ADVERTISEMENT

കോട്ടക്കൽ കളരിയുടെ കരുത്തനായ വേഷക്കാരൻ കോട്ടക്കൽ ദേവദാസിന് ആരാധകവൃന്ദം വീരശൃംഖല സമ്മാനിക്കുന്നു. ചെയ്യുന്ന വേഷങ്ങളെല്ലാം പൂർണതയിലെത്തിക്കുന്ന ദേവദാസിനു പച്ച, കത്തി, കരി, താടി വേഷങ്ങളെല്ലാം ഒരുപോലെ വഴങ്ങും. തന്റെ ശരീരപ്രകൃതി കൊണ്ടു ചുവന്ന താടി, വലലൻ (കീചകവധം), ആശാരി (ബകവധം) തുടങ്ങിയ വേഷങ്ങളിൽ കൂടുതൽ തിളങ്ങുന്ന ദേവദാസ് പച്ച, കത്തി, കരി, താടി വേഷങ്ങളിലും അസാമാന്യ മികവു പ്രകടിപ്പിച്ചു വരുന്നു.

വാഴേങ്കട കുഞ്ചുനായർ ആശാനിലൂടെ കഥകളി രംഗത്തു പ്രസിദ്ധമായ വാഴേങ്കട ഗ്രാമത്തിലാണു കോട്ടക്കൽ ദേവദാസിന്റെ ജനനം. ദുഷ്ട കഥാപാത്രങ്ങളാണു ദേവദാസിനു പ്രിയം, അഥവാ അദ്ദേഹത്തിന്റെ ഉഗ്ര കഥാപാത്രങ്ങളാണു പ്രേക്ഷകർക്കു കൂടുതൽ പ്രിയം. ദുശ്ശാസനൻ, വീരഭദ്രൻ, കലി, നക്രതുണ്ഡി എന്നീ വേഷങ്ങൾ പ്രത്യേകിച്ചും. എന്നാൽ, തനിക്ക് ഏറെയിഷ്ടം രാവണൻ, ദുര്യോധനൻ തുടങ്ങിയ കത്തി വേഷങ്ങളാണെന്നാണു ദേവദാസ് പറയുന്നത്. അവിചാരിതമായാണു ദേവദാസ് താടി വേഷം കെട്ടുന്നത്. കോട്ടയ്ക്കൽ മുരളിയെന്ന കലാകാരന് ഒരിക്കൽ അസുഖം മൂലം വേഷം കെട്ടാനായില്ല. ദേവൂസിനു താടിവേഷം ചെയ്യാമോ എന്നായി ഗുരു. ഒട്ടും അമാന്തിച്ചില്ല, കിട്ടിയ ചാൻസ് കളയാതെ അദ്ദേഹം ആ ക്ഷണം സ്വീകരിച്ചു. ആ വേഷം പിന്നീട് അദ്ദേഹത്തിൽ പതിഞ്ഞു എന്നതാണു സത്യം. കേവലം ആഹാര്യ ഗാംഭീര്യവും അലർച്ചയും തുറിച്ചുനോട്ടവുമല്ല താടി വേഷങ്ങൾക്കു വേണ്ടതെന്നും മികച്ച അഭിനയസാധ്യത ആ വേഷങ്ങൾക്കുണ്ടെന്നും ദേവദാസ് തിരിച്ചറിഞ്ഞിരുന്നു. മറ്റൊരു താടിവേഷക്കാരനായ കലാമണ്ഡലം രാമചന്ദനുണ്ണിത്താൻ ദേവദാസിനെ തെക്കൻ കേരളത്തിലെ അരങ്ങുകൾക്കും പരിചിതനാക്കി. അവിടെയും തന്റെ പ്രതിഭ കൊണ്ടു സ്ഥിരപ്രതിഷ്ഠ നേടാൻ അദ്ദേഹത്തിനായി. കവളപ്പാറ നാരായണൻ നായരുടെ കൊച്ചുമകന് കഥകളി രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമായിരുന്നു. അമ്മാവൻ കലാമണ്ഡലം രാജഗോപാലനാണു അരങ്ങിലെത്താൻ ദേവദാസിനെ പ്രോത്സാഹിപ്പിച്ചത്. അമ്മയും അമ്മയുടെ സഹോദരിമാരും ശാസ്ത്രീയ സംഗീതത്തിലും നൃത്തത്തിലും മികവു കാട്ടിയിരുന്നു. പക്ഷേ, ബാങ്ക് മാനേജരായ അച്ഛൻ മകൻ കഥകളിക്കാരനാകുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചു. അക്കാലത്തെ ചില കഥകളി കലാകാരന്മാരുടെ വഴിവിട്ട ജീവിതമാകാം അതിനു കാരണം. 

