ADVERTISEMENT

കഥകളി അരങ്ങിൽ കലാ മണ്ഡലം ഗോപി ആശാൻ തിളങ്ങാത്ത ഒരു സീസൺ തിരുനക്കര മഹാദേവക്ഷേത്ര ഉത്സവ വേദിയിൽ പതിറ്റാണ്ടുകളായി എത്തുന്ന കാണികൾക്ക് ചിന്തിക്കാൻ സാധ്യമല്ല. എന്നാൽ ഇക്കുറി ഗോപി ആശാന്റെ അതിപ്രശസ്ത വേഷങ്ങളിൽ ഒന്നായ കർണ ശപഥത്തിലെ കർണനായി ആശാന്റെ പ്രിയ ശിഷ്യനും ആ അഭിനയ ശൈലിയിലെ അടുത്ത തലമുറയിലെ പ്രതിഭയുമായ കലാമണ്ഡലം കൃഷ്ണകുമാർ എത്തുന്നത് പ്രതീക്ഷ നൽകുന്നു. കുന്തിയായി അരങ്ങത്തെത്തുന്നതും ഗോപിയാശാന്റെ കളരിയിൽ തെളിഞ്ഞ കലാമണ്ഡലം ഷണ്മുഖനാണ്‌. ഭാവാഭിനയത്തിലും വേഷപ്പൊലിമയിലും കലാമണ്ഡലം ഷണ്മുഖൻ ഒരേ പോലെ അനുഗ്രഹീതനാണ്. ‘പച്ചയും മിനുക്കും മുതൽ കളിയിലെ എല്ലാ വേഷവും ഒരു പോലെ വഴങ്ങുന്നവർ തീരെ കുറവാണ് എന്നാൽ ഷണ്മുഖൻ എല്ലാവേഷത്തിനും ഒരു പോലെ അനുയോജ്യനാണ്’ എന്ന അനുഗ്രഹ വാക്ക് സാക്ഷാൽ ഗോപി ആശാനിൽനിന്നു പരസ്യമായി നേടിയെടുക്കാൻ കഴിഞ്ഞ കലാമണ്ഡലം ഷണ്മുഖൻ മനോധർമ നേരത്ത് പലപ്പോഴും ഗോപി ആശാനെ അനുസ്മരിപ്പിക്കും 

മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന ബാലസാഹിത്യരചയിതാവായിരുന്ന  വി. മാധവൻ നായർ രചിച്ച ആട്ടക്കഥയാണ് കർണ്ണശപഥം. കോട്ടയം കഥകൾ പോലെയോ ഉണ്ണായി വാര്യർ രചന പോലെയോ അരങ്ങിൽ മുൻ നിരയിൽ ഇടം പിടിച്ച ആട്ടക്കഥയായി കർണ ശപഥം പെട്ടെന്ന് തന്നെ പ്രചാരം നേടി. പദങ്ങളിലെ ലളിത ഭാഷ, ഓരോ രംഗത്തിലും നിറഞ്ഞു നിൽക്കുന്ന നാടകീയത. അഭിനയ സാധ്യതയുടെ അപാരത തെളിയിക്കുന്ന അനുയോജ്യ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ സംഗീതം എന്നിവയാണ് കർണ്ണശപഥത്തെ പ്രിയങ്കരമാക്കുന്നത്. ഗോപി ആശാന്റെ കർണൻ, കോട്ടക്കൽ ശിവരാമന്റെ കുന്തി, ഭാവപൂരിതമായ സംഗീതം എന്ന ലഹരി ഇന്നും കാണികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മനോധർമ വട്ടത്തിൽ ഇവർ ഇരുവരും ചേർന്ന് മഹാഭാരത കഥയിലെ സർവ ധാർമിക സമസ്യകളും ചോദ്യോത്തരങ്ങളായി അവതരിപ്പിച്ചിരുന്നു.

kathakali-2
ഫോട്ടോ: രാധാകൃഷ്ണ വാര്യർ

മഹാഭാരത യുദ്ധം ആസന്നമായ കാലമാണ് കഥയുടെ പശ്ചാത്തലം. ദുര്യോധനന് യുദ്ധത്തിൽ ആപത്ത് വരുമോ എന്ന് ഭയപ്പെടുന്ന പത്നിയോട് തന്റെ ആത്മ മിത്രവും അജയ്യനുമായ കർണൻ ഒപ്പമുള്ളപ്പോൾ ഒരു ആപത്തും വരികയില്ല എന്ന് സമാധാനിപ്പിക്കുന്നിടത്താണ് കഥയുടെ തുടക്കം. അവിടെ എത്തുന്ന കർണ്ണനും  "സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ" എന്ന് ചോദിച്ച്  ഭാനുമതിയെ സമാധാനിപ്പിക്കുന്നു. സൗഹൃദം എന്ന വാക്കിന്റെ ആഴം വ്യക്തമാക്കുന്ന കഥയാണ് കർണ്ണശപഥം എന്നതിന്റെ വിതാനങ്ങൾ ഇവിടെ തെളിഞ്ഞു തുടങ്ങുകയായി.

