ADVERTISEMENT

‘ചെഞ്ചായം കൊണ്ട് ചുവന്ന് തുടുത്ത കവിളിണകൾ... കണ്ണിണകളില്‍ മസ്കാര ചന്തം. അഴകും അളവും ചോരാതെ ഷേപ്പ് ചെയ്തെടുത്ത പുരികക്കൊടികൾ. ചുണ്ടുകളിൽ ലിപ്സ്റ്റികിന്റെ അഴക്...’

ഈ അഴകിന് ആമുഖം എഴുതുമ്പോൾ ഈ വിശേഷണങ്ങൾ ഒരുപക്ഷേ പോരാതെ വരും. പെണ്‍കുട്ടികൾ പോലും പരീക്ഷിക്കാത്ത ചമയക്കൂട്ടുകൾ കൊണ്ട് അലങ്കാരവും അണിഞ്ഞൊരുക്കവും നടത്തുന്നത് ആണൊരുത്തനാണ് എന്നു പറയുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ജാസിൽ ജാസിയെന്ന മലപ്പുറംകാരൻ പ്രവാസിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ അടിമുടി പെൺമയുടെ അടയാളപ്പെടുത്തലാണ്. രൂപം കൊണ്ട് ആണെങ്കിലും അംഗലാവണ്യത്തിലും റീൽസ് പ്രകടനങ്ങളിലും അണിഞ്ഞൊരുക്കത്തിലും പെൺമയുടെ നിറക്കൂട്ട് ചാലിക്കുന്നു ഈ ‘ജിന്നിന്റെ സുൽത്താൻ.’ ടിക് ടോകിലായിരുന്നു തുടക്കം. ടിക് ടോക് സലാം ചൊല്ലി പിരിഞ്ഞപ്പോൾ ഇൻസ്റ്റഗ്രാം റീൽസിന്റെ രൂപത്തിൽ വേറിട്ട അഴകിനെ സോഷ്യൽ ലോകം കണ്ടു. ആണായി പിറന്നവന്റെ ഈ മേക്കോവർ വിപ്ലവത്തെ കണ്ടിട്ടു ദഹിക്കാത്തവരും ഏറെ. ചിലർ ജെൻഡർ ഐഡന്റിറ്റി കൽപ്പിച്ചു നൽകി, ചിലർ ചീത്തവിളികളുമായെത്തി. എന്തിനേറെ ഗേയെന്നും ട്രാൻസ്ജെൻഡറെന്നു വരെ വിളിച്ചു വിധിയെഴുതി. പരിഹാസങ്ങൾ മലവെള്ളം പോലെ പാഞ്ഞെത്തുമ്പോഴും ചെറുചിരികൊണ്ട് അവയെല്ലാം നേരിടുന്നതാണ് സാക്ഷാൽ ജാസിൽ സ്റ്റൈൽ. അപ്പോഴും ഒരു ചോദ്യം ബാക്കി സോഷ്യൽ മീഡിയ വിധിയെഴുതിയ ഈ ‘വേഷംകെട്ടിനു’ പിന്നിൽ എന്താണ് കാരണം. ജാസിൽ തന്നെ പറയുന്നു ‘വനിത ഓൺലൈനോട്

അറബിക് എൻട്രി

‘വെറുതെ ആണുങ്ങളൊക്കെ പറയിപ്പിക്കാൻ... നീയൊക്കെ പുരുഷ സമൂഹത്തിന് തന്നെ നാണക്കേടാണ്...നീ ഗേ ആണോ, ട്രാൻസ് ജെൻഡർ ആണോ... പോയി പെണ്ണായിക്കൂടെ.’ കണ്ണുതുറന്നെഴുന്നേൽക്കുമ്പോഴേ എന്റെ കമന്റ് ബോക്സിൽ ‘ആറാടുന്ന’ സദാചാര ആങ്ങളമൊരെ കാണാം. എല്ലാവർക്കും പ്രശ്നം എന്റെ ലുക്കായിരുന്നു. പുരുഷത്വത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ ചിലർ എന്റെ താടിയും വടിപ്പിച്ചേ അടങ്ങൂ എന്നായി. എന്തിനേറെ ഒന്നുമറിയാത്ത എന്റെ ഉപ്പയേയും ഉമ്മയേയും വരെ ഇതിലേക്ക് വലിച്ചിട്ടു. എല്ലാവർക്കും എന്റെ രൂപമായിരുന്നു പ്രശ്നം. അവരോട് ലുക്കിലല്ല വർക്കിലാണ് കാര്യമെന്ന പൊതുതത്വം ആദ്യമേ പറയട്ടെ– ജാസിൽ പറഞ്ഞു തുടങ്ങുകയാണ്.

