ADVERTISEMENT

ഒറ്റ ഫോട്ടോ ഷൂട്ട് കൊണ്ട് നിന്നനിൽപ്പിൽ നാട്ടിൽ ഒരു സെലിബ്രിറ്റിയായി മാറിയതിന്റെ അമ്പരപ്പിലാണ് കണ്ണൂർ സ്വദേശിനിയായ ചന്ദ്രിക. എന്നോ മറന്നു കളഞ്ഞ ഒരു ആഗ്രഹം ഒരു കൗതുകത്തിനായി സാധിച്ചെടുക്കുക എന്നതിനപ്പുറം മറ്റൊന്നും ചിന്തിച്ചിരുന്നില്ലെങ്കിലും 52 കാരിയായ ചന്ദ്രിക സൂപ്പർ മേക്കോവറിൽ ബ്രൈഡൽ ലുക്കിൽ എത്തിയതോടെ അത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയായിരുന്നു. തളിപ്പറമ്പയിലെ മിയാ ബെല്ല ബ്യൂട്ടി കെയറാണ് ചന്ദ്രികയെ അതി സുന്ദരിയായി അണിയിച്ചൊരുക്കിയത്. 

എന്നാൽ സ്ഥാപനത്തിന്റെ പ്രമോഷൻ എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല ഇത്തരമൊരു മേക്കോവറെന്ന് മിയ ബെല്ലയുടെ ഉടമയായ ജിൻസി രഞ്ജിത്ത് പറയുന്നു. തികച്ചും അവിചാരിതമായി സംഭവിച്ച ഫോട്ടോ ഷൂട്ടാണിത്. ജിൻസിയുടെ വീട്ടിലും സ്ഥാപനത്തിലും പതിവായി ക്ലീനിങ് ജോലികൾക്ക് എത്തുന്ന ചന്ദ്രിക മറ്റുള്ളവർ മേക്കപ്പണിഞ്ഞ് പോകുന്നത് കണ്ട് ഇത്തരത്തിൽ തനിക്കും മേക്കപ്പ് ചെയ്യാനാവുമോ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ഒരു ദിവസം വീട്ടിൽ ജോലിക്കെത്തിയ ചന്ദ്രികയോട് നേരംപോക്കിനായിയാണ് ഷോപ്പിലേയ്ക്ക് പോരുന്നോ എന്ന് ചോദിച്ചത്. മേക്കപ്പ് ചെയ്തു തരുമോ എന്നായിരുന്നു മറുചോദ്യം. ഒപ്പം തന്റെ കല്യാണ ദിനത്തിൽ അണിഞ്ഞൊരുങ്ങാൻ സാധിക്കാതെ പോയതിന്റെ ചെറിയൊരു സങ്കടവും പറഞ്ഞു.

viral-make-over-of-maid-in-to-bride1
Chandrika. Photo credits : miabella_beautycare/Instagram

പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ജിൻസി ചന്ദ്രികയയുമായി നേരെ ബ്യൂട്ടി ഷോപ്പിലേയ്ക്ക്. വിവാഹത്തിന് ഒരുങ്ങാൻ കഴിയാതിരുന്നതിന്റെ വിഷമം മാറ്റാൻ ബ്രൈഡൽ ലുക്ക് തന്നെ നൽകാമെന്നായിരുന്നു ജിൻസിയുടെ തീരുമാനം. അതിനുമുൻപായി ത്രഡിങ്ങും പെഡിക്യൂറും ഫേഷ്യലുമെല്ലാം ചെയ്തു. പിന്നീട് ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകാനായി കരുതിയിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ചന്ദ്രികയെ നവ വധുവായി ജിൻസി ഒരുക്കി. 

മേക്കപ്പ് കഴിഞ്ഞ് തന്നെ കണ്ണാടിയിൽ കണ്ട ചന്ദ്രികയുടെ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല. ഈ മനോഹരമായ നിമിഷങ്ങൾ കാമറയിൽ പകർത്താനായിരുന്നു അടുത്ത തീരുമാനം. ആദ്യമായി ഇത്തരത്തിൽ ഒരുങ്ങുന്നതിന്റെയോ ഫോട്ടോഷൂട്ട് നടത്തുന്നതിന്റെയോ യാതൊരു സങ്കോചവുമില്ലാതെ ചന്ദ്രിക നല്ല സ്റ്റൈലായി തന്നെ പോസ് ചെയ്തു. ചന്ദ്രികയുടെ നിഷ്കളങ്കത തന്നെയാണ് ചിത്രങ്ങൾ ഇത്ര മനോഹരമാക്കിയത് എന്ന് ജിൻസി പറയുന്നു. 

viral-make-over-of-maid-in-to-bride2
Chandrika. Photo credits : miabella_beautycare/Instagram

മേക്കോവറിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ജിൻസിയും ചന്ദ്രികയും വിചാരിച്ചതിനുമപ്പുറമുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.  അമ്മയുടെ മേക്കോവർ കണ്ട് ചന്ദ്രികയുടെ മക്കളും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു.  തന്നെക്കാൾ അധികം സന്തോഷത്തോടെയാണ് കുടുംബാംഗങ്ങൾ ചിത്രങ്ങൾ കണ്ടത് എന്ന് ചന്ദ്രിക പറയുന്നു.  സമൂഹമാധ്യമങ്ങളിൽ സ്വന്തമായി അക്കൗണ്ട് പോലുമില്ലെങ്കിലും ഇന്ന് ചന്ദ്രിക നാട്ടിലെ സെലിബ്രിറ്റി തന്നെയാണ്.

Content Summary : Viral make over of maid in to bride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com