അടുത്ത രംഗത്തിൽ കഥയിലെ നാടകീയത പരകോടിയിലെത്തും. സ്വന്തം മാതാപിതാക്കൾ ആരെന്നറിയാത്ത വ്യഥയുമായി കുരുക്ഷേത്ര യുദ്ധത്തിനൊരുങ്ങുന്ന കർണൻ ആ  മഹാവ്യഥയിൽ 

‘‘എന്തിഹ മൻ മാനസേ 

സന്ദേഹം വളരുന്നു  

അങ്ഗേശനാമീ  ഞാനെങ്ങു പിറന്നവനോ ?

ഇങ്ങാരറിവൂ ഞാനാരേങ്ങെന്‍റെ വംശമെന്നോ ?

മാതാവ് രാധ താനോ ? താതനതിരഥനോ ?

ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ ?

കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ?

കാണാതെ മരിക്കുവാനാണോ ശിരോലിഖിതം ?..’’

എന്ന ആത്മവിലാപത്തോടെ ചിന്താധീനനായിരിക്കുന്നിടത്തേക്ക്  എത്തുന്ന പാണ്ഡവ മാതാവായ കുന്തീദേവി 

"ഓതുന്നേനൊരു സത്യം താതന്‍ നിനക്കെടോ

ആദിത്യ ദേവനല്ലോ മാതാവു ഞാനുമത്രേ

ഭ്രാതാക്കന്മാരല്ലോ പാണ്ഡ വരൈവരും

വരിക വൈകരുതിനിയുമവരൊടു വൈരമരുതരുതേ സുതാ !

അരികളവരിതി കരുതിയതുമതി പൊരുതീടുന്നതു പാപമേ"

എന്ന ഞെട്ടിക്കുന്ന സത്യം പറയുന്നത് ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും നാടകീയത നിറഞ്ഞ നിമിഷമാണ് .

പാണ്ഡവപക്ഷത്തേക്ക് കർണ്ണനെ ക്ഷണിക്കുന്ന പെറ്റമ്മയുടെ കണ്ണുനീരിൽ അലിയാതെ ആ ക്ഷണം നിരസിക്കുന്ന കർണൻ തുടർന്ന് അർജ്ജുനനെ അല്ലാതെ മറ്റ് പാണ്ഡവരെ ആരേയും താൻ യുദ്ധത്തിൽ വധിക്കില്ല എന്ന് കുന്തിയോട് സത്യം ചെയ്യുന്നു. ഇതെല്ലാം ദുര്യോധന മഹാരാജാവിന്റെ ചാരന്മാർ അറിഞ്ഞിരുന്നു എന്ന് നമ്മൾ കാണുന്നത് അടുത്ത രംഗത്തിലാണ്. സന്ധ്യാവന്ദനം കഴിഞ്ഞ് കർണ്ണൻ തിരിച്ച് തന്റെ വാസസ്ഥലത്തേക്ക് പോയതിന് ശേഷം മറുവശത്ത് കൂടെ ദുശ്ശാസനന്‍ പ്രവേശിച്ച് കര്‍ണ്ണന്‍ പോയവഴി നോക്കിക്കൊണ്ട് : “ എടാ, നിന്‍റെ തനിനിറം പുറത്തായി . ഇതിന് തക്ക ശിക്ഷയുണ്ട്’’ എന്നു പറഞ്ഞ് ക്രോധത്തോടെ ജ്യേഷ്ഠനെ തേടിപ്പോകുന്നു.

എന്നാൽ ദുശ്ശാസന്റെ വാക്ക് കേട്ട ദുര്യോധനൻ "ശഠ ! ശഠ ! മതിയെട കഠിനം വചനം

നിഷ്ഠൂര ! നിന്നുടെ ദുശ്ചേഷ്ടിതമിതു കഷ്ടാല്‍ കഷ്ടതരം

ജ്യേഷ്ഠനൊടിത്ഥമനിഷ്ടം കാട്ടിയ ധൃഷ്ടത ചിത്രം ചിത്രം

ഇരുദേഹങ്ങള്‍ ധരിച്ചൊരു ദേഹിയല്ലോ കര്‍ണ്ണനുമീ ഞാനും

അറിയുകൊരര്‍ദ്ധം അപരാര്‍ദ്ധത്തെ മൂഢാ വഞ്ചിക്കില്ലല്ലോ

കണ്ടക, കര്‍ണ്ണനുനീയിനി ദൂഷണമുണ്ടാക്കിടുമെന്നാലോ"

എന്ന് ശാസിക്കുകയാണ് ചെയ്യുന്നത്.

