‘കുട്ടിയെന്താ ടൈറ്റായിട്ടുള്ള വസ്ത്രം ധരിക്കുന്നത്’; നീളക്കുറവുള്ള ഉടുപ്പിട്ടാൽ അമ്മ രൂക്ഷമായി നോക്കും: അഭയ
Mail This Article
വേറിട്ട ശബ്ദവുമായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. പാട്ടുപോലെ തന്നെ അഭയയുടെ സ്റ്റൈലിനും ഫാഷനുമെല്ലാം ആരാധകർ ഏറെയാണ്. വസ്ത്രത്തിന്റെ പേരിലും നിലപാടുകളുടെ പേരിലുമെല്ലാം എപ്പോഴും വിമർശനങ്ങളും അഭയ ഏറ്റുവാങ്ങാറുണ്ട്. ഒരു വ്യക്തി അവന്റെ തെറ്റ് മൂടി വച്ചിട്ടായിരിക്കും ഓൺലൈനിൽ വന്ന് സദാചാരം നടത്തുന്നതെന്നും അതിനെ അതിന്റേതായ അവജ്ഞയോടെ തള്ളിക്കളയാറുണ്ടെന്നും അഭയ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഹിരൺമയ എന്ന സാരി ബ്രാന്റ് തുടങ്ങാനുള്ള തന്റെ ആഗ്രഹവും മറ്റ് വിശേഷങ്ങളും അഭയ മനോരമ ഓൺലൈനുമായി പങ്കുവച്ചു.
എന്റെ ഭാഗത്തും തെറ്റുണ്ട്
മോശം കമന്റുകൾ എഴുതാൻ എത്ര സമയം വേണം. എനിക്ക് ഇൻസ്റ്റാഗ്രാം ഒന്നു തുറന്നു നോക്കാനുള്ള സമയം പോലും കിട്ടുന്നില്ല. അങ്ങനെ നോക്കുമ്പോൾ അവർക്കൊക്കെ ഒരുപാട് സമയം ഉണ്ട്. അത് പ്രൊഡക്റ്റീവായി ഉപയോഗിക്കാന്‍ പറ്റാത്തത് അവരുടെ ഗതികേടാണ്. എത്ര നല്ല കമന്റുകള്‍ക്കിടയിലും ഒരു നെഗറ്റീവ് കമന്റ് വന്നാൽ അതു മാത്രം ആലോചിച്ച് വിഷമിക്കും. അപ്പോൾ നമ്മുടെ ഭാഗത്തും തെറ്റുണ്ട്. അതൊക്കെ ഡിലീറ്റ് ചെയ്തു പോകുക എന്നതാണ് നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം. പക്ഷേ ഒരു വ്യക്തിയുടെ പോസ്റ്റിലേക്ക് വന്നിട്ട് ഇത്ര ധൈര്യമായി അവരുടെ സ്വകാര്യ ജീവിതത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ കമന്റിടാൻ എങ്ങനെ ധൈര്യം കിട്ടുന്നു? ഒരു വ്യക്തി അവന്റെ തെറ്റ് മൂടി വച്ചിട്ടായിരിക്കു ഓൺലൈനിൽ വന്ന് സദാചാരം നടത്തുന്നത്. അതിനെ അതിന്റേതായ അവജ്ഞയോടെ തള്ളിക്കളയാനേ പറ്റൂ.
ഞാൻ ആരുടെയും ലൈഫിൽ പോയിട്ട് അവരുടെ പേഴ്സണൽ കാര്യങ്ങളിൽ തലയിടുന്നില്ല. സെലിബ്രിറ്റീസ് എന്നു പറയുന്നവർ വേറെയെന്തോ തലമാണ്. അവർക്ക് കാശ് കിട്ടുന്നതും വണ്ടി മേടിക്കുന്നതും അവർക്ക് പട്ടി ഉണ്ടാകുന്നതും വെറുതെ ഇരിക്കുമ്പോൾ കിട്ടുന്നതാണെന്ന ചിന്തയാണ് ചിലർക്ക്. എന്നാൽ അങ്ങനെയല്ല. ഇവർക്കൊക്കെ എല്ലാ ദിവസവും രാവിലെ പോയി രാത്രി തിരിച്ചു വന്ന് അവരുടെ കുടുംബത്തോടൊപ്പമിരിക്കാൻ പറ്റുന്നില്ലേ? ഞങ്ങൾക്കതൊന്നും സാധിക്കാറില്ല. അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ഷോയ്ക്കു പോയിക്കഴിഞ്ഞാൽ രണ്ടു മാസം കഴിഞ്ഞിട്ടായിരിക്കും തിരികെ എത്തുന്നത്. വീട്ടിൽ നിന്നു മാറി നിന്ന് പരിചയമില്ലാത്ത മനുഷ്യരുമായി ഇടപഴകി, അവരെ സന്തോഷിപ്പിച്ച് തിരിച്ചു വരുന്നതാണു ജോലി. തീർച്ചയായും അതില്‍ ബുദ്ധിമുട്ടുകൾ ഉണ്ട്.
