ADVERTISEMENT

രജനീകാന്തിനെ കാണാനായി പുറത്തേക്ക് വരുന്ന മെഗാസ്റ്റാർ മോഹൻലാൽ... ലെപെർഡ് ഡിസൈനോടു കൂടിയ വസ്ത്രം...കയ്യിൽ സിൽവർ നിറത്തിലുള്ള വള, കഴുത്തിൽ ആടിയുലയുന്ന സിൽവർ മാല...കൂളിങ്ങ് ഗ്ലാസും വച്ച് സ്ലോ മോഷനിലുള്ള ആ മാസ് നടത്തം....തീയറ്ററുകൾ പൂരപ്പറമ്പാക്കി കൊണ്ടാണ് ‘ജയിലറി’ലെ മോഹൻലാലിനെ ആരാധകർ വരവേറ്റത്. സ്ക്രീനിൽ ലാലേട്ടനെത്തിയ സമയത്തെല്ലാം നിർത്താതെ കയ്യടിച്ചും ശബ്ദം മുഴക്കിയും സൂപ്പർസ്റ്റാറിന്റെ വരവ് ആഘോഷമാക്കി. സിനിമ ഇറങ്ങിയതോടെ മോഹൻലാലിന്റെ സ്റ്റൈലിനായി കയ്യടി മുഴുവൻ. പ്രിയതാരത്തെ പുത്തൻ ലുക്കിൽ കണ്ടവരെല്ലാം പ്രശംസിച്ചു. സമൂഹ മാധ്യമങ്ങളിലും ഇന്ന് മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്കാണ് ചർച്ചാ വിഷയം. വർഷങ്ങളായി മോഹൻലാലിനൊപ്പം പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പെഴ്സണൽ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീനാണ് നാടു മുഴുവൻ ഹിറ്റായ സ്റ്റൈലിന് പിന്നിൽ. തന്റെ ഡിസൈൻ പ്രേക്ഷകർ അംഗീകരിച്ചതിന്റെ ത്രില്ലിലാണ് ജിഷാദ്. വർഷങ്ങളായി ഈ മേഖലയിലുണ്ടെങ്കിലും ‘ജയിലറും’ മോഹൻലാലും ഇത്തവണ ജിഷാദിനെ പ്രശസ്തനാക്കി. സമൂഹ മാധ്യമങ്ങളിൽ വൈറലായ ആ കോസ്റ്റ്യൂം വിശേഷങ്ങളുമായി ജിഷാദ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

∙ഫ്ലോറൽ പ്രിന്റും പഴമയും പിന്നെ മാസ്സും...
ലാൽ സാറിന്റെ സുഹൃത്ത് സനൽസാറാണ് ആദ്യം സിനിമയെ പറ്റി അറിയിച്ചത്. പിന്നീട് ലാൽ സാർ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെയാണ് ‘ജയിലറി’ലേക്ക് ഒരു ഡിസൈനറെ ആവശ്യമുണ്ടെന്ന് അറിയുന്നത്. പിന്നീട് സിനിമയുടെ അണിയറപ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. 1970–90 കാലഘട്ടത്തിലുള്ള ഒരു ഡോൺ ലുക്കാണ് അവർക്കാവശ്യം. കൂടെ പാബ്ലോ എസ്കോബാറിന്റെ ഒരു സീരിസും റഫറൻസിന് വേണ്ടി പറഞ്ഞു തന്നു. അതുപോലൊരു ലുക്ക്...നല്ല മാസ്സ് ലുക്ക്...ആക്സസറീസും കൂളിങ്ങ് ഗ്ലാസുമടക്കമെല്ലാം ആ പഴയ കാലഘട്ടത്തെ ഓർമിപ്പിക്കണം. അതിനുള്ള ശ്രമമാണ് ഇന്ന് എനിക്ക് ഇത്രയേറെ കയ്യടി നേടി തന്നത്. 

mohanlal2
ജിഷാദ് Image Credits: Instagram/jishadshamsudeen

ഫ്ലോറൽ പ്രിന്റ് വേണം, അതുപോലെ തന്നെ ആ പഴയ മൂഡ്, ഇത്രമാത്രമേ സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നുള്ളു. ബാക്കിയെല്ലാം എന്റെ ഇഷ്ടപ്രകാരം ചെയ്യാൻ അനുവദിച്ചു. മോഹന്‍ലാൽ സാറിനോട് സംസാരിച്ചപ്പോഴും ചെറിയ സജഷൻ മാത്രമാണ് തന്നത്. എന്റെ ഇഷ്ടത്തിന് വർക്ക് ചെയ്യാൻ എല്ലാവരും ഒരു സ്പേസ് തന്നു. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സ്റ്റൈൽ തന്നെ ഒരുക്കണമെന്നുണ്ടായിരുന്നു. 

