ADVERTISEMENT

വിവിധ വർണക്കുപ്പായങ്ങളിട്ട് ജീവിതത്തിന്റെ വ്യത്യസ്ത തുലാസുകളിൽ സ്വയം തുലനം ചെയ്തുനോക്കുന്നവർ. ചിലപ്പോൾ ചില തട്ടുകൾ താഴും. ചിലത് ഉയരും. ചിലപ്പോൾ ഭാഗ്യത്തിന് തുലാസിന്റെ സൂചി നേർരേഖയിലായിരിക്കും. ജീവിതത്തിൽ ഒട്ടുമിക്കവരും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടാകാം. ചുറ്റുമുള്ളവരാരും അറിയാതെ തുലാസിന്റെ ഇരുതട്ടും ഒരേ നിലയിലാക്കി അഡ്ജസ്റ്റു ചെയ്തു ജീവിക്കുന്നവർ. ഈ തുലാസിലെ ജീവിതം ഒരു ന്യൂനപക്ഷത്തിന്റേതാകുമ്പോഴോ, അതും ലൈംഗിക ന്യൂനപക്ഷത്തിന്റെ. പലപ്പോഴും അതൊരു പൊട്ടിത്തെറിയിലാകും അവസാനിക്കുക. അരാജകത്വത്തിന്റേതെന്ന് ഭൂരിപക്ഷം അതിനെ വിലയിരുത്തുമ്പോൾ ന്യൂനപക്ഷത്തിന്റെ ഒറ്റമുറി വീട്ടിൽ അത് സൃഷ്ടിക്കുക വലിയൊരു സ്ഫോടനമാണ്. ഈ സ്ഫോടനത്തിന്റെ ശബ്ദമാണ് ‘മുംബൈയിലെ ഒരു ഉഷ്ണരാത്രിയിൽ’ എന്ന നാടകത്തിലൂടെ കാണുന്നതും കേൾക്കുന്നതും. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മഹേഷ് ദത്താനിയുടെ ‘ഓൺ എ മഗ്ഗി നൈറ്റ് ഇൻ മുംബൈ’ എന്ന നാടകത്തിന്റെ മലയാള പരിഭാഷയാണീ നാടകം. സംവിധാനം - ടി. വി. ബാലകൃഷ്ണൻ. അവതരണം- ഫയർ തിയറ്റർ ഫാമിലി തൃശൂർ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ ആദ്യാവതരണം കഴിഞ്ഞദിവസം തൃശൂരിൽ നടന്നു. പറയാൻ മടിക്കുകയോ അഥവാ പറഞ്ഞാൽ മറയെത്രവേണമെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നൊരു വിഷയത്തിനാണ് ബാലകൃഷ്ണനും സംഘവും അരങ്ങൊരുക്കുന്നത്.    

