മുതലത്തോൽ കൊണ്ടുള്ള ബാഗുകൾ അമേരിക്കയിലേക്ക് അനധികൃതമായി കടത്തിയതിന് സെലിബ്രിറ്റി ഫാഷൻ ഡിസൈനർ നാൻസി ഗോൺസാലസ് അറസ്റ്റിലായ വാര്‍ത്ത ഫാഷൻ ലോകത്തെ ഞെട്ടിച്ചിരുന്നു. വർഷങ്ങൾ കൊണ്ടു നാൻസി നേടിയെടുത്ത വിശ്വാസമാണ് അപ്രതീക്ഷിതമായി തകർന്നത്. മാത്രമല്ല അമേരിക്കയിൽ 25 വർഷം വരെ തടവും 5 ലക്ഷം ഡോളർ വരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്. ഇതോടൊപ്പം മുതലകളും ചർച്ചകളിൽ നിറയുകയാണ്.
വലുപ്പം, ആക്രമണോത്സുകത, അതിശക്തമായ താടിയെല്ല് എന്നിവ കൊണ്ടു എക്കാലത്തും മനുഷ്യ ഭയപ്പെടുത്തിയ ജലജീവിയാണ് മുതല. ദശലക്ഷം വര്‍ഷങ്ങളായി ഭൂമിയില്‍ ജീവിക്കുന്നതായി കണക്കാക്കുന്ന മുതലകള്‍ ദിനോസര്‍ യുഗത്തില്‍ പോലും സ്വതന്ത്ര വിഹാരം നടത്തിയിരുന്നു. ദിനോസറുകളെയും അതിജീവിച്ച ഈ ജലരാജാക്കന്മാര്‍ പക്ഷേ ഫാഷന്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വിലപിടിപ്പുള്ള ഒരു വില്‍പനച്ചരക്ക് മാത്രമാണ്.
ഉരിച്ചെടുത്ത തോല്‍ ടാന്‍ ചെയ്തു ചായം പൂശി ഹാന്‍ഡ് ബാഗും വാലറ്റും ബെല്‍റ്റുമൊക്കെയായി വിപണിയിലെത്തുമ്പോൾ മോഹവിലയാണു ലഭിക്കുന്നത്. മുതലത്തോലിന്റെ ഗുണമേന്മയ്ക്ക് അനുസരിച്ച് വില ഉയരുന്നു. നിലോട്ടിക്കസ് മുതലകളുടെ തോൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹിമാലയൻ ബിർക്കിൻ ബാഗുകൾക്ക് കോടികളാണ് ലക്ഷ്വറി ബ്രാൻഡ് ഹെർമെസ് ഈടാക്കുന്നത്. ജെന്നിഫർ ലോപസ്, വിക്ടോറിയ ബെക്കാം, നിത അംബാനി, കെയ്‌ലി ജെന്നർ എന്നീ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബാഗ് ആണിത്.

∙ എന്തുകൊണ്ട് മുതലത്തോൽ ?
