ADVERTISEMENT

ശക്തമായ നായികാ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിക്കുകയാണ് നടി ദുർഗ കൃഷ്ണ. താരത്തിന്റെ നിലപാടുകളും ചർച്ചകളിൽ നിറയുന്നു. വസ്ത്രധാരണത്തിലും ഹെയർ സ്റ്റൈലിലും ദുര്‍ഗയുടെ ബോൾഡ്നസ്സ് കാണാം. എന്നാൽ താനിപ്പോഴും മനസ്സു കൊണ്ട് ഒരു നാടൻ പെൺകുട്ടിയാണെന്ന് ദുർഗ പറയുന്നു. സിനിമയുടെ ഭാഗമാകുമ്പോൾ വരുന്ന മാറ്റങ്ങൾ മാത്രമാണു മറ്റെല്ലാം. ട്രെൻഡിനു പിന്നാലെ പോവുന്നതല്ല, കംഫർട്ടബിൾ ആയതു ധരിക്കുകയാണു തന്റെ രീതിയെന്നും ദുർഗ വ്യക്തമാക്കുന്നു. പ്രിയതാരത്തിന്റെ സ്റ്റൈലിഷ് വിശേഷങ്ങളിലൂടെ.

∙ സിനിമയിൽ നാടൻ സുന്ദരിയായി തുടങ്ങി. എന്നാലിപ്പോൾ ഗ്ലാമറസ്, മോഡേൺ ലുക്കുകളിൽ തിളങ്ങുന്നു. ഈ മാറ്റം ബോധപൂർവമാണോ? 

അന്നും ഇന്നും ഞാൻ ഒരു നാടൻ കുട്ടിയാണ്. ഒരു നടിയാകുമ്പോൾ നാടൻ വേഷങ്ങൾ മാത്രം ചെയ്യാനാവില്ലല്ലോ. അതിന്റെ ഭാഗമായി സ്റ്റൈലിൽ മാറ്റങ്ങൾ ഉണ്ടാകും. അതല്ലാതെ ഞാൻ അൾട്രാ മോഡേൺ ആയി നടക്കാറില്ല. എനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണു ധരിക്കാറുളളത്. 

∙ കൂടുതൽ തിളങ്ങിയിട്ടുള്ളത് സാരിയിലാണ്. വളരെ അനായാസവും കംഫർട്ടബിളുമായി ധരിക്കുന്നു. സാരിയാണോ ഇഷ്ട വസ്ത്രം?

സാരി ഉടുക്കാൻ വളരെ ഇഷ്ടമാണ്. ചെറിയ കുട്ടി ആയിരുന്നപ്പോൾ ഷോൾ സാരിയാക്കി ഉടുത്ത് നടക്കുമായിരുന്നു. ആ ഇഷ്ടം ഇപ്പോഴും തുടരുന്നു. എന്നാൽ എപ്പോഴും സാരി ഉടുക്കാൻ പറ്റില്ലല്ലോ. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ചിലപ്പോൾ സാരി ഉടുക്കാൻ തോന്നും. അപ്പോൾ അങ്ങനെ ചെയ്യും. സാരിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. 

durga-krishna-4

∙ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ പ്രാധാന്യം നൽകുന്നത്?

ഞാൻ ഒരിക്കലും ട്രെൻഡിനു പിറകെ സഞ്ചരിക്കാറില്ല. ഇപ്പോഴത്തെ ട്രെൻഡ് എന്താണെന്നു പോലും എനിക്കറിയില്ല. ധരിച്ചു നോക്കി കംഫർട്ടബിൾ ആണെങ്കിൽ വാങ്ങുക എന്നതാണ് രീതി. ട്രയൽ ചെയ്യുമ്പോൾ ആ വസ്ത്രത്തിൽ സുന്ദരിയാണെന്നു തോന്നിയാൽ വാങ്ങും. യാത്ര ചെയ്യുമ്പോൾ വസ്ത്രം വളരെ സൗകര്യപ്രദമായിരിക്കണം എന്നുമുണ്ട്. ഞാന്‍ ഒരു ഡ്രസ്സിടുമ്പോൾ മറ്റുള്ളവർക്ക് എന്തു തോന്നുന്നു, അവർ എന്തു പറയുന്നു എന്നതൊന്നും കാര്യമാക്കാറില്ല. എന്റെ ഇഷ്ടത്തിനും കംഫർട്ടിനുമാണു പ്രാധാന്യം. 

