‘കണ്ട് ഇഷ്ടപ്പെട്ട് ഓർഡർ ചെയ്ത വസ്ത്രം കയ്യിൽ കിട്ടിയപ്പോഴാണ് ഉദ്ദേശിച്ച പോലെയല്ല എന്നു മനസ്സിലായത്. തിരിച്ചയയ്ക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. ഇനി എന്തു ചെയ്യും?’. ഓണ്‍ലൈൻ ഷോപ്പിങ് വ്യാപകമായതോടെ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരുന്നവർ നിരവധിയാണ്. വാങ്ങുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് ഇതിനു പരിഹാരം. ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാനാകും.
∙ തിരക്കുവേണ്ട
വസ്ത്രത്തിന്റെ ചിത്രം കണ്ട ഉടനെ ഓർഡർ ചെയ്യുന്നത് ഒഴിവാക്കുക. സൈറ്റുകളിലെ വിവരങ്ങൾ വായിച്ച് മെറ്റീരിയലും അതിന്റെ ഗുണങ്ങളും അലക്കേണ്ട രീതിയും മറ്റും മനസ്സിലാക്കിയശേഷം ഓർഡർ ചെയ്യാം.
∙ റിവ്യൂ
വസ്ത്രം വാങ്ങിയവരുടെ റിവ്യൂ സൈറ്റുകളിലുണ്ടാകും. അത് വായിച്ചു നോക്കിയും റേറ്റിങ് പരിശോധിച്ചും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഗുണമേന്മയും പോരായ്മകളുമെല്ലാം മനസ്സിലാക്കാൻ ഇത് സഹായിക്കും.
∙ സൈസ് ചാർട്ട്
ഓരോ ബ്രാന്റുകളും വ്യത്യസ്തമായ സൈസ് ചാർട്ടുകളാവും പിന്തുടരുക. അതിനാൽ സൈസ് ചാർട്ട് നോക്കി അളവ് മനസ്സിലാക്കിയശേഷം മാത്രം ഓർഡർ ചെയ്യുക.
∙ ബ്രാന്റ്
ഓൺലൈനിൽ വസ്ത്രങ്ങൾ വാങ്ങുമ്പോഴുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാൻ ബ്രാന്റഡ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.
∙ റിട്ടേൺ/എക്സ്ചേഞ്ച് പോളിസി
വാങ്ങിയ വസ്ത്രം ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെടാതെ വന്നേക്കാം. എന്നാൽ തിരിച്ചയയ്ക്കാൻ സാധിക്കില്ലെന്ന് അതിനു ശ്രമിക്കുമ്പോഴാകും അറിയുക. ഓർഡർ ചെയ്യും മുമ്പ് അതിന്റെ റിട്ടേൺ പോളിസി അല്ലെങ്കിൽ എക്സ്ചേഞ്ച് പോളിസി വായിച്ചു മനസ്സിലാക്കുക എന്നതാണ് ഇതിന് പരിഹാരം.
∙ സൈറ്റുകൾ
വസ്ത്രം വാങ്ങാൻ ഒരു സൈറ്റിനെ മാത്രം ആശ്രയിക്കരുത്. പല സൈറ്റുകളെ പിന്തുടരുകയും താരതമ്യം ചെയ്യുകയും വേണം. ഈ സൈറ്റുകളിലെ വിലയും ഓഫറുകളും റേറ്റിങ്ങുമെല്ലാം താരതമ്യം ചെയ്ത് മികച്ചത് തിരഞ്ഞെടുക്കാം. അതുപോലെ വിശ്വാസ്യതയില്ലാത്ത സൈറ്റുകളിൽ നിന്നും വസ്ത്രങ്ങൾ വാങ്ങരുത്.