ADVERTISEMENT

ചൂടുവെള്ളത്തിൽ കുളിക്കുന്നത് പലർക്കും ഒരു ശീലമായിരിക്കും എന്നാൽ ഐസ് വെള്ളത്തിൽ കുളിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സെലിബ്രിറ്റികൾക്കിടയിൽ ഏറെ വൈറൽ ആയ ഐസ് ബാത്തിനെപ്പറ്റി അറിയാം. സൗത്ത് ഇന്ത്യൻ സൂപ്പർ താരം സാമന്ത മുതൽ സൂപ്പർ മോഡൽ കിം കർദാഷിയൻ വരെ ഐസ് ബാത്തിന്റെ ആരാധകരാണ്. എന്തിന് വിരാട് കോഹ്ലി വരെ ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.  നടി നേഹ ശർമ്മയും ഐസ് ബാത്ത് ചെയ്യുന്ന വിഡിയോ അടുത്തിടെ പങ്കുവച്ചിരുന്നു. നല്ല തണുത്ത താപനിലയില്‍ കുളിക്കുന്നത് പരുക്കുകള്‍ മാറ്റി ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും മാനസിക ആരോഗ്യത്തിനും ഗുണകരമാണ് എന്നാണ് പറയപ്പെടുന്നത്.

കായിക താരങ്ങളാണ് കൂടുതലായി ഐസ് ബാത്ത് ചെയ്യുന്നത്. ശരീര വീക്കം, മത്സരത്തിനിടെയുണ്ടാകുന്ന പരുക്ക്, വിട്ടുമാറാത്ത വേദന എന്നിവ കുറയ്ക്കാൻ ഐസ് ബാത്ത് സഹായിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചിലർ വർക്ക് ഔട്ടിന് ശേഷം ഐസ് ബാത്ത് ചെയ്യാറുണ്ട്. കൂടാതെ ക്ഷീണം കുറയ്ക്കുന്നതിനും ഐസ് ബാത്ത് വളരെ നല്ലതാണ്. എന്നാൽ ചില ആളുകള്‍ ഐസ് ബാത്ത് എടുക്കുന്നത് അവരുടെ ഉണര്‍വും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്. പഠനങ്ങളും അത് അംഗീകരിക്കുന്നുണ്ട്. ഇത് മത്സര സമയത്ത് മനസ്സ് ഏകാഗ്രം ആയിരിക്കുന്നതിന് കായികതാരങ്ങള്‍ക്കും, ദീര്‍ഘനേരം ജോലി ചെയ്യുന്ന ആളുകള്‍ക്കും ഗുണം ചെയ്യും.

ഉറങ്ങുന്നതിനുമുമ്പ് ഐസ് ബാത്ത് ചെയ്യുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമെന്നും കണ്ടെത്തലുകളുണ്ട്. അതിനാല്‍, ഒട്ടും ഉറക്കം കിട്ടുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ക്ക് ഐസ് ബാത്ത് ട്രൈ ചെയ്യാം. എന്നാല്‍ നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ഉറക്കം വരാത്തവരും ഉണ്ട്. ഇത്തരം പ്രശ്‌നം നിങ്ങൾക്കുണ്ടെങ്കിൽ ഇത് ട്രൈ ചെയ്യേണ്ട ആവശ്യമില്ല.

ചെയ്യേണ്ടത് എങ്ങനെ?

ഐസ് ബാത്ത് ചെയ്യുമ്പോൾ വെള്ളത്തിന്റെ താപനില 10മുതൽ 15 ഡിഗ്രി സെൽഷ്യസ് വരേയാകാം. കൂടുതൽ സമയം ഐസ് ബാത്തിൽ ചെലവഴിക്കുന്നത് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതുകൊണ്ട് 10 മുതൽ 15 മിനിട്ട് വരെ മാത്രമേ ഐസ് ബാത്തിൽ നിൽക്കാവൂ. ആദ്യം 5 മിനിറ്റ് പോലെ ചെറിയ ദൈര്‍ഘ്യത്തില്‍ ആരംഭിക്കുക. ക്രമേണ സമയം വര്‍ധിപ്പിക്കുക. ജലദോഷം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഐസ് ബാത്ത് എടുക്കരുത്. തണുപ്പ്, തലകറക്കം എന്നിവ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ ഉടന്‍ നിര്‍ത്തുക. ശേഷം ഹോട്ട് ഷവര്‍ നടത്തി ശരീരത്തിന് ചൂട് നല്‍കണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഐസ് ബാത്തിന് മുന്‍പായി ഡോക്ടറുടെ നിര്‍ദേശം തേടണം. മുന്‍പ് ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുള്ളവരാണെങ്കില്‍ ഒരിക്കലും ഇത്തരം ബാത്ത് എടുക്കരുത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഹൈപ്പോഥര്‍മിയയിലേക്കും ഇത് നയിച്ചേക്കാം. അതുപോലെ ബിപി കൂടുതലുള്ളവരും ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ബിപി കൂടാനും അത് അറ്റാക്കിലേയ്ക്കും സ്‌ട്രോക്കിലേയ്ക്കുമെല്ലാം നയിക്കാം. അതുകൊണ്ട് എല്ലാം സ്വന്തം ശരീരത്തെ കൃത്യമായി പഠിച്ചതിന് ശേഷം മാത്രം ഇത്തരം പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതാവും ഏറ്റവും ഉചിതം.

Content Highlights: Samantha | Neha Sharma | celebs | love | ice baths| Lifestyle | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com