‘എന്താ കുട്ടിയെ ഇങ്ങനെ വളർത്തുന്നത്’
പണ്ടുമുതൽ ഇഷ്ട്ടത്തിന് അനുസരിച്ച് കയ്യില്ലാത്തതും നീളക്കുറവുമൊക്കെയുള്ള വസ്ത്രം ഇട്ടു നടക്കുമായിരുന്നു. അപ്പോഴൊക്കെ അമ്മയ്ക്കെന്നും നാട്ടുകാരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ടിവരുമായിരുന്നു. "ആനി നീ എന്താ കുട്ടിയെ ഇങ്ങനെ വളർത്തുന്നത്" എന്ന് ചോദിക്കുന്നവർ ഉണ്ടായിരുന്നു. ''ആനീടെ കുട്ടിയെന്താ ഇത്രയും ടൈറ്റായിട്ടുള്ള വസ്ത്രം ധരിക്കുന്നത്?'', ഇങ്ങനെ തുടർന്നു ചോദ്യങ്ങൾ. ഒടുവിൽ ഇതൊക്കെ കേട്ട് കേട്ട് അമ്മയ്ക്കു മടുത്തു. ഇപ്പോഴും കുറച്ച് നീളക്കുറവുള്ള ഉടുപ്പിൽ ഞാൻ പുറത്തേക്കിറങ്ങിയാൽ അമ്മ രൂക്ഷമായി നോക്കും. ഇതിനെന്താ ഇത്രയും നീളം കുറവ്? എന്നു ചോദിക്കും. അതിനൊരു മാറ്റവുമില്ല.
ഇപ്പോഴത്തെ കുട്ടികൾക്ക് അത് പറഞ്ഞാൽ മനസ്സിലാകുമോ? അവർ സ്വാതന്ത്ര്യം അനുഭവിക്കുന്നു. എന്നുകരുതി എന്റെ അച്ഛനെയും അമ്മയെയും തെറ്റു പറയാൻ പറ്റില്ല. അവർ പറഞ്ഞത് എന്റെ സേഫ്റ്റിക്കു വേണ്ടിയിട്ടാണ്. അന്നത്തെ കാലഘട്ടം അതായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് യാതൊരുവിധ റെസ്ട്രിക്‌ഷനും ഇല്ല. അവരുടെ അച്ഛനും അമ്മയും അവരെ എന്തു വേണമെങ്കിലും ചെയ്യാൻ അനുവദിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ എത്ര കുട്ടികളാണ് നാട്ടിലുള്ളത്. അതൊക്കെ ചെയ്യാൻ അവരുടെ അച്ഛനും അമ്മയും അനുവദിക്കുന്നില്ലേ? കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. അതിനനുസരിച്ച് മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു.
നല്ല ഉടുപ്പുകൾ എനിക്ക് ഇഷ്ടമാണ്
നല്ല ഭംഗിയായി ഒരുങ്ങി നടക്കാൻ എനിക്ക് ഇഷ്ടമാണ്. എന്റെ ചുറ്റുമുള്ളവരെയും ഒരുക്കാൻ ഏറെ ഇഷ്ടം. എന്റെ കയ്യിലിരിക്കുന്ന സാധനങ്ങളെല്ലാം എല്ലാവർക്കും കൊടുക്കും. ''നിങ്ങൾ നല്ല രസമായിട്ട് ഒരുങ്ങി അതിന്റെ ഫോട്ടോസൊക്കെ എനിക്ക് അയച്ചു തരണേ'' എന്നു ഞാൻ പറയാറുണ്ട്. അതുകൊണ്ട് എന്റെ പരിപാടികളിൽ എന്നെ നന്നായി കാണിക്കാൻ എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കും. ഹിരൺമയ എന്ന സാരി ബ്രാൻഡ് ഞാൻ തുടങ്ങുകയാണ്. അത് എന്റെ വലിയ സ്വപ്നമാണ്.