ഫാഷൻ ലോകത്തും ഹീറോസ്; ബിടിഎസിന്റെ ഇടവേള വിപണിയെ വീഴ്ത്തുമോ? ആശങ്ക

HIGHLIGHTS
  • കോവിഡ് കാലത്ത് കാഴ്ചക്കാർ വർധിച്ചു
  • ലോകമാകെ ആരാധക സംഘങ്ങള്‍ ഉണ്ടായി
  • യൂറോപ്യൻ ഫാഷനിലും സ്വാധീനം ചെലുത്തി
bts-hiatus-may-reflect-in-world-fashion-market
BTS∙ Image Credits: Featureflash Photo Agency/ Shutterstock.com
SHARE

സംഗീത ലോകത്തുനിന്നു കൊറിയൻ ബാൻഡ് ബിടിഎസ് ദീർഘമായ ഇടവേള എടുത്തെന്ന വാർത്ത തെല്ലൊന്നുമല്ല ആരാധകരെ അസ്വസ്ഥരാക്കുന്നത്. ലോകമെങ്ങുമുള്ള ബിടിഎസ് ആർമികൾ ദുഃഖം പങ്കുവച്ച് രംഗത്തെത്തുന്നു, തിരിച്ചു വരാൻ അഭ്യർഥിക്കുന്നു. ബിടിഎസ് അംഗങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ചൂടൻ ചർച്ചകൾ പൊടിപൊടിക്കുന്നു. എന്നാൽ ബിടിഎസിന്റെ ഈ തീരുമാനം സംഗീതലോകത്തു മാത്രമല്ല ഫാഷൻ ലോകത്തിലും അലയൊലികൾ സൃഷ്ടിക്കും എന്ന് ഉറപ്പ്. വസ്ത്രം, ആക്സസറികൾ, മേക്കപ് ഉത്പന്നങ്ങൾ എന്നിങ്ങനെ ഫാഷന്റെ സകല മേഖലകളിലും സ്വാധീനം ഉറപ്പിച്ച സംഘമായിരുന്നു ബിടിഎസ്. ഫാഷൻ ട്രെൻഡുകളുടെ ഹൃദയഭൂമിയായ യൂറോപ്പിൽ ഉൾപ്പടെ തരംഗം സൃഷ്ടിച്ചവർ. അവരുടെ ഈ ഇടവേള ഫാഷൻ വിപണിയിൽ വലിയ ഇടിവിന് കാരണമാകുമോ എന്നാണ് ആശങ്ക.

k-pop-group-bts-beauty-secrets
BTS∙ Image Credits : Instagram

ലോക ഫാഷൻ വിപണിയെ കോവിഡ് തളർത്തിയപ്പോൾ മുന്നേറ്റം പ്രകടമായത് കിഴക്കൻ ഏഷ്യയിലായിരുന്നു. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു ബിടിഎസ് സ്വാധീനം. കോവിഡ് കാലത്ത് ഇവരുടെ വിഡിയോകളുടെ കാഴ്ചക്കാർ വർധിച്ചു. ലോകമാകെ ആരാധക സംഘങ്ങൾ ഉണ്ടായി. ട്രെൻഡി വസ്ത്രങ്ങളും ആക്സസറികളും മേക്കപ്പുമായി മാത്രം വിഡിയോകളിലും പൊതുവേദികളും പ്രത്യക്ഷപ്പെടുന്ന ബിടിഎസിന് യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇതെല്ലാം ചേർന്നതോടെ ഫാഷൻ വിപണി കോവിഡിനിടയിലും മുന്നേറി. ഒടുവിൽ യൂറോപ്യൻ ഫാഷൻ ബ്രാൻഡുകൾ ബിടിഎസ് താരങ്ങളെ തങ്ങളുടെ ബ്രാൻഡിന്റെ ഭാഗമാക്കാൻ മത്സരിച്ചു. ഭൂഖണ്ഡത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരു ഏഷ്യൻ സംഘത്തിന്റെ സ്വാധീനം വളരുന്നത് ആദ്യമൊക്കെ പലരും അമ്പരപ്പോടെയാണ് കണ്ടത്. എന്നാൽ ലോക ഫാഷനെ തന്നെ തങ്ങളുടെ പേരിലാക്കി ആ ഏഴംഗം സംഘം അദ്ഭുതങ്ങൾ തുടർന്നു.

bts-3

പുരുഷന്മാർക്ക് ചില നിറങ്ങൾ, സത്രീകൾക്ക് മറ്റു ചിലത് എന്ന പരമ്പരാഗത രീതിയെ തച്ചുടയ്ക്കാന്‍ ബിടിഎസിന് സാധിച്ചു. വർഷങ്ങളായി ഇതിനായി വമ്പൻ ബ്രാൻഡുകൾ ശ്രമിച്ചിരുന്നു. എങ്കിലും കാര്യമായ വിജയം നേടാനായില്ല. ബിടിഎസിന്റെ എൻട്രി ആ ശ്രമത്തിന് കരുത്തേകി. ജെൻഡർ നൂട്രൽ ഫാഷനിൽ വലിയ കുതിപ്പ് ഉണ്ടായി. ലൂയി വിറ്റൻ, ഡയോർ, ഗ‌ുച്ചി, ബെലൻസിയാഗ തുടങ്ങി വമ്പൻ ലക്ഷ്വറി ബ്രാൻഡുകൾ പലപ്പോഴായി ഈ ഏഴംഗ സംഘത്തിന് വസ്ത്രവും ആക്സസറികളും ഒരുക്കി. ഇവരെ ബ്രാൻഡ് അംബാസഡർമാരാക്കി തങ്ങളുടെ സാമ്രാജ്യം ശക്തമാക്കാന്‍ ശ്രമിച്ചു. 

bts-proof

പുരുഷന്മാർ മേക്കപ് ചെയ്യുന്നത് അസഹിഷ്ണുതയോടെ കണ്ടിരുന്നവർക്ക് ബിടിഎസ് തരംഗത്തിൽ നിശ്ബദരാകാനേ സാധിച്ചുള്ളൂ. അവർക്കു ലഭിച്ച പിന്തുണയ്ക്കിടയിൽ വിമർശിച്ചവർ പരിഹാസ്യരായി. ‘പുരുഷന്മാർ മേക്കപ് ചെയ്താൽ നിങ്ങൾക്ക് എന്താ’ എന്ന ചോദ്യം അവരെ തേടിയെത്തി. നിരവധി യുവാക്കൾ ബിടിഎസ് അംഗങ്ങളുടെ ലുക്കില്‍ ആകൃഷ്ടരാവുകയും അവരെ  പിന്തുടരുകയും ചെയ്തു. ഇവരുടെ ബ്യൂട്ടി ടിപ്സിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. കൊറിയൻ സൗന്ദര്യ വർധക വസ്തുക്കളുടെ വിപണി നാൾക്കുനാൾ വളർന്നതിലും ബിടിഎസിന്റെ സ്വാധീനം പ്രകടമായിരുന്നു. 

band-bts

ഇങ്ങനെയെല്ലാം ലോക ഫാഷൻ വിപണിയെ ശക്തമായി സ്വാധീനിച്ച കെ പോപ് സംഘം വിട പറയുമ്പോൾ അത് എങ്ങനെയെല്ലാം വിപണിയെ സ്വാധീനിക്കുമെന്ന് വൈകാതെ വ്യക്തമാകും. ബിടിഎസിനെ മുൻനിർത്തി മുന്നോട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ച ബ്രാന്‍ഡുകൾ എന്തു ചെയ്യുമെന്നും കാത്തിരുന്നു തന്നെ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS