കുന്ന ‘മോപ്’ എന്നിങ്ങനെ നീളുന്നു ആ പാഴ്‌വസ്തുക്കളുടെ നിര. അവ പിന്നീട് ചിത്രശലഭങ്ങൾ ഇരിക്കുന്ന പൂക്കളായും വലയിൽ പിടിച്ചു നിൽക്കുന്ന ചിലന്തിയായും  കാഴ്ചക്കാരെ അമ്പരപ്പിക്കും. 

ca-john-3

തൃശൂരുകാരനായ ഈ മലയാളി 25 വർഷത്തിലേറെയായി ചെന്നൈയിലെ കോടമ്പാക്കത്താണു താമസം. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്തേ തന്റെ ചെറിയ കരവിരുതിൽ പലതും നിർമിച്ചെടുത്തിരുന്നു. നാട്ടിലുണ്ടായിരുന്ന സമയത്ത് ബന്ധു വീട്ടിലെ കല്യാണ വേദികളിലും ഇദ്ദേഹത്തിന്റെ കലാവിരുത് നിറഞ്ഞു. പക്ഷേ അതൊന്നും പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ആയിരുന്നില്ല. ചെന്നൈയിലെത്തിയതിനു ശേഷമാണ് ഇങ്ങനെയൊരു ആലോചന വരുന്നത്. ഓരോ വസ്തുക്കളും സൂക്ഷിച്ച് വച്ച ശേഷം പിന്നീട് മനസ്സിൽ തോന്നുന്ന രൂപങ്ങൾ ഉണ്ടാക്കാറാണ് പതിവെന്ന് ജോൺ പറയുന്നു. കാണുമ്പോൾ ചെറിയ രൂപമാണെങ്കിലും അതിനു പിന്നിൽ വലിയ പ്രയത്നമുണ്ട്. 

ca-john-2

എല്ലാ കലാസൃഷ്ടിയിലും സമൂഹത്തിനായി എന്തെങ്കിലുമൊരു സന്ദേശം പങ്കുവയ്ക്കാനും ജോൺ ശ്രമിക്കും. കഴിഞ്ഞ ക്രിസ്തുമസിന് മാസ്ക്കിന്റെ മാതൃകയിലാണു പുൽക്കൂട് ഉണ്ടാക്കിയത്. ലോകം മുഴുവൻ വൈറസിനു മുന്നിൽ പകച്ചിരുന്നപ്പോൾ രക്ഷാകവചമായി മാസ്ക് ഉപയോഗിക്കണമെന്ന സന്ദേശമായിരുന്നു അത്. ഇത്തവണത്തെ ഓണത്തിനും പതിവു തെറ്റിച്ചില്ല, വീട്ടിലെ പഴയ മോപിന്റെ നൂൽ വെട്ടി അത് കളറിൽ മുക്കിയെടുത്ത് മനോഹരമായൊരു അത്തപൂക്കളം ആക്കി മാറ്റി. പൂവിലിരിക്കുന്ന പൂമ്പാറ്റയെ കണ്ടാൽ പിടിക്കാൻ തോന്നുമെങ്കിലും അത് ഉണ്ടാക്കിയിരിക്കുന്നത് പ്ലാസ്റ്റിക് ഫയലുകൊണ്ടാണ്. 

ca-john-5

ഇതു വരെ 50ഓളം രൂപങ്ങൾ ഉണ്ടാക്കിയെങ്കിലും ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ  ഇറേസറും കോട്ടൺ തുണിയും ഇരുമ്പ് വയറുമെല്ലാം ഉപയോഗിച്ച് ഉണ്ടാക്കിയ വലയിൽ ഇരിക്കുന്ന എട്ടുകാലിയുടെ രൂപവും അവസാനമായി ഉണ്ടാക്കിയ പൂവിന്റെ രൂപവുമാണെന്ന് അദ്ദേഹം പറയും. വേസ്റ്റിൽ നിന്ന് വിസ്മയം തീർക്കുന്നത് കൊണ്ടു തന്നെ പല പുരസ്കാരങ്ങളും ജോണിനെ തേടി വന്നിട്ടുണ്ട്. 25 വർഷത്തിലേറെയായി സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു.ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. സ്കൂൾ അധ്യാപികയായ ഭാര്യ ജെസ്സി തോമസും മക്കളായ റോസയും ക്ലാരയും സഹായത്തിനായി കൂടാറുണ്ട്.

ca-john-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com