∙ ലൈംഗിക ന്യൂനപക്ഷം

ലൈംഗിക ന്യൂനപക്ഷം എന്നു വിളിക്കുന്ന എൽജിബിടി (ലെസ്ബിയൻ, ഗേ, ബൈ സെക്​ഷ്വൽ, ട്രാൻസ്ജെൻ‍ഡർ) സമൂഹത്തിന്റെ ഉഷ്ണം നിറഞ്ഞ ജീവിതമാണ് മുംബൈയിലെ ഉഷ്ണരാത്രി. മനുഷ്യശരീരത്തിലെ ഹോർമോണിന്റെ അറിയാക്കളികളെക്കാൾ വിചിത്രമാണ് സ്വവർഗാനുരാഗികളുടെ ജീവിതം. വിചിത്രമാണ് ചിന്തകൾ, വിചിത്രമാണ് ആഗ്രഹങ്ങൾ. പലതരം വ്യക്തിത്വങ്ങളിലൂടെയുള്ള നൂലിന്മേൽ യാത്ര. കാലുതെറ്റിയാൽ പൊട്ടിവീഴും. താൻ ഹോമോസെക്​ഷ്വൽ ആണെന്നു തിരിച്ചറിയുന്നവർ. അറിഞ്ഞിട്ടും ബോധപൂർവം മറച്ചുവച്ച് ‘ഭൂരിപക്ഷത്തിന്റെ’ ഭാഗമാകുന്നവർ. ‘സ്വവർഗത്തിന്റെ’ പിടിയിൽനിന്ന് കരകയറാൻ പാടുപെടുന്നവർ, അതിൽ പരാജയപ്പെടുന്നവർ. അത്തരമൊരാളായ കമലേഷിലൂടെയാണ് ഉഷ്ണരാത്രിക്ക് തീപിടിക്കുന്നത്. പ്രാചീനകാലം മുതൽ സ്വവർഗാനുരാഗം സമൂഹത്തിന്റ ഭാഗമായിരുന്നെന്നു ചരിത്രം പരിശോധിച്ചാലറിയാം. വാൽസ്യായനന്റെ കാമസൂത്രയിലും ഇതേക്കുറിച്ച് വിശദമായ നിരീക്ഷണങ്ങളുണ്ട്. പക്ഷേ കോളനിവൽക്കരണത്തിലൂടെ സ്വവർഗാനുരാഗം തെറ്റാണെന്ന ചിന്തയ്ക്ക് മേൽക്കൈ കിട്ടിത്തുടങ്ങി. ഇപ്പോഴും അരുതാത്തതെന്തോയെന്ന നിലയിൽ ഹോമോസെക്​ഷ്വാലിറ്റിയും ലെസ്ബിബിയനിസവും സമൂഹത്തിൽ ഉഷ്ണക്കാറ്റായി നിലനിൽക്കുന്നു. ഹോമോസെക്​ഷ്വാലിറ്റിക്ക് അനുകൂലമായി നിയമനിർമാണം പോലും നടക്കുന്നെങ്കിലും ഇവരെ ഇപ്പോഴും വ്യത്യസ്താനുരാഗത്തിന്റെ ബ്രാക്കറ്റിൽ പെടുത്തുകയാണ് സമൂഹം. സ്വവർഗാനുരാഗവും കുടുംബബന്ധവും പൊതുസമൂഹവുമെന്ന ത്രികോണത്തിന്റെ ഏതു കോണിലാണ് നമ്മളെന്ന ചോദ്യമാണ് നാടകം ഉയർത്തുന്നത്. ആണും പെണ്ണുമെന്ന രണ്ടു വർഗമല്ലാതെ ലൈംഗികതയുടെ എത്രയോ വർഗീകരണം. അതിൽ പകച്ചുനിൽക്കുന്നവർ. ഏതു വർഗമെന്നു തിരിച്ചറിയാതെ സ്വാഭാവിക വിവാഹത്തിന്റെ കെട്ടിൽ പൂട്ടപ്പെടുന്നവർ..അങ്ങനെ വിവിധ വിഭാഗങ്ങളുടെ മനസ്സിന്റെ നിവരലുകളാണ് നേർത്ത വിരിപ്പിന്റെ ചെറിയൊരു മറയിലൂടെ നാടകരൂപമാകുന്നത്.      

