ADVERTISEMENT

ആഭരണ പ്രേമികളുടെ മനസ്സിൽ മായാതെയുണ്ടാകും ആ മഞ്ഞ വൈരക്കല്ല് നെക്‌ലേസ്! ആഡംബര ആഭരണ ബ്രാൻഡായ ടിഫാനിയുടെ ലോകപ്രശസ്തമായ യെലോ ഡയമണ്ട് കഴിഞ്ഞദിവസം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇതുവരെ മൂന്നു സ്ത്രീകൾക്കു മാത്രം അണിയാൻ അവസരം ലഭിച്ച ഈ അമൂല്യ ആഭരണം ഒരുവട്ടം കൂടി പുറത്തെടുത്തപ്പോൾ നറുക്കു വീണത് ഗായിക ബിയോൺസിന്. ടിഫാനി പരസ്യ ക്യാംപെയിനു വേണ്ടിയാണ് ബിയോൺസ് യെലോ ഡയമണ്ട് നെക്‌ലേസ് ധരിച്ചതെങ്കിലും അതു ചരിത്രനിമിഷമായി. 

എന്തുകൊണ്ടാണ് ഈ ആഭരണം ഇത്രമേൽ വേറിട്ടതാകുന്നത്?

1877ൽ സൗത്ത് ആഫ്രിക്കയിലെ കിംബെർലി ഖനിയിൽ നിന്നാണ് 287.42 കാരറ്റ് തൂക്കമുള്ള യെലോ ഡയമണ്ട് കണ്ടെടുത്തത്. അതു സ്വന്തമാക്കിയ ന്യൂയോർക്കിലെ ആഭരണനിർമാതാവ് ചാൾസ് ലൂയിസ് ടിഫാനി വൈകാതെ ജെമ്മോളജിസ്റ്റായ ഡോ. ജോർജ് ഫ്രഡറിക് കൺസിനു കൈമാറി. ഒരു വർഷത്തോളം ആ വൈരക്കല്ലിൽ മനസ്സർപ്പിച്ച അദ്ദേഹം അതു 82 മുഖങ്ങളായി തിരിച്ചു. പിന്നീട് വീണ്ടും മാറ്റംവരുത്തി 90 മുഖങ്ങളാക്കി. ഇപ്പോഴിത് 128.54 കാരറ്റാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈരക്കല്ല്!

ലോകത്തിന്റെ പലവേദികളിലും പ്രദർശനത്തിനായി ടിഫാനി യെലോ ഡയമണ്ട് സഞ്ചരിച്ചെങ്കിലും അതു ന്യൂയോർക്ക് സിറ്റിയിലെ ടിഫാനി ഫ്ലാഗ്ഷിപ് സ്റ്റോറിലെ അമൂല്യശേഖരത്തിലേക്കു തിരിച്ചെത്തി. 1957ൽ ഷെൽഡൻ വൈറ്റ്ഹൗസ്, 1961ൽ നടി ഓഡ്രി ഹെപ്ബൺ, 2019ൽ ലേഡി ഗാഗ എന്നിവരാണ് ഈ മഞ്ഞവൈരക്കല്ല് ഇതിനു മുമ്പ് ധരിച്ചവർ. ഇപ്പോഴിതാ, ബിയോൺസും! സൗത്ത് ആഫ്രിക്കയിൽ നിന്നു കണ്ടെടുത്ത ആ അമൂല്യവൈരക്കല്ല് അണിഞ്ഞ ആദ്യത്തെ കറുത്തവർഗക്കാരിയെന്ന രേഖപ്പെടുത്തൽ കൂടിയായി ആ നിമിഷം.

English Summary : Beyonce shines in the Tiffany Yellow Diamond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com