ADVERTISEMENT

കൊടുവള്ളി ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് കൂടെ കടന്നുപോവുന്നവര്‍ക്കെല്ലാം ക്രീസ്റ്റീന അമ്മച്ചിയുടെ ചിരിക്കുന്ന മുഖം സുപരിചിതമാണ്. ആദ്യം സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള വഴിയരികിലായിരുന്നു ചെരിപ്പുതുന്നല്‍. ഇപ്പോള്‍ അൽപം മാറി ഒരു താന്നിമരത്തണലിന് ചുവടെയാണ്. വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഒരു 70 വയസ്സുകാരിയുടെ സാധാരണ ജീവിതം. എന്നാല്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഫൊട്ടോഗ്രാഫര്‍ സുബാഷ് കൊടുവളളിയുടെ ‘പോപ്പിന്‍സ് ആഡ് മേക്കര്‍’ എന്ന സ്ഥാപനം ക്രിസ്റ്റീനയുടെ മേക്കോവറിന് മുന്നിട്ടിറങ്ങി. കടുത്ത ജീവിത യാതനകളെ പുഞ്ചിരിയോടെ നേരിട്ട്, സ്വയം തൊഴില്‍ ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്ന ക്രിസ്റ്റീന അമ്മച്ചി പകർന്നു നൽകിയ പ്രചോദനമാണ് ഫോട്ടോ ഷൂട്ടിന് പ്രേരണയായതെന്ന് സുബാഷ് പറയുന്നു.

ഫൊട്ടോഗ്രഫർ സുബാഷ് കൊടുവള്ളിക്കൊപ്പം ക്രിസ്റ്റീന

മുറുക്കി തുപ്പി, എല്ലാവരോടും കുശലം പറഞ്ഞ്, താന്നി മരച്ചുവട്ടിലിരുന്ന് ചെരുപ്പു തുന്നുന്ന ക്രിസ്റ്റീനയുടെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. മേക്കപ്പ് ചെയ്ത്, സ്റ്റൈലിഷ് വസ്ത്രങ്ങളണിഞ്ഞുള്ള ക്രിസ്റ്റീനയുടെ ഫോട്ടോ സാമൂഹ്യമാധ്യമത്തിൽ വൈറലായി. അതോടെ അഭിനന്ദന പ്രവാഹവും. സുബാഷ് കൊടുവളളിയുടെ ഭാര്യ വിബിനയാണ് എല്ലാത്തിനും പിന്തുണയേകിയത്. ചിന്‍സും അബിനേഷും സഹായികളായി. താമരശ്ശേരിയിലെ എയ്ഞ്ചല്‍ ബ്യൂട്ടി പാര്‍ലറാണ് മേക്കോവര്‍. അബോണി ക്ലോത്ത് ആണ കോസ്റ്റ്യൂം ഒരുക്കി. 

christina-make-over-1

ക്രിസ്റ്റീനയുടെ ജീവിത കഥ അടുത്തറിയുമ്പോള്‍ ഈ മേക്കോവറിന് മാറ്റ് കൂടും. തുടരുന്ന ഒരു പാലായനമായിരുന്നു അവരുടെ ജീവിതം.  35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തുനിന്ന് താമരശ്ശേരി അമ്പായത്തോട്ടില്‍ ജോലിക്ക് വന്നതാണ് ക്രിസ്റ്റീന. അമ്പായത്തോട്ടിലെ ജോലി കഴിഞ്ഞതോടെ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളി സംഘത്തോടൊപ്പം കൊടുവള്ളിയിലെത്തി. അവിടുത്തെ ജുമാ മസ്ജിദിന്റെ കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. പിന്നെ പല ജോലികൾ. ഇതിനിടെ തമിഴ് തൊഴിലാളികളില്‍നിന്നും ചെരിപ്പ് തുന്നാൻ പഠിച്ചു. ആ ജോലിയുമായി ഇപ്പോൾ വർഷങ്ങളായി കൊടുവള്ളിയിലുണ്ട്. 

നാട്ടുകാരോട് കുശലും പറഞ്ഞും സൗഹൃദം സ്ഥാപിച്ചും ക്രിസ്റ്റീനയുടെ ജീവിതം പൊന്നിന്റെ നാട്ടില്‍ തുടരുന്നു. ശാരീരിക അസുഖങ്ങള്‍ പലതും അലട്ടുന്നുണ്ട്. ഇത്രയും കാലമായിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങാന്‍ സാധിച്ചിട്ടില്ല. വീട് വാടകയ്ക്ക് എടുത്ത് വിവിധയിടങ്ങളിൽ മാറി മാറി താമസിക്കും. സ്വന്തമായി ഭൂമിയും ഒരു കൊച്ചുവീടുമാണ് സ്വപ്‌നം. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരണപ്പെട്ടിരുന്നു. ഒരു മകനും മകളുമുണ്ട്. അവര്‍ തിരുവനന്തപുരത്താണ്. ഇടയ്‌ക്ക് അമ്മയെ കാണാന്‍ അവര്‍ കൊടുവള്ളിയിലെത്തും. ജീവിത യാതനകളോട് പുഞ്ചിരിയോടെ പോരാടുന്ന ക്രിസ്റ്റീന അതിജീവനത്തിന്റെയും റോള്‍ മോഡലാവുകയാണ്.

christina-make-over-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com