ADVERTISEMENT

തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച കഥകളി മഹോത്സവത്തിന് തെക്കൻ കളരിയുടെ ഉശിരുപതഞ്ഞ കലാശക്കളിയോടെ തിരശീല വീണു കലാമണ്ഡലം വിഷ്ണു മോഹനും കലാമണ്ഡലം അനന്ത കൃഷ്ണനും ചേർന്ന്  മനോഹരമായ മുദ്രകളും ചിട്ടയുടെ മികവും സൗന്ദര്യവും വെളിവാക്കുന്ന കലാശ ചുവടുകളും പ്രദർശിപ്പിച്ച പുറപ്പാടോടെയായിരുന്നു അരങ്ങുണർന്നത്. 

kiratham-4

തുടർന്ന്  കിരാതം കഥയുടെ ജനകീയപ്രകടനപരതയുടെ കൊടുങ്കാറ്റാണ് അരങ്ങിൽ നിറഞ്ഞത്. കലാമണ്ഡലം രവികുമാറും കലാമണ്ഡലം അനിലും കാട്ടാളനും കാട്ടാളസ്ത്രീയുമായി അക്ഷരാർത്ഥത്തിൽ കാണികളിക്കിടയിലേക്ക് പടർന്നുവിലസുകയിരുന്നു കളിയിൽ ഉടനീളം. കലാമണ്ഡലം വൈശാഖിന്റെ അർജുനൻ തികച്ചും വ്യത്യസ്തമായ ഇളകിയാട്ടങ്ങളിലൂടെ ഒപ്പം നിന്നു. വേദിയിലെ ഉജ്വല അഭിനയത്തിനൊപ്പം തോൾ ചേർന്നു നിന്ന സംഗീതമായിരുന്നു കലാമണ്ഡലം വിശ്വാസും കലാമണ്ഡലം യശ്വന്തും ചേർന്ന് ഉയർത്തിയത്.

ഇരട്ട മദ്ദളവും ഇരട്ട ചെണ്ടയുമായി ഒരു മാസ്സ് സൂപ്പർസ്റ്റാർ സിനിമയുടെ അരങ്ങാണ് കളിയുടെ സംഘാടകനായ രാധാകൃഷ്ണ വാര്യർ കലാശക്കളിക്ക് ഒരുക്കിയത്  

kiratham-2
ചിത്രം: രാധാകൃഷ്ണ വാര്യർ

അർജ്ജുനൻ തപസ്സിനായി പുറപ്പെടുന്ന രംഗത്തോടെയാണ് കളി ആരംഭിച്ചത് പൊതുവെ ഈ രംഗത്തിൽ ശ്രീപരമേശ്വരെ സ്മരിച്ചുകൊണ്ട് വടക്കുദിക്കുനോക്കി സഞ്ചരിക്കുന്ന പാർത്ഥൻ ഹിമവൽ പ്രദേശത്തെ ഭയങ്കരമായ കാടുകളും വലിയനദികളും കടന്ന് കൈലാസ പാർശ്വത്തിലുള്ള ഗംഗാതടത്തിലെത്തുന്ന കാഴ്ചകളാണ്  ഇളകിയാട്ടത്തിൽ കാണാറുള്ളത്. ഓരോ കാഴ്ചയും വിവരിച്ച് എല്ലാം ശ്രീപരമേശ്വരനിൽ അർപ്പിക്കുന്ന ഭക്തിയാവും അരങ്ങിൽ തെളിയുക. പക്ഷേ തൊട്ടടുത്ത രംഗത്തിൽ പരമേശ്വരൻ പാർവതീ ദേവിയോട് പറയുന്നത് അർജുനന്റെ ഉള്ളിലെ ഗർവിനെക്കുറിച്ചാണ്. അതിനു അനുയോജ്യമായി കലാമണ്ഡലം വൈശാഖ് അവതരിപ്പിച്ച അർജുനൻ കഥയുടെ രസച്ചരട് കേന്ദ്രീകൃതമായിരിക്കുന്ന അർജുനന്റെ അഹംഭാവത്തെയാണ് വിശദമായി ചിത്രീകരിച്ചത്. പാഞ്ചാലീ സ്വയം വരവേളയിൽ ദ്രുപദമഹാരാജാവ് അതിവിദഗ്ധമായി ഒരുക്കിയ മത്സ്യയന്ത്രം എന്ന വെല്ലുവിളിയിൽ എല്ലാ രാജാക്കന്മാരും പരാജയപ്പെട്ടതും  ഉയരത്തിൽ കറങ്ങുന്ന യന്ത്ര മത്സ്യത്തിന്റെ പ്രതിച്ഛായ തെളിയുന്ന ജലത്തിൽ നോക്കി അതിന്റെ കണ്ണിലേക്ക് താൻ അമ്പെയ്ത് തറച്ചതും അഗ്നിദേവന്റെ വിശപ്പടക്കാനായി ധനുർശാസ്ത്രവൈദഗ്ദ്യം കൊണ്ട് ഖാണ്ഡവ വനം എരിയിച്ചതും ഒക്കെ സാദാ സ്മരിക്കുന്ന അർജുനൻ, തന്റെ പാടവത്തെക്കുറിച്ചും ശരീര സൗഷ്ഠവത്തെക്കുറിച്ചുമുള്ള അഹങ്കാരബോധം വിട്ടൊഴിയുന്നില്ല. ഈ അഹംബോധവും ചതിയിലൂടെ പാണ്ഡവർക് ഈ ഗതിവരുത്തിയ കൗരവരോടുള്ള വൈരാഗ്യബുദ്ധിയും നിറഞ്ഞ മനസുമായാണ് അർജ്ജുനൻ ശ്രീപരമേശ്വരനെ തപസ്സുചെയ്യുന്നത്. 