മുഴുവന്‍ പേര് മുഹമദ് ജാസിൽ. എല്ലാവരും വിളിക്കുന്നതും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നതും ജാസിൽ ജാസി എന്നാണ്. എന്റെ അക്കൗണ്ട് പേരും അങ്ങനെ തന്നെയാണ്. മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ഉപ്പ, ഉമ്മ രണ്ട് ഇത്താത്തമാർ അവരുടെ കുടുംബം കുട്ടുമണികള്‍ എല്ലാവരുമൊക്കെയായി ഹാപ്പിയാണ് ഞാൻ. ദുബായി ദേറയിൽ ഒരു പെർഫ്യൂം കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കൂടാതെ മേക്കപ്പ് ആർട്ടിസ്റ്റ്, ഇൻഫ്ലൂവൻസർ തുടങ്ങിയ മേൽവിലാസങ്ങളും ഉണ്ട്.

ടിക്ടോക് കാലംതൊട്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നിരവധി വിഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമായും ബ്യൂട്ടി ടിപ്സ് വിഡിയോകളാണ്. അന്നൊന്നും ആരും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇടയ്ക്ക് ഒന്നു രണ്ട് മേക്കപ്പ് ടിപ്സ് ശ്രദ്ധിച്ചിരുന്നു എന്നതൊഴിച്ചാൽ എന്നെ ആരും തിരിച്ചറിഞ്ഞിട്ടു പോലുമില്ല. പക്ഷേ ഭാഗ്യപരീക്ഷണങ്ങളുടെ സോഷ്യൽ മീഡിയ ഒരിക്കൽ എനിക്കൊരു എൻട്രി തന്നു. ഒരു അറബി വിഡിയോയാണ് സോഷ്യൽ മീഡിയയിലെ തലവര മാറ്റിയത്. അറബി മോഡലിൽ തലയിൽ കെട്ട് കെട്ടുന്ന വിഡിയോ ഒരുപാട് കാഴ്ചക്കാരെ ഉണ്ടാക്കി. ഏകദേശം ഒരുകോടിയിലേറെ പേർ ആ വിഡിയോ കണ്ടു. അതുമാത്രമല്ല, എനിക്ക് അറബ് ലോകത്തു നിന്നും സ്വദേശത്തു നിന്നുമൊക്കെ ആയിരക്കണക്കിന് ആരാധകരേയും തന്നു.

തളർത്തിയപ്പോൾ വളർന്ന ജാസി

ആദ്യമൊക്കെ നോർമലായി തന്നെയാണ് വിഡിയോസ് പോസ്റ്റ് ചെയ്തിരുന്നത്. ആണുങ്ങളുടെ രൂപത്തിൽ അന്നു പങ്കുവച്ച വിഡിയോയൊക്കെ വലിയ ഓളമുണ്ടാക്കാതെ പോയി. അപ്പോഴാണ് പെണ്ണുഴകിൽ അണിഞ്ഞൊരുങ്ങി വിഡിയോ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. ഒരു വെറൈറ്റി, അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. താടി വച്ചുകൊണ്ട് പെൺകുട്ടികളുടെ വോയ്സിൽ വിഡിയോസ് പങ്കുവച്ചപ്പോൾ പലരും ഏറ്റെടുത്തു. മോശം കമന്റുകളോ അധിക്ഷേപങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. അത് തുടർന്നപ്പോൾ സപ്പോര്‍ട്ട് ചെയ്തവരുടെ അടക്കം ഭാവം മാറി. താടി വടിച്ചൂടെ, പെണ്ണാണോ... ഗേ ആണോ ട്രാൻസ് ജെൻഡർ തുടങ്ങിയ കമന്റുകൾ. ചിലർ കേട്ടാലറയ്ക്കുന്ന ചീത്തവിളികൾ വരെ നടത്തി. നെഗറ്റീവ് കമന്റുകൾ കൊണ്ട് പൊറുതിമുട്ടിയെങ്കിലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. എന്റെ അക്കൗണ്ട് ഒന്നുകൂടി റീച്ചായി. എന്നെ ഒരുപാട് പേർ തിരിച്ചറിയാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ അന്നും ഇന്നും തളർത്താൻ നോക്കിയവരിലൂടെയാണ് ഞാൻ വളർന്നത്. എന്റെ വ്യക്തിത്വം ആരെയും ബോധിപ്പിക്കാനില്ല. എന്നെക്കുറിച്ച് എനിക്ക് ബോധ്യമുള്ളിടത്തോളം എനിക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ.

അപ്പോഴും പലരും ആവർത്തിക്കുന്നൊരു ചോദ്യം, എന്തിന് ഇങ്ങനെ പെൺ വേഷത്തിലും ഭാവത്തിലും എത്തുന്നു എന്നതാണ്. എന്റെ മുഖത്ത് എനിക്ക് ഇഷ്ടപ്പെടുന്ന... അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com