ADVERTISEMENT

എന്തിനുമേതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായം ലഭിക്കുന്ന കാലമാണിത്. വസ്ത്രമോ ആഭരണമോ ഒക്കെ വാങ്ങണമെങ്കിൽ സുഹൃത്തുക്കളെയും ഒപ്പം കൂട്ടി അഭിപ്രായം തേടിയിരുന്നതിനും എഐ യുഗം മാറ്റം വരുത്തുകയാണ്. സുഹൃത്തിനു പകരം ഒരു സ്മാർട്ട്ഫോൺ കയ്യിൽ കരുതിയാൽ യോജിച്ച വസ്ത്രവും ആഭരണവുമൊക്കെ ഏതാണെന്ന് എഐ തന്നെ ഇനി പറഞ്ഞുതരും. ഇവയിൽ ചിലതെങ്കിലും പൂർണമായി ഉപകാരപ്രദമല്ലെങ്കിലും ഫാഷൻ ടിപ്സുകൾ പറഞ്ഞു തരാനും അഭിപ്രായം തേടാനും മാറുന്ന ഫാഷൻ ട്രെൻഡുകളെ കുറിച്ച് അറിവ് നൽകാനും സഹായിക്കുന്ന എഐ പ്ലാറ്റ്ഫോമുകൾ ഏറെയുണ്ട്. 

ഇ- കൊമേഴ്സ് വെബ്സൈറ്റായ മിന്ത്രയുടെ എഐ ഫീച്ചറുകൾ തന്നെ ഉദാഹരണമായി എടുക്കാം. ഫാഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സെക്കൻഡുകൾക്കുള്ളിൽ ഉത്തരം തരുന്ന ‘മായ’ എന്ന ഫീച്ചറാണ് ഒന്ന്. യാത്രയോ കോളജിലെ ഫംഗ്ഷനോ അങ്ങനെ അവസരം ഏതുമാകട്ടെ അവയ്ക്ക് യോജിച്ച വസ്ത്രങ്ങൾ ഏതാണെന്നും ശരീരത്തിന് ചേരുന്ന വിധത്തിൽ ഏത് തിരഞ്ഞെടുക്കണമെന്നും എഐ അസിസ്റ്റന്റായ മായ പറഞ്ഞുതരും. മൈ ഫാഷൻ ജിപിടിയാണ് മിന്ത്രയുടെ രണ്ടാമത്തെ എഐ ഫീച്ചർ. എന്നാൽ ഫാഷനുമായി ബന്ധപ്പെട്ട് മൈ ഫാഷൻ ജിപിടി നൽകുന്ന നിർദ്ദേശങ്ങൾ ചിലപ്പോഴെങ്കിലും ഇഷ്ടപ്പെട്ടില്ലെന്നും വരാം.

ai-fashion2
Representative image. Photo Credit: JackF/Shutterstock.com

പേഴ്സണൽ സ്റ്റൈലിസ്റ്റിനെ പോലെ ആവശ്യങ്ങൾക്കനുസരിച്ച് ഉപകാരപ്പെടുത്തുന്ന എഐ ഫാഷൻ അസിസ്റ്റന്റ് ടൂളാണ് അയൂട്ട (Aiuta). നിങ്ങളുടെ വ്യക്തിഗത ഫാഷനും സ്റ്റൈലിംഗുമായി ബന്ധപ്പെട്ട എന്ത് ചോദ്യത്തിനും അയൂട്ട ഉത്തരം നൽകും. ഉദാഹരണത്തിന് നിങ്ങളുടെ പക്കലുള്ള വസ്ത്രങ്ങൾ ഏതാണെന്ന് പറഞ്ഞു കൊടുത്താൽ പുതിയവ വാങ്ങുമ്പോൾ വ്യത്യസ്തമായവ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അയൂട്ട കൃത്യമായി പറഞ്ഞു തരും. ഏതൊക്കെ വസ്ത്രങ്ങളും ആഭരണങ്ങളും ഒന്നിനൊന്ന് ചേരുന്ന വിധത്തിൽ ധരിക്കണമെന്ന് പറഞ്ഞുതരുന്നതിലൂടെ നിങ്ങളുടെ ലുക്ക് തന്നെ മാറ്റാൻ സാധിക്കും. ഒരു വസ്ത്രം ധരിച്ച ചിത്രം കൊടുക്കുമ്പോൾ അതിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാൽ അൽപം കൂടി സ്റ്റൈലിഷാകും എന്നും ഈ ടൂൾ പറഞ്ഞുതരും. വസ്ത്രത്തിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രമല്ല ഓരോ ഔട്ട്ഫിറ്റിനും ചേരുന്ന ആക്സസറീസും പറഞ്ഞുതരാൻ കഴിയും എന്നതാണ് പ്രത്യേകത. സ്റ്റൈലിസ്റ്റിൽ നിന്നും ലൈവായി ഉപദേശം തേടുന്നതിനുള്ള പ്രീമിയം ഫീച്ചറുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ai-fashion1
Representative image. Photo Credit: :NazariyKarkhut/Shutterstock.com

ഡിസൈനിങ് മുതൽ കസ്റ്റമേഴ്സുമായി ബന്ധപ്പെടുന്നതിന് വരെ ഇന്ത്യയിലെ ഫാഷൻ പ്രൊഫഷനലുകളും എഐയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. അതുല്യമായ ഡിസൈനുകൾ നിർമിക്കുന്നതിനും പുതിയവയെക്കുറിച്ച്  ഗവേഷണം നടത്തുന്നതിനും സഹായിക്കുന്നതിലുപരി വ്യാജന്മാരെ തടയാനുള്ള സാങ്കേതികവിദ്യകൾ വരെ ഉൾപ്പെട്ടിരിക്കുന്നതിനാൽ എഐയുടെ വരവ്, ജോലി എളുപ്പമാക്കാനും വേഗത്തിലാക്കാനും സഹായിച്ചതായി ഡിസൈനർമാർ ഒന്നടങ്കം പറയുന്നു. ഡിസൈനിങ് മുതൽ സാംപ്ലിംഗ് വരെയുള്ള പ്രക്രിയകൾ ഡിജിറ്റലൈസ് ചെയ്യാനും സാധിച്ചിട്ടുണ്ട്. 

ഉപയോക്താക്കളുടെ ഷോപ്പിംഗ് സുഗമമാക്കുന്നതിന് വേണ്ടി ആമസോൺ ഫാഷനും എഐയുടെ സഹായം തേടുന്നുണ്ട്. ഓരോ ഉപയോക്താവിന്റെയും ആവശ്യത്തിനനുസരിച്ച് വസ്ത്രങ്ങളുടെയും ആക്സസറികളുടെയും കൃത്യമായ സൈസ് നിർദ്ദേശിക്കാനും ഏറ്റവും അനുയോജ്യമായ ഉത്പ്പന്നം തന്നെ മുന്നിലെത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. ഉപയോക്താക്കളുടെ മുൻകാല പർച്ചേസുകളും തിരച്ചിലുകളും വിലയിരുത്തി ആവശ്യമുള്ളവ കൃത്യമായി  തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിലൂടെ അവർക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് ലഭിക്കുന്നത്. എഐയുടെ വരവ് ഉൽപാദന രീതികളിൽ ധാർമികത പിന്തുടരാൻ പ്രേരിപ്പിക്കുന്നതിനാൽ ഫാഷൻ രംഗത്തും സുസ്ഥിരത ഉറപ്പാക്കാനാവുന്നു എന്നതാണ് മറ്റൊരു മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ai-fashion3
Representative image. Photo Credit: alfexe/Shutterstock.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com