kiratham-1
ചിത്രം: രാധാകൃഷ്ണ വാര്യർ

രണ്ടാം രംഗത്തിലായിരുന്നു കലാമണ്ഡലം രവികുമാറിന്റെ കാട്ടാളനും  കലാമണ്ഡലം അനിലിൻറെ കാട്ടാള സ്ത്രീയും പ്രത്യക്ഷപ്പെട്ടത്. യഥാർത്ഥത്തിൽ അരങ്ങിൽ പ്രത്യക്ഷപ്പെടും മുൻപ് തിരശീലക്കു പിന്നിൽ നിന്നും ഗോഗ്വാഘോഷത്തിനു സമാനമായുയർന്ന കൂക്കലർച്ചയോടെ തന്നെ കലാമണ്ഡലം രവികുമാർ കാണികളോട് തെക്കൻ ചിട്ടയുടെ സർവ സ്വാതന്ത്ര്യവും മുതലാക്കുന്ന പ്രകടനമാണ് താൻ നടത്താൻ പോകുന്നതെന്ന പ്രഖ്യാപനം നടത്തി. തെക്കന്‍ ചിട്ടയിൽ  പാട്ടിന്റെ  അക്ഷര ശുദ്ധിയും സോപാന സമ്പ്രദായത്തിലുള്ള ആലാപനരീതിയും ശ്രദ്ധേയമാണ്. കളിയിലാകട്ടെ കലാശങ്ങളുടെ ചിട്ടക്കണക്ക് ചൊല്ലിയാട്ടനേരത്തു ഉൾപ്പെടെ മുദ്രക്കയ്യിൽ ഉറപ്പാക്കിയ വടിവ് എന്നിവ വടക്കൻ ശൈലിയോളം ഇവിടെ പ്രധാനമല്ല. ഇളകിയാട്ട നേരത്താകട്ടെ അഭിനയ സാധ്യതകളിൽ അഭിനേതാവിനു ധാരാളം സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുന്നു.

kiratham-3
ചിത്രം: രാധാകൃഷ്ണ വാര്യർ

കഥയിലേക്ക് വരാം. അർജുനന്റെ തപസ്സിൽ അലിവ് തോന്നിയ ലോകമാതാവായ പാർവതീ ദേവി പരമേശ്വരനോട് വരദാനം ചെയ്യാൻ അപേക്ഷിക്കുന്നു. അർജുനനെ പരീക്ഷിച്ച് വരദാനം ചെയ്യാം എന്ന് പരമശിവൻ സമ്മതിക്കുന്നു. ഇരുവരും കാട്ടാളനും കാട്ടാള സ്ത്രീയുമായി വേഷം മാറി രംഗത്തെത്തുകയും ചെയ്യുന്നതോടെയാണ് രണ്ടാം രംഗം തുടങ്ങുന്നത്. പെട്ടെന്ന് വരം കൊടുക്കൂ എന്ന് പാർവതി തിരക്കിടുമ്പോൾ പണ്ട് ഭസ്മാസുരന് വരം നൽകി അമളി പറ്റിയ കഥയാണ് കാട്ടാള ശിവൻ ഓർമിപ്പിക്കുന്നത്.

കാട്ടാളവേഷം ധരിച്ച ശിവപാർവതിമാരുടെ ശൃംഗാര ലീലകളും യാത്രക്കുള്ള ഒരുക്കവുമെല്ലാം തെക്കൻ ചിട്ടയുടെ വിശാലഭൂമികയിൽ കാണികളെ ഏറെ രസിപ്പിച്ച് വേദിയിൽ തെളിഞ്ഞു. കുട്ടിക്കാട്ടാളന്മാരായി എത്തിയ കലാമണ്ഡലം വിഷ്ണുമോൻ, ഹരികൃഷ്ണൻ എന്നിവരുടെ ഹാസ്യപ്രകടനം ഇവിടെ മികച്ച പിന്തുണയാണ് നൽകിയത് .

പാർവതിയുടെ പരിഭവകഥകൾക്കിടെ രാവണന്റെ കൈലാസോദ്ധാരണം ആടിയതും അരങ്ങിനു മിഴിവേകി.