17 ഡിസൈനുകളിലുള്ള ഷർട്ട്, 10ലധികം ഡിസൈനിലുള്ള പാന്റുകൾ, 10 ലധികം തന്നെ ഡിസൈനിലുള്ള ആക്സസറീസ്, ഗ്ലാസ് എല്ലാം റഫറൻസ് നൽകിയിരുന്നു. 17 ഷർട്ട് കൊടുത്തതിൽ നിന്ന് 5 എണ്ണമാണ് അവർ സെലക്ട് ചെയ്തത്. അതിൽ നിന്നാണ് പുത്തൻ ലുക്ക് ഒരുക്കിയത്. ക്രീമി യെല്ലോ, ബഫ് ഗ്രെ, ഓറഞ്ച്, ടൗണി ബ്രൗൺ, ഡാർക്ക് ബ്രൗൺ എന്നീ നിറങ്ങളിലാണ് ലെപെർഡ് ഷർട്ട് ഡിസൈൻ ചെയ്തത്. 

∙സാറിന് ഇഷ്ടപ്പെട്ടത് ആ ലുക്ക്, പക്ഷേ,...
അവസാനമായി രണ്ട് ഷർട്ട് ഡിസൈനുകൾ അണിയറ പ്രവർത്തകർക്ക് നൽകി. അതിൽ ലെപേർഡ് ഡിസൈനിലുള്ള ഷർട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. സിനിമയുടെ ഇന്‍ട്രോ സീനിൽ സാർ ധരിച്ചത് ആ ഷർട്ടാണ്. പക്ഷേ, ചുവപ്പ് നിറത്തിലുള്ള സിനിമയുടെ ക്ലൈമാക്സ് സീനിൽ ധരിച്ച വസ്ത്രമാണ് മോഹൻലാൽ സാറിന് കൂടുതൽ ഇഷ്ടപ്പെട്ടത്. അതിന്റെ ട്രീറ്റ്മെന്റും കളർഫുൾ ട്രൗസേർസുമെല്ലാം സാറിന് ഒരുപാട് ഇഷ്ടപ്പെട്ടു. അത് ഇൻട്രോ സീനിൽ ഇടാമെന്നാണ് സാറും ആഗ്രഹിച്ചത്. എന്നാൽ സംവിധായകനും മറ്റും തിരഞ്ഞെടുത്തത് ലെപേർഡ് ഡിസൈനിലുള്ള ഷർട്ടാണ്. സംവിധായകൻ പറഞ്ഞതോടെ ലെപേർഡ് ഡിസൈനിലുള്ള വസ്ത്രം ധരിക്കാമെന്ന് സാറും തീരുമാനിച്ചു. അന്ന് സിനിമയിൽ ഒരു ലുക്ക് മാത്രമേ സാറിനുള്ളു എന്നാണ് പറഞ്ഞത്. അതുകൊണ്ട് രണ്ടാമത്തെ ലുക്ക് പറ്റില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു. പിന്നീടാണ് സാറിന് ഒരു സീൻ കൂടിയുണ്ടെന്നും അതിന് മറ്റൊരു ലുക്കും കൂടി വേണമെന്നും അണിയറ പ്രവർത്തകർ പറഞ്ഞത്. അത് വളരെയധികം സന്തോഷമുണ്ടാക്കി. നമുക്കൊരു ഇഷ്ടമുണ്ടെങ്കിൽ അത് നടക്കും എന്ന് മനസ്സിൽ തോന്നിയ സമയമായിരുന്നു അത്. 

∙ ഒരുപാട് പേർ പ്രശംസിച്ചു, ഏറെ സന്തോഷം
വസ്ത്രം കണ്ടപ്പോൾ തന്നെ സംവിധാകൻ എന്നെ ഒരുപാട് പ്രശംസിച്ചു. ചെറിയ ഒരു സജഷന്‍ മാത്രം തന്നതിൽ നിന്ന് ഇത്രയധികം നൽകിയത് അവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് മറ്റൊരു ഡിസൈനറുണ്ട്. എനിക്ക് സാറിന്റെ ലുക്ക് തന്നപ്പോഴും, അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉപയോഗിക്കാനായി സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാക്കിയിരുന്നു. സൺഗ്ലാസ് വരെ അവർ തയാറാക്കി വച്ചിരുന്നു. പക്ഷേ, അതിനേക്കാൾ നല്ലതായിരുന്നു എന്റെ സ്റ്റൈൽ. അതെല്ലാം ഒരുപാട് സന്തോഷമായിരുന്നു. 

mohanlal-jailer
ജിഷാദ് മോഹൻലാലിനൊപ്പം, Image Credits: Instagram/jishadshamsudeen

ലുക്ക് ചെയ്ത സമയത്ത് എല്ലാവർക്കും ഇഷ്ടമാകും, ഒരു മാസ് ലുക്ക് ഉണ്ടാവും എന്നു മാത്രമേ ചിന്തിച്ചിട്ടുണ്ടായിരുന്നുള്ളു. ഒരിക്കലും ആ ട്രെന്‍ഡ് ഇത്രയ്ക്കങ്ങ് സെൻസേഷണലാകും എന്ന് ചിന്തിച്ചിരുന്നില്ല. പല തവണ സാറിന് വേണ്ടി സ്റ്റൈൽ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം ഫാഷനെ ജനങ്ങൾ പ്രശംസിക്കുമെന്ന് മനസ്സിൽ പോലും കരുതിയിരുന്നില്ല. 