∙ അനുരാഗികളുടെ ഫ്ലാറ്റ്

സ്വവർഗാനുരാഗിയായ ഫാഷൻ ഡിസൈനർ കമലേഷിന്റെ മുംബൈയിലെ ഫ്ലാറ്റിലാണ് ഈ ന്യൂനപക്ഷത്തിന്റെ കഥപറച്ചിൽ. ഭൂരിപക്ഷമായ പൊതുസമൂഹം ഒരു വിവാഹ പാർട്ടിയുടെ ക്ഷണിതാക്കളായി ഈ ഫ്ലാറ്റിനു താഴെയുണ്ടെന്ന് അവിടെനിന്നുയരുന്ന ബഹളം വ്യക്തമാക്കുന്നു. സ്വവർഗാനുരാഗികളും തന്റെ സുഹൃത്തുക്കളുമായ ആണുങ്ങളെയും പെണ്ണുങ്ങളെയും കമലേഷ് ഈ ഫ്ലാറ്റിലേക്ക് ക്ഷണിക്കുന്നു, അവന്റെ പ്രശ്നം തീർക്കാൻ. പ്രകാശ് ആണ് അയാളുടെ ബാധ്യത. നേരായ ജീവിതം നയിക്കാൻ ഉദ്ദേശിച്ച് കമലേഷുമായുള്ള സഹവാസം ഉപേക്ഷിച്ചുപോയ അതേ പ്രകാശ്തന്നെ. പ്രശ്നപരിഹാരത്തിനെത്തുന്നവരിൽ ഏറെക്കാലം കമലേഷിന്റെ മുറി പങ്കിട്ട ഷരാദുമുണ്ട്. നാടകത്തിലെ ഏക ഹെട്രോസെക്​ഷ്വലായ കമലേഷിന്റെ സഹോദരി കിരൺ അപ്രതീക്ഷിതമായി ഫ്ലാറ്റിലേക്കു കടന്നുവരുന്നതോടെയാണ് നാടകത്തിന്റെ സ്വഭാവം മാറുന്നത്, പലരുടെയും ജീവിതത്തിന്റെയും. ആദ്യഭർത്താവിന്റെ പീഡനം മൂലം വിവാഹമോചനം നേടിയ കിരൺ വിവാഹം കഴിക്കാനൊരുങ്ങുന്നത് പ്രകാശിനെയാണെന്ന ബോധ്യമാണ് സംഭ്രമത്തിലാഴ്ത്തുന്നത്. കിരണിനൊപ്പം അവളുടെ സഹോദരൻ കമലേഷിനെയും സ്വന്തമാക്കി ഒരേസമയം ഇരട്ടജീവിതം നയിക്കലാണ് പ്രകാശിന്റെ ലക്ഷ്യം. അറിഞ്ഞുകൊണ്ട് സഹോദരിയെ വഞ്ചിക്കാനാകാത്ത സമ്മർദത്തിൽ കമലേഷ് പ്രകാശിനെ തുറന്നുകാട്ടുംമുൻപുതന്നെ കിരൺ മനസ്സിലാക്കുന്നു തന്റെ പ്രതിശ്രുതവരനായ എഡ്വിൻ തന്നെയാണ് തന്റെ ചേട്ടന്റെ ഗേയായ സുഹൃത്ത് പ്രകാശെന്ന്. പ്രകാശും കമലേഷും ചേർന്നുള്ള അനുരാഗത്തിന്റെ ഫോട്ടോ കിരൺ കാണുന്നതോടെ ദുരന്തം പൂർണമാകുന്നു. രതിയുടെ ഈ ചിത്രം ജനാലയിലൂടെ ചെന്നുവീഴുന്നത് താഴെ നടക്കുന്ന വിവാഹത്തിനെത്തിയവർക്കിടയിലേക്കാണ്. സ്വവർഗാനുരാഗികളെ സമൂഹം തിരിച്ചറിയുന്ന നിമിഷം. അത് മറ്റൊരു പൊട്ടിത്തറിയിലേക്കു വഴിമാറുന്നത് നാടകാന്തം കാഴ്ചക്കാരുടെ മനസ്സിലാണ്. സ്വന്തം ലൈംഗികതയുടെ തിരിച്ചറിവാണ് നാടകം. യഥാർഥ ലൈംഗികതയിലേക്കുള്ള വഴിയൊരുക്കലും. 

∙ കത്തട്ടെ അഭിനയം

പൊതുസമൂഹത്തിൽ എപ്പോഴും കത്തിനിൽക്കുന്നൊരു വിഷയമാണ് ലൈംഗികതയും സ്വവർഗാനുരാഗവുമെങ്കിലും അതിന്റെ തീവ്രത നാടകത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തുവരാതിരുന്നത് ആദ്യാവതരണമെന്ന ബലഹീനത മൂലമായിരിക്കാം. കമലേഷിന്റെ നായകകഥാപാത്രത്തിലേക്ക് പലപ്പോഴും അതിഭാവുകത്വവും യാന്ത്രികതയും കുടിയേറുന്നു. അതോടെ അഭിനയത്തിന്റെ മൂർച്ച കുറഞ്ഞെങ്കിലും പ്രകാശിന്റെ വേഷത്തിലേക്ക് പ്രശാന്ത് നാരായൺ എത്തിയതോടെ അവതരണം അഭിനയത്തിന്റെ ക്ലൈമാക്സിലേക്ക് ഉയർന്നു. അസാമാന്യമായ കയ്യടക്കത്തോടെയാണ് എ‍‍‍‍‍ഡ്വിൻ പ്രകാശ് മാത്യുവെന്ന ഇരട്ട വ്യക്തിത്വത്തെ പ്രശാന്ത് അരങ്ങത്തെത്തിച്ചത്. കിരണിനെ റിയ കുന്നത്തും മോശമാക്കിയില്ല. രഞ്ജിത്തിന്റെയും ബണ്ണി സിങ്ങിന്റെയും വേഷത്തിലെത്തിയവർ അഭിനയത്തിന്റെ സ്പാർക്ക് പുറത്തെടുത്തെങ്കിലും ഒപ്പമുള്ളവർ ഇനിയും ഉയർന്നാൽ നാടകാനുരാഗത്തിന്റെ ഗാംഭീര്യം കൂടും. കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് സംവിധാനത്തിൽ ബിരുദമെടുത്ത ടി. വി. ബാലകൃഷ്ണൻ മധുരൈ കാമരാജ് സർവകലാശാലയിൽനിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി അവതരണങ്ങൾക്ക് നേതൃത്വം കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com