മുതലത്തോല്‍ കൊണ്ടുണ്ടാക്കിയ ഹാന്‍ഡ് ബാഗുകള്‍ കാഴ്ചയിൽ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ഡിസൈനര്‍മാര്‍ പറയുന്നു. കാലങ്ങളോളം നിലനിൽക്കുമെന്നതും സെക്കന്റ് ഹാൻഡ് വിപണിയില്‍ പോലും മികച്ച വില ലഭിക്കുമെന്നതും ഇവയെ ആകർഷകമാക്കുന്നു. അപൂര്‍വ ഇനത്തിൽപ്പെട്ട മുതലത്തോൽ കൊണ്ടുള്ള ഹാന്‍ഡ് ബാഗിന്റെ ഉപയോഗം മറ്റുള്ളവരില്‍നിന്നും തങ്ങളെ വേറിട്ട് നിര്‍ത്തുമെന്നു സെലിബ്രിറ്റികൾ കരുതുന്നു. അതിസമ്പന്നരായ ഉപഭോക്താക്കള്‍ പലരും വലിയ ഫാഷന്‍ ഹൗസുകളില്‍ ഓര്‍ഡര്‍ നല്‍കി വര്‍ഷങ്ങള്‍ ഇതിനായി കാത്തിരിക്കാറുണ്ട്. ഹാന്‍ഡ് ബാഗ് നിർമാണത്തിന് മുതലത്തോലിനേക്കാള്‍ മികച്ച അസംസ്കൃതവസ്തു ഇല്ലെന്നു പല ഫാഷന്‍ ഡിസൈനര്‍മാരും അഭിപ്രായപ്പെടുന്നു. ലൂയി വിറ്റോൻ, ഗുച്ചി, വെര്‍സേസ് തുടങ്ങി പല പ്രമുഖ ബ്രാന്‍ഡുകളും തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഫാഷന്‍ ആക്സസറീസിനു മുതലത്തോലാണ് ഉപയോഗിക്കുന്നത്.

∙ മുതലകള്‍ 13 തരം
ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ഓസ്ട്രേലിയ എന്നീ വന്‍കരകളിലായി 13 വ്യത്യസ്ത ജനുസ്സില്‍പ്പെട്ട മുതലകള്‍ ജീവിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും വലുപ്പം കൂടിയ സാല്‍ട്ട് വാട്ടര്‍ മുതല ശരാശരി 70 വയസ്സ് വരെ ജീവിക്കുന്നു. നൈല്‍ മുതലകള്‍ 70 മുതല്‍ 100 വര്‍ഷം വരെയാണ് ആയുസ്സ്. അമേരിക്കന്‍ മുതലകള്‍ക്ക് 70 വര്‍ഷം. ചെറിയ മുതല വർഗങ്ങള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണ്. അവ ശരാശരി 30 മുതല്‍ 40 വരെ വര്‍ഷങ്ങള്‍ മാത്രമേ ജീവിക്കൂ. പരിസ്ഥിതി മാറ്റങ്ങളും തോലിനായുള്ള വേട്ടയും മുതലകളുടെ എണ്ണം കുറയ്ക്കുന്നതായി പരിസ്ഥിതി വാദികള്‍ പറയുന്നു. മുതല ഫാമുകളിലെ ഉപയോഗത്തിനായി കാടുകളില്‍നിന്നു മുതലകളുടെ മുട്ടകള്‍ എടുക്കുന്നതിനെ ഇക്കാരണം ചൂണ്ടി മൃഗസ്നേഹികൾ എതിർക്കുന്നു. എന്നാല്‍ പ്രാദേശിക ജനതയ്ക്ക് മികച്ച വരുമാന മാര്‍ഗമാണു മുതല ഫാമുകള്‍. മുതലകളുടെ എണ്ണം ക്രമാതീതമായി കൂടുന്നതു തടയുന്നതിലൂടെ മനുഷ്യനും കന്നുകാലികള്‍ക്കുമെതിരെയുള്ള അവയുടെ ആക്രമണം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഫാമുടമുകള്‍ പറയുന്നു. ഇറച്ചിക്കും മറ്റും വേണ്ടി മൃഗങ്ങളെ വളര്‍ത്തുമ്പോൾ തോലിന് വേണ്ടി വളര്‍ത്തുന്നതിൽ എന്താണ് തെറ്റെന്നും ഇവര്‍ ചോദിക്കുന്നു.