∙ ഒറ്റയ്ക്കാണോ ഷോപ്പിങ്?  

ഷോപ്പിങ്ങിന് ഒറ്റയ്ക്ക് പോകാൻ ഇഷ്ടമല്ല. കാരണം കുറച്ചു കഴിയുമ്പോൾ ബോറടിക്കും. കൂടെ ഒരാൾ ഉണ്ടെങ്കിലും എന്റെ ഡ്രസ്സ് തിരഞ്ഞെടുക്കുന്നത് ഞാനായിരിക്കും. ഒരാൾ ഒപ്പമുണ്ടെങ്കിൽ ഡ്രസ്സ് ഇട്ടു കാണിച്ചു കൊടുക്കാമല്ലോ. വിവാഹത്തിനു മുൻപ് ഞാനും അമ്മയും അനിയനും ഒന്നിച്ചായിരുന്നു ഷോപ്പിങ്ങിന് പോയിരുന്നത്. ഇപ്പോൾ ഉണ്ണ്യേട്ടനോടൊപ്പമാണ് (ഭർത്താവ്) ഷോപ്പിങ്. അദ്ദേഹത്തിന് ഓൺലൈൻ ഷോപ്പിങ്ങും എനിക്ക് കടയിൽ പോയി തിരഞ്ഞെടുക്കുന്നതുമാണ് ഇഷ്ടം. എനിക്ക് സർപ്രൈസ് നൽകാനായി ചിലപ്പോൾ അദ്ദേഹം ഓൺലൈനിലൂടെ ഡ്രസ്സ് വാങ്ങി വയ്ക്കാറുണ്ട്. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതു മാറ്റിയെടുക്കും.

durga-krishna-5

∙ വാഡ്രോബിലുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്ത്രം?

അത് എന്റെ കല്യാണ സാരിയാണ്. വിവാഹത്തോട് അനുബന്ധിച്ച് ഞങ്ങൾക്ക് 5 ഫങ്ഷൻ ഉണ്ടായിരുന്നു. ഓരോന്നിനും വ്യത്യസ്ത തീം ആയിരുന്നു. ഹൽദി പഞ്ചാബി സ്റ്റൈലിൽ ആയിരുന്നു. കല്യാണം തമിഴ് ട്രഡീഷനലും റിസപ്‌ഷൻ ക്രിസ്ത്യൻ സ്റ്റൈലുമായിരുന്നു. കോഴിക്കോട് നടത്തിയ റിസപ്ഷൻ ഇൻഡോ–വെസ്റ്റേൺ സ്റ്റൈലിൽ ആയിരുന്നു. ഞങ്ങളുടെ കോസ്റ്റ്യൂം ചെയ്തത് പാരിസ് ബുട്ടിക് ആണ്. ചുവപ്പ് കാഞ്ചീപുരമാണു വിവാഹത്തിന് ധരിച്ചത്. ചുവപ്പ് എന്റെ പ്രിയ നിറമാണ്. 

എന്റെയും ഉണ്ണ്യേട്ടന്റെയും നക്ഷത്രം രേവതിയാണ്. അവർ ഞങ്ങളുടെ നക്ഷത്രത്തിന് ചേരുന്ന നിറം, പക്ഷി, നമ്പർ എന്നിവ നോക്കിയാണ് ഡ്രസ്സ് ഡിസൈൻ ചെയ്തത്. എന്റെ കല്യാണസാരിയിൽ മയിലിന്റെ ഡിസൈൻ ആണ് ഉണ്ടായിരുന്നത്. ഉണ്ണ്യേട്ടന്റെ വസ്ത്രത്തിലും ഇത്തരം പ്രത്യേകതകളുണ്ട്. കോഴിക്കോട്ടു നടന്ന ഫങ്ഷന് പീകോക്ക് നിറത്തിലുള്ള വസ്ത്രമാണു ധരിച്ചത്. വളരെ സൂക്ഷ്മതയോടെയാണു വിവാഹവസ്ത്രങ്ങൾ തിരഞ്ഞെടുത്തത്. ഞാൻ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രത്തോളം ശ്രദ്ധിച്ച് ഒരുകാര്യം ചെയ്തത്.  