1979ൽ 12ാം വയസ്സിലാണു ദേവദാസ് കോട്ടക്കൽ പിഎസ്‌വി നാട്യസംഘത്തിൽ വിദ്യാർഥിയായെത്തുന്നത്. വലിയ മുഖം കഥകളിക്കു ചേർന്നതല്ലെന്ന പലരുടെയും ആക്ഷേപത്തെ അവഗണിച്ചു. 13ാം വയസ്സിൽ സുഭദ്രാഹരണത്തിലെ കൃഷ്ണനായി അരങ്ങേറ്റം. കോട്ടക്കൽ കൃഷ്ണൻകുട്ടി നായർ, കോട്ടക്കൽ ചന്ദ്രശേഖര വാരിയർ, കോട്ടക്കൽ ശംഭു എമ്പ്രാന്തിരി എന്നിവരായിരുന്നു ഗുരുക്കൾ. കഠിനമായ അഭ്യാസത്തിലൂടെ, കടുത്ത ശിക്ഷകളിലൂടെ കടന്നു പോയ പഠനകാലം മറക്കാവതല്ല. എട്ടു വർഷത്തെ കഥകളി കോഴ്സ് പൂർത്തിയാക്കിയ ശേഷം രണ്ടു വർഷത്തെ പരിശീലനം. പത്തു വർഷത്തെ പഠനം കഴിഞ്ഞ് പിഎസ്‌വി നാട്യസംഘത്തിലെ അംഗമായി. പക്ഷേ, വേഷങ്ങൾ കിട്ടിയില്ല. തടിച്ച ശരീരപ്രകൃതിയും വലിയ മുഖവും ഭീമാകാരവും പല വേഷങ്ങൾക്കും ചേരുന്നതായിരുന്നില്ലത്രെ. സംഘത്തോടൊപ്പം കളികൾക്കു പോകും. കുഞ്ഞുവേഷങ്ങൾ വല്ലതും കിടിടിയാലായി. ദുര്യോധനവധത്തിലെ ശകുനിയായി നൂറ് അരങ്ങിലെങ്കിലും കയറിയെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. 

kottakkal-devadas-1

ഒരിക്കൽ രുഗ്മാംഗദ ചരിതത്തിലെ ബ്രാഹ്മണനായി വേഷമിട്ടു. അതു വലിയൊരു വഴിത്തിരിവായിരുന്നു. നർമം കലർന്ന തന്റെ അഭിനയ രീതി കൊണ്ടു ആ അരങ്ങു സതന്റേതാക്കി ദേവദാസ്. ദേവദാസിനെ ആരാധകർ തിരിച്ചറിയാൻ തുടങ്ങി, വിളിച്ചു കളിപ്പിക്കാൻ തുടങ്ങി. താടിവേഷങ്ങളുടെ ധാടിയിൽ നിൽക്കുമ്പോഴും കുചേലവൃത്തത്തിലെ വൃദ്ധയും രാമായണത്തിലെ മന്ഥരയും ദേവദാസ് സ്വീകരിച്ചു. ആരാധകരിൽ നിന്നു കിട്ടുന്ന പ്രത്യേക ഊർജത്തിലൂടെ അരങ്ങിൽ പ്രവർത്തിക്കുമ്പോൾ പലപ്പോഴും കൂടുതൽ സമയം അപഹരിക്കുന്നു എന്ന പരാതി സഹപ്രവർത്തകർ ഉന്നയിച്ചു. 

ഏതു വേഷവും ചെയ്യാമെന്ന തന്റടം പ്രകടിപ്പിക്കുമ്പോഴും കൃത്യമായ പഠനവും അഭ്യാസവും ഇല്ലാതെ ഒരു വേഷവും അദ്ദേഹം അരങ്ങിൽ ചെയ്യാറില്ല. ചുവന്ന താടി വേഷങ്ങൾ ഏറെ പ്രശസ്തി നേടിയപ്പോഴും ജരാസന്ധൻ കെട്ടാൻ ലഭിച്ച അവസരം അദ്ദേഹം നിരാകരിച്ചിട്ടുണ്ട്. പത്തു വർഷം കഴിഞ്ഞാണ് അദ്ദേഹം ജരാസന്ധനായി അരങ്ങിലെത്തിയത്. നളനായും ഭീമസേനനായും പച്ച വേഷത്തിൽ അരങ്ങിൽ വന്നെങ്കിലും നളചരിതത്തിലെ ബാഹുകനാകാൻ തയാറല്ലായിരുന്നു. ഏറെ പഠനത്തിനു ശേഷം അടുത്തിടെയാണ് അദ്ദേഹം ബാഹുകവേഷം കെട്ടിയാടിയത്. ഈ ഔചിത്യബോധം തന്നെയാണ് ആരാധകരുടെ പ്രിയ ദേവൂസിനെ അരങ്ങിൽ വ്യത്യസ്തനാക്കുന്നത്.

മേയ് 14,15 തിയതികളിൽ കോഴിക്കോട് നടക്കുന്ന സുദേവം പരിപാടിയിൽ മട്ടന്നൂർ ശങ്കരൻകുട്ടി ദേവദാസിനു വീരശൃംഖല സമർപ്പിക്കും. കാലടി സർവകലാശാല വൈസ് ചാൻസലർ എം.വി.നാരായണൻ മുഖ്യാതിഥിയായിരിക്കും. 

കർണാടക സംഗീതം, മോഹിനിയാട്ടം, ഇരട്ടത്തായമ്പക, ഓട്ടൻതുള്ളൽ, കഥകളി തുടഘങ്ങിയ പരിപാടികളോടെ 48 മണിക്കൂർ തുടർച്ചയായാണു സുദേവം സംഘടിപ്പിക്കുന്നത്. രണ്ടു ദിവസവും സൗഹൃദ സദസ്സും ഉണ്ടാകും. സുദേവത്തിന്റെ ലോഗോ പ്രകാശനം എം.കെ.രാഘവൻ എംപി നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com