മൂകാസുരന്റെ പിന്നാലെയുള്ള കാടിളക്കലായിരുന്നു കാണികളെ ത്രസിപ്പിച്ച മറ്റൊരനുഭവം. 

kiratham-7
ചിത്രം: രാധാകൃഷ്ണ വാര്യർ

അതിനു ശേഷം പന്തുവരാളിയും ചെമ്പടയും ചേർന്ന് രസമുറുക്കത്തോടെ തകർക്കുന്ന  

‘‘പോടാ നീയാരെടാ മൂഢ ഞാനെയ്ത കി

ടിയെക്കൂടെ വന്നെയ്തിടാമോടാ

പാടവമേറുമെങ്കിൽ പേടികൂടാതെന്നൊടു ഝടിതി

ചാടുപോർ തുടരുകയല്ലീ കടുത വല്ലടവുമോടിയൊളിക്കടാ’’ 

എന്ന ചടുല പദത്തോടെ അരങ്ങിൽ സംഘർഷം തുടങ്ങുകയായി. പക്ഷേ ഉടനീളം ഹാസ്യഭാവം കൈവിടാതെ എന്നാൽ കളിയുടെ ചിട്ടയിൽ നിർദേശിച്ച വിധം പോരാട്ടം ഗംഭീരമായി പിന്തുടർന്ന് കലാമണ്ഡലം രവികുമാർ മനോധർമത്തിന്റെ പുതിയ ഭൂമികകൾ തുറക്കുകയായിരുന്നു .

എത്ര ഭാര്യയെന്ന ചോദ്യത്തിന്റെ ഉത്തരനേരത്തെ പൊടിക്കൈ പ്രകടനം മുതൽ ദേവി ജലം തേടി പോയ നേരത്ത് ഗംഗയെ ഉണർത്തി ദാഹം ജലം നൽകുന്നത് വരെയായി എത്രയോ ഉദാഹരണങ്ങൾ! തന്റെ കലത്തിലെ വെള്ളം കൊണ്ട് ദേവി ഇതിനു മറുപടി കൊടുക്കുന്ന നേരത്ത് ചെണ്ടയും മദ്ദളവും ചേങ്ങിലയും ഇലത്താളവും നൽകിയ പിന്തുണ എടുത്തു പറയണം.

kiratham-6
ചിത്രം: രാധാകൃഷ്ണ വാര്യർ

അർജുനന്റെ ചൊല്ലിയാട്ടമായ

‘‘ദുഷ്ടാ കാട്ടാള വന്നെന്നെ തൊട്ടതിനാലേ നഷ്ടമാക്കുവൻ നിന്നെ ഞാൻ"

എട്ടുദിക്കിലും പുകൾപെട്ടോരജ്ജുനനഹം

വിഷ്ടപൈകഗുരുമട്ടലരമ്പനെ നഷ്ടമാക്കിയ പുരാനുടെ ഭജനേ’’– എന്ന പദ നേരത്തുപോലും കാണികളുടെ കണ്ണ് കാട്ടാളനിൽ തന്നെ കൊരുത്തു നിന്നു .

 

ഇവരുടെ പോരടിക്കലിനിടെ 

‘‘പൊട്ട ഫൽഗുന കാട്ടാളനല്ലിവൻ

മട്ടലർബാണദേവനെ-

ചുട്ടുപൊട്ടിച്ചവനെ നീയമ്പെയ്തു' 

പൊട്ടിച്ചാൽ നീയും നഷ്ടമാം’’

എന്ന പദത്തിന്റെ വൈകാരികതയിൽ കലാമണ്ഡലം അനലിന്റെ കാട്ടാളസ്ത്രീ തിളങ്ങി 

അതിനു മറുപടിയായി 

‘‘വേടനാരീ നീ പോടി മഹാമൂഢേ

പേടികൂടാതെ പോരിടെ

ചാടിവന്നീടുകിലെയ്തു വശം-

കേടുത്തീടുവൻ പാരം നിന്നുടൽ’’ – എന്ന അർജുനന്റെ നിന്ദാമറുപടിയ്ക്ക് കാട്ടാളനും കാട്ടാളസ്ത്രീയും നടത്തിയ മനോധർമ്മം അക്ഷരാർത്ഥത്തിൽ കൈയ്യടി നേടി. 

‘‘ഹരഹര ശിവ ശംഭോ ശങ്കരാ വിശ്വമൂർത്തേ

ശിവശിവ ശരണം ത്വം ശൈശവം മേ ക്ഷമസ്വ

ഹിമഗിരിസുതയെന്നും ഞാനറിഞ്ഞീല ദേവീ

മമകൃതമപരാധം സർവ്വമേതൽ ക്ഷമസ്വ’’ – എന്ന പദത്തോടെ അർജുനൻ സ്തുതി ചെയ്യുകയും പ്രസീദരായ ശിവപാർവ്വതിമാർ അനുഗ്രഹവും പാശുപതാസ്ത്രവും നൽകുകയും ചെയ്തതോടെ കളിക്ക് മംഗളം പാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com