∙ പണം വാരുന്ന ഫാമുകള്‍
അമേരിക്കയിലും ഓസ്ട്രേലിയയിലും കോടികള്‍ മതിപ്പുള്ള വ്യവസായമാണ് മുതല ഫാമുകളുടേത്. ഇറച്ചിക്കും തോലിനും വേണ്ടി മുതലകളെയും ചീങ്കണ്ണികളെയും ഈ ഫാമുകളില്‍ വൻതോതിൽ വളര്‍ത്തുന്നു. അമേരിക്കയിലെ ലൂസിയാനയില്‍ 60 മുതല്‍ 70 ദശലക്ഷം ഡോളര്‍ വരെ മൂല്യമുള്ള വ്യവസായമാണ് മുതല വളര്‍ത്തല്‍. ഓസ്ട്രേലിയയുടെ വടക്കന്‍ പ്രവിശ്യയിലെ സമ്പദ് വ്യവസ്ഥയിലേക്ക് 100 ദശലക്ഷം ഡോളറാണ് മുതല വളര്‍ത്തല്‍ വ്യവസായത്തിന്റെ സംഭാവന. എന്നാല്‍ അത്യന്തം മൃഗീയമായ രീതിയിലാണ് തോലിനു വേണ്ടി മുതലകള്‍ കൊല ചെയ്യപ്പെടുന്നതെന്ന് മൃഗസ്നേഹികളും മൃഗസംരക്ഷണ പ്രവര്‍ത്തകരും പറയുന്നു. മുതലയുടെ നട്ടെല്ല് തകര്‍ക്കുക, ജീവനോടെ തോലുരിക്കുക, ഷോക്ക് അടിപ്പിക്കുക എന്നിങ്ങനെ അതിക്രൂരമായ രീതിയിലാണ് പല മുതലഫാമുകളും തോല്‍ ശേഖരിക്കുന്നതെന്ന് പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് അനിമല്‍സ് (പിഇടിഎ) തെളിവ് സഹിതം വാദിക്കുന്നു.

∙ മൃഗത്തോലുകൾക്ക് ബൈ
ഇത്തരം ക്രൂരതകളുടെ വിഡിയോ പുറത്തു വരാന്‍ തുടങ്ങിയതോടെ പിഇടിഎ അടക്കമുള്ള പല സംഘടനകളും മൃഗത്തോല്‍ കൊണ്ടുള്ള ഫാഷന്‍ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തു. ഇതിനെ തുടര്‍ന്ന് പല ബ്രാന്‍ഡുകളും മൃഗത്തോലുകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാൻ സന്നദ്ധത അറിയിച്ചു. 2019ൽ വിക്ടോറിയ ബെക്കാം തങ്ങളുടെ ഭാവി ശേഖരത്തില്‍നിന്നും മൃഗത്തോലുകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജില്‍ സാന്‍ഡര്‍, വിവിയന്‍ വെസ്റ്റ് വുഡ്, ഡയാന്‍ വോന്‍ ഫര്‍സ്റ്റെന്‍ബെര്‍ഗ്, ചാനല്‍, ടോമി ഹില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയ്ന്‍ തുടങ്ങിയ പല ബ്രാന്‍ഡുകളും ഇതേ പാത പിന്തുടര്‍ന്നു.
എന്നാല്‍ എല്ലാ ബ്രാന്‍ഡുകളും അത്ര ഉദാരമനസ്കത ഇക്കാര്യത്തില്‍ കാണിക്കുന്നില്ല. 2020 നവംബറില്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ഹെര്‍മെസ് 7.25 ദശലക്ഷം ഡോളര്‍ മുടക്കി ഓസ്ട്രേലിയയില്‍ ഒരു കായല്‍ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മുതല ഫാം ഇവിടെ സ്ഥാപിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഈ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയർത്തി. ഹെര്‍മെസും ലൂയി വിറ്റോനും പോലുള്ള ബ്രാന്‍ഡുകള്‍ വൻവിലയ്ക്ക് മുതലത്തോല്‍ കൊണ്ടുള്ള ഹാന്‍ഡ് ബാഗുകള്‍ വിറ്റഴിക്കുന്നത് തുടരുന്നു. അതിനാൽ വിമര്‍ശനവും ബഹിഷ്കരണവും തുടരുമ്പോഴും ഫാഷന്‍ ലോകത്തു മുതലത്തോൽ പ്രിയം പെട്ടെന്നൊന്നും അവസാനിക്കുമെന്ന് കരുതുക വയ്യ.