മൂന്നു ഫുട്ബോൾ മൈതാനത്തേക്കാൾ വലുപ്പം, കൈകൊണ്ട് നിർമാണം, റെക്കോർഡ്; ഇതൊരൊന്നന്നര വിഗ്!

Mail This Article
ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പലപ്പോഴും വാർത്തകളിൽ ഇടംപിടിയ്ക്കുന്നത് ചില രസകരമായ സംഭവങ്ങളിലൂടെയായിരിക്കും. നിത്യജീവിതത്തിൽ നമ്മൾ കണ്ടുപരിചയിക്കുന്ന പല കാര്യങ്ങളും ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം പിടിയ്ക്കുമ്പോൾ അമ്പരപ്പും കൗതുകവും നിറഞ്ഞൊരു അനുഭവമായിരിക്കും നമുക്ക് നൽകുക. അതുപോലെയൊരു റെക്കോർഡ് പ്രകടനത്തിന്റെ വിശേഷമാണിത്. നൈജീരിയയിൽ നിന്നുള്ള ഒരു സ്ത്രീ ലോകത്തിലെ ഏറ്റവും നീളമുള്ള വിഗ് കൈകൊണ്ട് നെയ്തുകൊണ്ട് ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ്. നൈജീരിയയിലെ ലാവോസിൽ നിന്നുള്ള ഹെലൻ വില്യംസ് കൈകൊണ്ട് നിർമ്മിച്ച വിഗ് 351.28 മീറ്റർ നീളമുള്ളതാണ്. അതായത് 1,152 അടിയ്ക്കും 5 ഇഞ്ചിനും തുല്യം. ശരിക്കു പറഞ്ഞാൽ മൂന്ന് ഫുട്ബോൾ മൈതാനങ്ങളേക്കാൾ നീളമുള്ള വിഗ്. 11 ദിവസമെടുത്താണ് ഹെലൻ ഈ ബ്രഹ്മാണ്ഡ വിഗ് നിർമ്മിച്ചെടുത്തത്.
ഹെലൻ ഒരു പ്രൊഫഷണൽ വിഗ് നിർമ്മാതാവാണ്. എല്ലാ ആഴ്ചയും അവർ നിരവധി വിഗ്ഗുകൾ നെയ്യുന്നു. ചെറുപ്പം മുതൽ ഗിന്നസ് വേൾഡ് റെക്കോർഡുകളെക്കുറിച്ച് വായിക്കുകയും അറിയും ചെയ്യുമായിരുന്നു. താനുമൊരിക്കൽ ഗിന്നസ് റെക്കോർഡ് നേടുമെന്ന് മനസിൽ കുറിച്ചിട്ടു. ഇത്രയും നീളമുള്ള വിഗ് നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും ഒരു വിഗ് മേക്കർ എന്ന നിലയിലുള്ള തന്റെ അനുഭവം ഈ പ്രക്രിയയ്ക്ക് വളരെയധികം സഹായിച്ചുവെന്നും ഹെലൻ പറയുന്നു.
സൈക്കിൾ ഹെൽമറ്റിലാണ് വിഗ് ക്യാപ്പ് ഘടിപ്പിച്ചത്.1000 ബണ്ടിൽ മുടി ഈ വിഗ് നിർമ്മാണത്തിനായി ഉപയോഗിച്ചു. ഒപ്പം 12 ക്യാൻ ഹെയർ സ്പ്രേ, 35 ഹെയർ ഗ്ലൂ സ്പ്രേകൾ, 6250 ഹെയർ ക്ലിപ്പുകൾ എന്നിവയും വിഗ് പൂർത്തിയാക്കാൻ വേണ്ടി വന്നു. 11 ദിവസത്തെ വിഗ് നിർമ്മാണത്തിനിടെ പലപ്പോഴും തളർച്ച അനുഭവപ്പെട്ടതായും എന്നാൽ തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകിയ പ്രോത്സാഹനമാണ് റെക്കോർഡ് നേടാൻ സഹായിച്ചതെന്നും അവർ പറഞ്ഞു. ഇടയ്ക്ക് ഈ പ്രവർത്തനം നിർത്തിയാലോ എന്നാലോചിച്ചെങ്കിലും വീട്ടുകാരുടേയും മറ്റും പിന്തുണ കണ്ടപ്പോൾ അത് പൂർത്തിയാക്കാൻ ഹെലൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഫലമോ ലോകത്തിലെ ഏറ്റവും നീളമേറിയ കൈകൊണ്ട് നിർമ്മിച്ച വിഗ് എന്ന റെക്കോർഡും.
ഈ റെക്കോർഡ് പ്രകടനത്തിനിടെ ഹെലൻ നേരിട്ട മറ്റൊരു വെല്ലുവിളി തന്റെ റെക്കോർഡ് തകർക്കുന്ന വിഗ് നേർരേഖയിൽ നിരത്തി കൃത്യമായി അളക്കാൻ കഴിയുന്നത്ര വിശാലമായ വേദി കണ്ടെത്തുക എന്നതായിരുന്നു. ലാഗോസിനും അബെകുട്ടയ്ക്കും ഇടയിൽ പോകുന്ന ഒരു ഹൈവേയുടെ വശത്ത് തന്റെ മാസ്റ്റർപീസ് പ്രദർശിപ്പിക്കാൻ ഒടുവിൽ തീരുമാനിച്ചു. അത്ര നീളമുള്ള വിഗ് ഹെലൻ തലയിൽ ഉറപ്പിച്ച് ബാക്കിയുള്ള മുടിയുടെ നടുക്ക് ഇരിക്കുന്ന ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.