ADVERTISEMENT

ചെറു പ്രായത്തിൽ ശരീരമാകെ പൊള്ളലേറ്റിട്ടും പ്രതിസന്ധികളെ വകവെക്കാതെ ജീവിതത്തിൽ പഠിച്ചു മുന്നേറിയ ഡോക്ടർ ഷാഹിന കുഞ്ഞുമുഹമ്മദിന്റെ കഥ രണ്ട് വർഷം മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു വഴിയൊരുക്കിയതാകട്ടെ വിഷ്ണു സന്തോഷ് എന്ന ഫൊട്ടോഗ്രാഫറുടെ കാമറ കണ്ണുകളും. മലരിക്കലിലെ ആമ്പൽ പാടത്തുവച്ച് വിഷ്ണു പകർത്തിയ ഷാഹിനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അന്നു വൈറലായിരുന്നു. രണ്ടുവർഷം മുൻപ് ജീവിതത്തിനാകെ നിറം പകർന്ന അതേ ഫോട്ടോഷൂട്ടിന്റെ റീക്രിയേഷനുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഷാഹിനയും വിഷ്ണുവും. എന്നാൽ പുതിയ ചിത്രങ്ങളിൽ ഷാഹിന ഒറ്റയ്ക്കല്ല. കൂട്ടായി ഭർത്താവ് നിയാസുമുണ്ട്.

2021 സെപ്റ്റംബറിലായിരുന്നു വിഷ്ണു പകർത്തിയ ഷാഹിനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അത് ജനങ്ങൾ ഏറ്റെടുത്തതോടെ ഷാഹിനയെക്കുറിച്ചറിഞ്ഞ് മമ്മൂട്ടി ചികിത്സാസഹായവുമായി രംഗത്തെത്തി. അന്നുമുതൽ പതഞ്‌ജലി ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ചികിത്സയിലാണ് ഷാഹിന. പൊള്ളലേറ്റ മുഖത്തിന് രണ്ടു വർഷങ്ങൾ കൊണ്ട് ഒട്ടേറെ മാറ്റങ്ങൾ വന്നു.

Shahina
ഷാഹിനയും നിയാസും, Image Credits: Instagram/_viishnu_santhosh

അന്നത്തെ ചിത്രങ്ങൾ കണ്ടാണ് നിയാസും ഷാഹിനയ്ക്കരികിൽ എത്തിയത്. ജീവിതത്തിൽ ഇവർ കൈകോർത്തു നടന്നു തുടങ്ങിയതിന്റെ ഒന്നാം വാർഷികം അടുക്കുന്ന അവസരത്തിൽ വിഷ്ണു തന്റെ കാമറയ്ക്ക് മുന്നിൽ ഒന്നുകൂടി ഷാഹിനയെ എത്തിച്ചു. മലരിക്കലിൽ വച്ചുതന്നെയായിരുന്നു രണ്ടാമത്തെ ഫോട്ടോഷൂട്ടും. 2021ൽ അണിഞ്ഞ അതേ വസ്ത്രം ധരിച്ചാണ് ഷാഹിന ഇത്തവണയും ഫോട്ടോഷൂട്ടിന് എത്തിയത്.

Shahina
ഷാഹിനയും നിയാസും, Image Credits: Instagram/_viishnu_santhosh

അഞ്ചുവയസ്സുള്ളപ്പോഴാണ് മണ്ണെണ്ണ വിളക്കിൽ നിന്നും തീയാളി പടർന്ന് ഷാഹിനയ്ക്ക് അപകടം ഉണ്ടായത്. ശരീരമാസകലം തീപ്പൊള്ളലേറ്റു. പൊള്ളലേറ്റ മുഖവുമായി മറ്റുള്ളവർക്ക് മുന്നിൽ എത്താൻ മടിച്ചിരുന്ന ഷാഹിന പിന്നീട് ആത്മവിശ്വാസം കൈമുതലാക്കി ജീവിതത്തിൽ തല ഉയർത്തി നിൽക്കാൻ തീരുമാനിച്ചു. നിലവിൽ മലപ്പുറം പെരുമ്പടപ്പിലെ ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫിസറാണ് ഷാഹിന. 

sahina
ഷാഹിന, 2 വർഷം മുമ്പുള്ള ഫോട്ടോഷൂട്ടിൽ നിന്ന്, Image Credits: Instagram/_viishnu_santhosh

പ്രതീക്ഷിച്ചതിനുമപ്പുറം ജനശ്രദ്ധ ലഭിച്ചതോടെ ഷാഹിനയുടെ ജീവിതം മാറിമറിയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഫോട്ടോഷൂട്ടിൽ ഷാഹിനയുടെ ചിരിക്ക് പതിന്മടങ്ങ് ശോഭയാണ്. താൻ ഷാഹിനയെ പരിചയപ്പെട്ടത് ഒരു നിയോഗമായിരുന്നു എന്ന് വിഷ്ണുവിന്റെ വാക്കുകൾ. ഷാഹിനയുടെ ചികിത്സയ്ക്ക് വഴിയൊരുങ്ങിയതിനും നിയാസിനെ കണ്ടുമുട്ടിയതിനുമെല്ലാം ഒരു നിമിത്തമാകാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷവും വിഷ്ണു മനോരമ ഓൺലൈനിനോട് പങ്കുവച്ചു. വിഷ്ണുവിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന പുതിയ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Shahina
ഷാഹിനയും നിയാസും, Image Credits: Instagram/_viishnu_santhosh

Content Highlights: Shahina Kunju Muhammad | Life | Photoshoot | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT