ബ്രാൻഡഡ് അല്ല, കയ്യിലൊതുങ്ങുന്ന സ്റ്റൈലിഷ് വസ്ത്രങ്ങളോടാണ് പ്രിയം
Mail This Article
വർഷത്തിൽ ഏകദേശം മുന്നൂറുദിവസവും ഓഫിസിൽ പോകുന്നവരാണ് ജോലിക്കാരായ സ്ത്രീകൾ. അഞ്ചക്കശമ്പളം കയ്യിൽവരാൻ തുടങ്ങിയതോടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് എത്രവേണമെങ്കിലും ഉടുപ്പുകൾ വാങ്ങാമെന്നായി. പക്ഷേ കുടുംബച്ചെലവ് താളംതെറ്റാതിരിക്കാൻ പലർക്കും ഒരു ‘ഫാഷൻ ബജറ്റ്’ തന്നെയുണ്ട്. 500– 1000 റേഞ്ചിലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് മിക്കവരും.
എടുത്താൽപൊങ്ങാത്ത വിലയ്ക്കു രണ്ടോ മൂന്നോ പ്രീമിയം ബ്രാൻഡ് ഡ്രസ് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കുറെ എണ്ണം വാങ്ങുന്നതാണ് ലാഭകരം എന്നത് മിക്കവരും ഒരേ സ്വരത്തിൽ പറയുന്നു. എങ്കിലും പാർട്ടി ആവശ്യങ്ങൾക്കുവേണ്ടി അത്യാവശ്യം വിലയുള്ള ഡ്രസുകൾ വാങ്ങുന്നതിനും മടിയില്ല.
എറണാകുളത്ത് കോൺവന്റ് ജംക്‌ഷൻ, ബ്രോഡ് വേ, കോഴിക്കോട് മിഠായിത്തെരുവ് പോലുള്ള സ്ഥലങ്ങൾ ഇപ്പോഴും യുവാക്കൾക്കിഷ്ടപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങളായി തുടരുന്നു. പണ്ടത്തെപ്പോലെ മെറ്റീരിയൽ വാങ്ങി തയ്പിച്ചെടുക്കുന്ന രീതി ഓഫിസ് വെയറിന്റെ കാര്യത്തിൽ ക്ലിക്കാകാറില്ലെന്നാണ് അഭിപ്രായം. എന്നാൽ ഫെസ്റ്റീവ് ആവശ്യങ്ങൾക്കുവേണ്ടി ഡിസൈനർമാരെയും തയ്യൽക്കാരെയും തേടിപ്പോകുന്നവരുമുണ്ട്.
ആക്സസറീസ്– നോ കോംപ്രമൈസ്
ഡ്രസിന്റെ കാര്യത്തിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണം എന്നതാണ് നയമെങ്കിലും ക്ലച്ച് പഴ്സ്, വാനിറ്റി ബാഗ് തുടങ്ങി വാച്ചും ചെരിപ്പുംവരെ സാമാന്യം നല്ല ബ്രാൻഡഡ് ആയിരിക്കണമെന്ന നിർബന്ധമുള്ളവരാണ് പലരും. 500 രൂപയുടെ ടോപ്പാണെങ്കിലും കാൻവാസ് ഷൂസ് 5000 രൂപയുടെ പ്രീമിയം ബ്രാൻഡ് ആയാൽ കൊള്ളാം. ആക്സസറീസ് ബജറ്റ് ഫ്രണ്ട‌്‌ലി ബ്രാൻഡുകൾ നോക്കിവാങ്ങുന്നവരും ഇല്ലാതില്ല. പാർട്ടി ആവശ്യങ്ങൾക്കുപോകുമ്പോൾ ഒരു ഹെവി സ്റ്റേറ്റ്മെന്റ് പീസ് ഓർണമെന്റ് പലർക്കും മസ്റ്റ് ആണ്.
ചെരിപ്പ്, ബാഗ്, ഷൂസ് തുടങ്ങിയവയിൽ നല്ല ബ്രാൻഡഡ് ഒരെണ്ണം എപ്പോഴും ഉണ്ടാകും. ബാക്കി ചെറിയ വിലയുടേത്. പെർഫ്യൂം പലരും ബ്രാൻഡ് നോക്കി തന്നെയാണു വാങ്ങുന്നത്