കല്യാണ ആഭരണങ്ങൾ ഭരതനാട്യം നർത്തകിമാരുടേതുമായി സാമ്യമുള്ളവയായിരുന്നു. ഞാൻ ഭരതനാട്യം നർത്തകിയാണ് എന്നതു തന്നെയാണ് കാരണം. ഭരതനാട്യത്തിന് തമിഴ്നാടുമായി വളരെയധികം ബന്ധമുണ്ട്. ചെറുപ്പത്തിൽ തമിഴനെ വിവാഹം ചെയ്യണമെന്ന ഒരു ആഗ്രഹവും ഉണ്ടായിരുന്നു.

durga-krishna-3

∙ ഫാഷന്‍ റോൾ മോഡൽ    

ഞാൻ അങ്ങനെ ആരെയെങ്കിലും ശ്രദ്ധിക്കുകയോ ട്രെൻഡ്‌ പിന്തുടരുകയോ ചെയ്യാറില്ല. എനിക്ക് ഇഷ്ടമുള്ള സ്റ്റൈൽ സ്വീകരിക്കും എന്നേയുള്ളൂ. അതുകൊണ്ട് ഇഷ്ടങ്ങൾ മാറുന്നതിന് അനുസരിച്ച് സ്റ്റൈലും മാറും. 

∙ ബ്രാൻഡ് കോൺഷ്യസ് ആണോ? 

പ്രത്യേക ബ്രാൻഡിനോട് ഇഷ്ടക്കൂടുതൽ ഒന്നുമില്ല. നല്ല സാരി എവിടെ കണ്ടാലും വാങ്ങും. ചിലപ്പോൾ അതിന്റെ വില തീരെ കുറവായിരിക്കും. എന്നാലും ഇഷ്ടമായാൽ വാങ്ങിയിരിക്കും.

∙ ഇപ്പോൾ ഹെയർ സ്റ്റൈലിലും പുതുമകൾ പരീക്ഷിക്കുന്നുണ്ടല്ലേ?

ഒരു സത്യം പറയാം. എന്റെ പുതിയ ഹെയർ സ്റ്റൈൽ പരീക്ഷണമല്ല. ചെറുതായി പാളിയപ്പോൾ മുടി മുറിക്കേണ്ടി വന്നതാണ്. റാമിൽ അഭിനയിക്കുമ്പോഴായിരുന്നു അത്. ചെറുപ്പം മുതൽ നല്ല നീളന്‍ മുടി ഉണ്ടായിരുന്നു. ഞാൻ മുടി മുറിക്കാറില്ലായിരുന്നു. നീളം ഉണ്ടെങ്കിലും മുടിക്ക് ആരോഗ്യം കുറവാണ്. ഷൂട്ടിന്റെ സമയത്ത് പലതരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് മുടി ചീത്തയാകും. റാമിൽ അഭിനയിക്കുമ്പോൾ എന്റെ മുടി ഒരുപാട് ചീത്തയായി എന്നു തോന്നി. അങ്ങനെയാണു ഞാൻ മുടി മുറിച്ചു കളർ ചെയ്തത്. 

