ആക്രി പെറുക്കി ഉപജീവനം നടത്തിയ മാതാപിതാക്കൾക്ക് ആദരമർപ്പിച്ച് മിസ് തായ്‌ലൻഡ് അന്ന സുഎംഗം-ഇയം. ബോട്ടിൽ കാനുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് അപ്സൈക്കിൾ ചെയ്ത ഗൗണായിരുന്നു ഇതിനായി അന്ന ധരിച്ചത്. അമേരിക്കയിലെ ലൂസിയാനയിൽ ന്യൂഓർലിയൻസ് മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന 71-ാമത് മിസ് യൂണിവേഴ്സ് മത്സരമാണ് ഹൃദ്യമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.

'ഹിഡൻ പ്രെഷ്യസ് ഡയ്മണ്ട് ഡ്രസ്സ്' എന്നാണ് ഈ ഗൗണിന് പേരിട്ടിരിക്കുന്നത്. ഡിസൈനർ മണിരത് ആണ് ഗൗൺ ഒരുക്കിയത്. ശീതളപാനീയങ്ങളുടെ കാൻ തുറക്കുന്ന ഭാഗത്തുള്ള പുൾ ടാബ് ആണ് ഗൗണിൽ ഉപയോഗിച്ചത്. സ്വരോസ്കി ഡയ്മണ്ടുകൾ പുൾ ടാബിൽ പിടിപ്പിച്ചശേഷം തുന്നിച്ചേർക്കുകയായിരുന്നു. 'നിങ്ങൾ ഒരിക്കലും ചുറ്റിലുമുള്ള ഇരുണ്ട സാഹചര്യത്തിൽ കുടുങ്ങിപ്പോകരുത്. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കഴിവ് ഉണ്ടെന്ന് എപ്പോഴും വിശ്വസിക്കുക. എന്റെ മാതാപിതാക്കൾ പഴയ വസ്തുക്കൾ ശേഖരിക്കുന്നവരായിരുന്നു. എന്റെ ചുറ്റിലും എപ്പോഴും മാലിന്യങ്ങളും റീസൈക്കിൾ ചെയ്യാനുള്ള വസ്തുക്കളുമായിരുന്നു. അത്തരം വസ്തുക്കൾ ഉപയോഗിച്ചാണ് എന്റെ ഈ ഗൗൺ നിർമച്ചിരിക്കുന്നത്. വിലയില്ലെന്ന് നമ്മൾ കരുതുന്ന പലതിനും അതിന്റേതായ വിലയും സൗന്ദര്യവും ഉണ്ടെന്ന് ഇതിലൂടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു' - അന്ന കുറിച്ചു.
വളരെ ആസ്വദിച്ചാണ് ഈ ഗൗൺ തയാറാക്കിയതെന്ന് ഡിസൈനർ മണിരത്. ' ഈ ലോകത്ത് എല്ലാത്തിനും മൂല്യമുണ്ട്. ചിലപ്പോൾ നമ്മൾ അത് ശ്രദ്ധിക്കുന്നില്ല. അത് കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത് ' – മണിരത് കുറിച്ചു.
കഠിനാധ്വാനവും മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും പിന്തുണയുമാണ് അന്നയുടെ വിജയത്തിന് കാരണമെന്ന് മിസ് യൂണിവേഴ്സ് തായ്‌ലൻഡ് ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കുറിച്ചു. മാതാപിതാക്കൾക്കും അവരുടെ തൊഴിലിനും ആദരം അർപ്പിച്ച അന്നയെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ഫാഷൻ ലോകത്തിന്റെ മനസ്സ് കീഴടക്കിയാണ് അന്ന മടങ്ങിയത്.
അമേരിക്കക്കാരിയായ ആർബോണി ഗബ്രിയേലാണ് മിസ് യൂണിവേഴ്സ് കിരീടം നേടിയത്. വെനിസ്വേലയിൽ നിന്നുള്ള അമാൻഡ, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രേയ്ന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്.
Content Summary: Miss Universe: Miss Thiland Anna Sueangam-iam's Upcycled Gown, Tribute to her Parents