ഗോൾഡൻ ഗ്ലോബിനിടെ വജ്രം നഷ്ടപ്പെട്ടു, റെഡ്കാർപെറ്റിൽ ‘മുട്ടിലിഴഞ്ഞ്’ റിപ്പോർട്ടർ!

Mail This Article
ആളുകൂടിയ ഒരു സ്ഥലത്ത് വച്ച് ഏറെ പ്രിയപ്പെട്ട ഒരു സാധനം കളഞ്ഞുപോയാൽ എന്തുചെയ്യും? നഷ്ടപ്പെട്ടത് വളരെ വിലപ്പെട്ടതു കൂടിയാണെങ്കിൽ വേദി ഏതാണെങ്കിലും ഇറങ്ങി തിരിയുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. വിവാഹമോതിരത്തിലെ 4 ക്യാരറ്റ് വജ്രം നഷ്ടപ്പെട്ട വജ്രം തിരയുന്ന കെൽറ്റി നൈറ്റിന്റെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വേദി ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങ്.
ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങിന്റെ റിപ്പോർട്ടിങ്ങിനിടെ റെഡ് കാർപെറ്റിൽ നിന്ന് ചിത്രങ്ങളെടുക്കുന്നതിനിടെയാണ് കെൽറ്റി നൈറ്റ് തന്റെ വിവാഹ മോതിരത്തിലെ വജ്രം കളഞ്ഞുപോയെന്ന് മനസിലാക്കുന്നത്. പിന്നാലെ സമീപത്തെല്ലാം വജ്രം തിരയാൻ തുടങ്ങി. തന്റെ സഹപ്രവർത്തകരോടും കെൽറ്റി മോതിരത്തിലെ വജ്രം തിരയാനായി ആവശ്യപ്പെട്ടു. ഫൊട്ടോഗ്രാഫർമാരോട് സൂം ലെൻസുകൾ ഉപയോഗിച്ച് വജ്രം തിരയാനും ആവശ്യപ്പെട്ടു.
പിന്നാലെ കെൽറ്റി തന്റെ വജ്രം കളഞ്ഞുപോയെന്നും അത് കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർഥിച്ച് ഇൻസ്റ്റഗ്രാമിൽ വിഡിയോയും പങ്കുവച്ചു. ‘എല്ലാവർക്കും നമസ്കാരം, ഗോൾഡൻ ഗ്ലോബ് എമർജൻസി. നിങ്ങളൊരു സെലിബ്രിറ്റിയാണെങ്കിൽ, ചുവന്ന പരവതാനിയിൽ 4 കാരറ്റ് വജ്രം കാണുകയാണെങ്കിൽ, അത് ഇയിലെ കെൽറ്റി നൈറ്റിന് തിരികെ നൽകുക! 'കാരണം അത് പോയി. ഇത് യഥാർഥമാണ്’ കെൽറ്റി വിഡിയോയിൽ പറഞ്ഞു.
ഗോൾഡൻ ഗ്ലോബിലെ റെഡ്കാർപെറ്റിൽ പൂച്ചയെപ്പോലെ മുട്ടിലിഴഞ്ഞ് കെൽറ്റി മോതിരത്തിലെ വജ്രം തിരയുന്നതിന്റെ ചിത്രവും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. മേക്കപ്പ് ചെയ്യുമ്പോൾ അത് തന്റെ കയ്യിലുണ്ടായിരുന്നെന്നും പിന്നീടാണ് കളഞ്ഞുപോയതെന്നും കെല്‍റ്റി പറഞ്ഞു. പിന്നാലെ നിരവധി പേരാണ് വജ്രം തിരിച്ചു കിട്ടിയോ എന്ന കമന്റ് വിഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുന്നത്. ഇതുവരെ മോതിരത്തിലെ വജ്രം തിരിച്ചു കിട്ടിയതായി കെൽറ്റി പറഞ്ഞിട്ടില്ല. ഇ എന്ന എന്റർടെയ്ൻമെന്റ് ചാനലിലെ ചീഫ് ന്യൂസ് കറസ്പോണ്ടന്റാണ് കെൽറ്റി.