ഒടുവിൽ ദുര്യോധനെ കണ്ട കർണൻ 

‘അനുജാതരോടുരണം നിനവില്‍ പാപമെങ്കില്‍ നീ

ഇനിയെന്നെ വെടിഞ്ഞീടാമനുമതി തരുന്നിതാ

മരണം വരുവോളവും കുറയില്ലണുവോളവും’ എന്ന വാക്കുകളോടെ നിന്റെ സഹോദരരായ പാണ്ഡവർക്കൊപ്പം പോകാനാണ് ആഗ്രഹമെങ്കിൽ ഇതാ അനുമതി തരുന്നു എന്ന് പറയുന്ന ആത്മമിത്രത്തോട് 

"പ്രാണസഖ ! നിന്നുടയ പ്രാണസഖിയോടുചേർ-

ന്നാകര്‍ണ്ണനം ചെയ്ക കര്‍ണ്ണശപഥം 

സാക്ഷിയാക്കീടുന്നു മമ താതനെ ജഗല്‍ -

സാക്ഷിയാമാദിത്യഭഗവാനെ

ജനനിയെ ഭവാനായ് പരിത്യജിക്കുന്നു ഞാ-

നനുജരാമൈവരെയുമിതു സത്യം !

അര്‍ജ്ജുനനുമൊന്നിച്ചു വസുധയില്‍ വാഴുകി-

ല്ലിജ്ജനമിനിമേലിലിതു സത്യം !

വീര്യ സ്വര്‍ഗ്ഗത്തില്‍ നിന്മുന്നില്‍ ഞാനെത്തിടും

ദുര്യോധനാ ! സത്യമിതു സത്യമിതു സത്യം !"– എന്ന് സത്യം ചെയ്യുന്നിടത്താണ് കർണ്ണശപഥത്തിനു തിരശീല വീഴുന്നത് .

ഏറ്റവും ഒടുവിൽ യുദ്ധം മുന്നിൽ എത്തുമ്പോൾ തന്റെ പുത്രന്മാരുടെ രക്ഷക്കായി മുന്നിൽ എത്തുന്ന കുന്തീ ദേവിയോടുള്ള കർണന്റെ പ്രതികരണം. തന്റെ ഉള്ളിൽ ഇത്രനാൾ അടക്കിയ അഗ്നിതുല്യമായ മഹാരഹസ്യം തുറന്നു പറയുന്ന കുന്തിയുടെ മനോനില. തന്റെപ്രാണ മിത്രം എതിരാളികളുടെ കൂടപ്പിറപ്പാണ് എന്ന് കേൾക്കുന്ന ദുര്യോധനന്റെ നായകാനുചിതമായ പ്രതികരണം. ഓരോ പദവും വികാരകലുഷിതമാണ് ഇവിടെ .

കർണന്റെ വേഷവും കുന്തിയുടെ വേഷവുമാണ് അരങ്ങിൽ പ്രധാനം. കേരളകലാമണ്ഡലത്തിൽ നിന്നും ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള കുമ്മിണി അവാർഡ് നേടി അരങ്ങിൽ എത്തിയ കലാമണ്ഡലം കൃഷ്ണകുമാർ. അഡയാർ കലാക്ഷേത്രയിൽ നിന്നും ഭരതനാട്യത്തിലും പരിശീലനം നേടിയിട്ടുണ്ട്. കലാമണ്ഡലം പദ്മനാഭൻ നായർ കലാമണ്ഡലം ഗോപിയാശാൻ. വാഴേങ്കട വിജയൻ ആശാൻ എന്നിവരിൽ നിന്നും പരിശീലനം നേടിയ കലാമണ്ഡലം കൃഷ്ണകുമാർ അരങ്ങിൽ പച്ച വേഷങ്ങളുടെ നിറവ് തെളിയിക്കുന്നതിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രതിഭയാണ്.

ദുര്യോധനൻ-കത്തിഭാനുമതി-സ്ത്രീവേഷം മിനുക്ക് ദുശ്ശാസനൻ-ചുവന്നതാടി കർണ്ണൻ-പച്ച കുന്തി -സ്ത്രീവേഷം മിനുക്ക് എന്നിങ്ങനെ കുറച്ചു കഥാപാത്രങ്ങളിലൂടെ അതി ഗാഢമായ വികാര സംഘർഷങ്ങൾ അവതരിപ്പിക്കുന്ന ആട്ടക്കഥയാണ് കർണ ശപഥം .

അരങ്ങിൽ: 

ദുര്യോധനൻ-കലാമണ്ഡലം നീരജ്‌ 

 

ഭാനുമതി: കലാമണ്ഡലം അരുൺ രാജു 

 

കര്‍ണൻ: കലാമണ്ഡലം കൃഷ്ണകുമാർ .

 

ദുശ്ശാസനൻ: കലാമണ്ഡലം അഖിൽ 

 

കുന്തി : കലാമണ്ഡലം ഷണ്മുഖൻ 

 

പാട്ട് : വേങ്ങേരി നാരായണൻ ,കോട്ടക്കൽ വിനീഷ് .

 

ചെണ്ട : കലാമണ്ഡലം കൃഷ്ണദാസ് .

 

മദ്ദളം: കലാനിലയം മനോജ് 

 

ചുട്ടി: ചിങ്ങോലി പുരുഷോത്തമൻ കലാനിലയം സജി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com