durga-krishna-2

എന്റെ കല്യാണത്തിന് മുടിയിൽ ചുവപ്പു നിറം നൽകിയിരുന്നു. പക്ഷേ മറ്റൊരു സിനിമയ്ക്കു വേണ്ടി മുടി പെട്ടെന്ന് കറുപ്പിക്കേണ്ടി വന്നു. അന്ന് അവർ ഉപയോഗിച്ച പ്രോഡക്ട് നല്ലതല്ലായിരുന്നു. അതു ശരിയാക്കാൻ വേറൊരു സലൂണിൽ പോയി. എന്നാൽ അവർ അത് കൂടുതൽ മോശമാക്കി. ഒരുപാട് ട്രീറ്റ്‌മെന്റ് ചെയ്തെങ്കിലും ശരിയായില്ല. അതാണു മുടി മുറിക്കുന്നതിൽ എത്തിയത്. മുടി മുറിച്ചതും ഹെയർ കളർ ചെയ്തതും എനിക്ക് ഇഷ്ടപ്പെട്ടു. അതോടെ പല നിറങ്ങളും പരീക്ഷിച്ചു തുടങ്ങി. മുടിയല്ലേ, അത് പെട്ടെന്ന് വളരും. ഇപ്പോൾ വളർത്തുകയാണ്.

ചെറുപ്പത്തിൽ അച്ചമ്മയും അമ്മയുമാണ് എന്റെ മുടി നോക്കിയിരുന്നത്. ഇപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. തലയ്ക്ക് തണുപ്പ് കിട്ടാൻ ഇടയ്ക്ക് ഹെന്ന ഇടും. വീട്ടിൽ ഉണ്ടാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതല്ലാതെ മറ്റു പരിചരണമൊന്നും മുടിയിൽ ചെയ്യാറില്ല. 

∙ നാച്ചുറൽ സ്കിൻ കെയർ ടിപ്സ് ?

എന്റെ കയ്യിൽ ടിപ്സ് ഒന്നും ഇല്ല. കാരണം ഞാൻ ഒന്നും ചെയ്യാറില്ല. മുഖത്ത് എന്തെങ്കിലും ഇടൂ എന്ന് അമ്മ പറയാറുണ്ട്. ചില സമയത്ത് ഷൂട്ട് കഴിഞ്ഞെത്തുമ്പോൾ ചർമം കരുവാളിച്ചിട്ടുണ്ടാകും. അപ്പോൾ ഒരു പാക്കറ്റ് തൈര് വാങ്ങി ദേഹം മുഴുവൻ തേയ്ക്കും. തൈര് തേയ്ക്കുമ്പോൾ കരുവാളിപ്പ് മാറുന്നതായി തോന്നാറുണ്ട്. പണ്ട് അമ്മ എനിക്ക് നവര എന്ന അരി പൊടിച്ച് പാലിൽ കുറുക്കി മുഖത്ത് ഇട്ടുതരുമായിരുന്നു. അത് ചർമത്തിന് തിളക്കം നൽകും. ഇപ്പോൾ അതിനൊന്നും നേരം കിട്ടാറില്ല. സമയം കിട്ടിയാൽ വല്ലപ്പോഴും പാർലറിൽ പോയി ഫേഷ്യൽ ചെയ്യുമെന്ന് മാത്രം.

durga-krishna-6
ദുർഗയും വികാസും

∙ മേക്കപ് രീതി

എനിക്ക് മേക്കപ്പ് ചെയ്യാൻ അറിയില്ല. വികാസ് ഏട്ടനാണ് (വികാസ് വി.കെ.) വിവാഹത്തിനും മറ്റു ഫങ്ഷനുമെല്ലാം മേക്കപ് ചെയ്തത്. എനിക്ക് മേക്കപ്പ് പഠിപ്പിച്ചുതരാൻ അദ്ദേഹത്തോടു പറയാറുണ്ട്. മേക്കപ്പ് ചെയ്തു പുറത്തുപോകാൻ ആഗ്രഹമുണ്ട്. അതിനായി അത്യാവശ്യം സാധനങ്ങള്‍ വാങ്ങി വച്ചിട്ടുണ്ട്. പക്ഷേ ഉപയോഗിക്കാറില്ല. ഡാൻസ് ചെയ്യുന്നതുകൊണ്ട് പണ്ട് മുതൽ വാലിട്ട് കണ്ണെഴുതുമായിരുന്നു. ഇപ്പോൾ അങ്ങനെ എഴുതാറില്ലെങ്കിലും കണ്ണെഴുതുകയും ലിപ്സ്റ്റിക് ഇടുകയും ചെയ്യാറുണ്ട്. മുഖത്ത് മോയ്സ്ചറൈസർ പുരട്ടാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com