∙സാറിനൊപ്പമെത്തിയിട്ട് 4 വർഷമായി
ദുബായിയിലെ ‘സ്പ്ലാഷ്’ ഫാഷൻ എന്ന സ്ഥാപനത്തിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് നാട്ടിൽ വന്നപ്പോഴാണ് സംവിധായകൻ ശ്രീകുമാർ മേനോനെ പരിചയപ്പെടുന്നത്. അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. അദ്ദേഹം ചെയ്യുന്ന ഒരു പരസ്യത്തിൽ മോഹൻലാൽ സാറിന്റെ ലുക്ക് ചെയ്യാനായാണ് ആദ്യമായി എത്തുന്നത്. അന്ന് ഞാൻ ചെനൈയിലായിരുന്നു. അവിടെ നിന്ന് എത്തിയാണ് അന്ന് സ്റ്റൈൽ ചെയ്തത്. സാറിന് വേണ്ടി ഒരു ജാക്കറ്റ് ഡിസൈൻ ചെയ്തു. അതിന് ശേഷം സാറിന് എന്നെ ഒരുപാട് ഇഷ്ടമായി. പിന്നീട് ഒരിക്കൽ സാർ എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. സൈമ അവാർഡ്സിന് വേണ്ടി സ്റ്റൈൽ ചെയ്തു. ആറാട്ട്, ബ്രോ ഡാഡി, എലോൺ, മലൈക്കോട്ടെ വാലിബൻ എന്നീ സിനിമകളിൽ സാറിന്റെ സ്റ്റൈലിന് പിന്നില്‍ പ്രവർത്തിച്ചവരിൽ ഒരാളാകാൻ എനിക്ക് കഴിഞ്ഞു. ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിലും സാറിന്റെ സ്റ്റൈലിസ്റ്റായി. 4 വർഷമായി മോഹൻലാൽ സാറിനൊപ്പമുണ്ട്. 

നമ്മൾ ചെയ്യുന്ന ഒരു വർക്കിന് വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ സാർ തയാറാണ്. നമ്മൾ ഏത് ലുക്ക് പറഞ്ഞാലും അതിന് വേണ്ടി സാറും ഒരുപാട് പ്രവർത്തിക്കും. സ്പേസ്, ഫ്രീഡം; ഒരു സ്റ്റൈൽ ചെയ്യാൻ ഏറ്റവും ആവശ്യം അതാണ്. മോഹൻലാൽ സാറിന്റെ ഏറ്റവും വലിയ പ്രത്യേകതയും അതാണ്. നമുക്ക് കൂടുതൽ ഫ്രീഡം സാർ തരും. ലുക്കിനെ പറ്റി ജസ്റ്റ് സജഷൻസ് തരും. പിന്നീട് അങ്ങനെ ഇടപെടാറൊന്നുമില്ല. ലുക്ക് കാണിച്ചാൽ അതിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ പറയും. അത്രമാത്രം...

∙ വിൻഡേജ് കൺസെപ്റ്റ് ചെയ്യണമെന്നുണ്ട്
സാറിനെ വച്ച് ഒരു വിൻഡേജ് കൺസെപ്റ്റ് സ്റ്റൈൽ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. സാർ ഇപ്പോള്‍ ഫിറ്റ്നസെല്ലാം ഓകെയാണ്. അതുകൊണ്ട് തന്നെ ആ ലുക്ക് ഒരുപാട് നന്നായിരിക്കും എന്നാണ് തോന്നുന്നത്. അതിന് വേണ്ടി അവസരം കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ഒരു സിനിമ മുഴുവനായി കോസ്റ്റ്യൂം ചെയ്യണമെന്നും ആഗ്രഹമുണ്ട്. സിനിമാതാരങ്ങളായ ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ സ്റ്റൈൽ ചെയ്യുന്നുണ്ട്. സ്വന്തം സ്ഥാപനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. 

mohanlal1
ജിഷാദ് മോഹൻലാലിനൊപ്പം, Image Credits: Instagram/jishadshamsudeen

Content Highlights: Mohanlal | Jailer | Jailer Movie | Jailer Movie Mohanlal Look | Mohanlal Look | Lifestyle | Fashion | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com