ADVERTISEMENT

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷങ്ങളുടെ വാർത്തകൾ അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള പ്രമുഖർ പങ്കെടുത്ത അത്യാഡംബരപൂർവ്വമായ ചടങ്ങിൽ വധൂവരന്മാരുടെ വസ്ത്രങ്ങളിലും അതിനൊത്ത പ്രൗഢി നിറഞ്ഞ നിന്നിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഹസ്താക്ഷർ എന്ന ചടങ്ങിന് രാധിക എത്തിയത് തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ലഹങ്ക സാരി ധരിച്ചാണ്. ക്ഷേത്ര സമുച്ചയത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്ത ലഹങ്ക സാരിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് തരുൺ.

ഏതൊരു ഡിസൈനറും അതിമനോഹരിയായി ഒരുക്കാൻ ആഗ്രഹിക്കുന്ന സ്വപ്ന വധു എന്നാണ് രാധിക മെർച്ചന്റിനെ തരുൺ വിശേഷിപ്പിക്കുന്നത്. പ്രീ ഡ്രേപ്ഡ് പാറ്റേണിലാണ് രാധികക്കുള്ള ലഹങ്ക സാരി അദ്ദേഹം തയാറാക്കിയത്. ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാധികയുടെ അഭിരുചികൾ തന്നെ ഏറെ ആകർഷിച്ചതായി അദ്ദേഹം പറയുന്നു. വാലി ഓഫ് ദ ഗോഡ്സ് എന്ന തീമിലായിരുന്നു ചടങ്ങ് നടന്നത്. അതിനാൽ അതിനോട് ചേർന്ന് പോകുന്ന ഘടകങ്ങളെല്ലാം ലഹങ്കയിൽ ഉൾപ്പെടുത്താൻ പരമാവധി ശ്രമിച്ചു. താഴിക കുടങ്ങളുടെ ആകൃതിയിലുള്ള സങ്കീർണമായ എംബ്രോയ്ഡറിയാണ് നൽകിയത്. 

Radhika1
രാധിക മെർച്ചന്റ്, Image Credits: Instagram/taruntahiliani
Radhika1
രാധിക മെർച്ചന്റ്, Image Credits: Instagram/taruntahiliani

രാധികയുടെ ലഹങ്ക ഇന്ത്യൻ പൈതൃകത്തിനുള്ള ഒരു ആദരവ് കൂടിയാണെന്ന് തരുൺ എടുത്തുപറയുന്നു. കൈകൾ കൊണ്ട് പെയിന്റു ചെയ്തെടുക്കുന്ന മിനിയേച്ചർ കലാവൈഭവവും കാശ്മീർ താഴ്‍വരകളിലെ തനത് തുന്നൽ രീതിയായ കശീദകാരി കരകൗശലത്തിന്റെ സൂക്ഷ്മതയും ലഹങ്കയിൽ ഒത്തുചേർന്നിട്ടുണ്ട്. വെള്ളിയുടെയും റോസ് ഗോൾഡിന്റെയും സമൃദ്ധമായ ഷേയ്ഡുകളിലാണ് ലഹങ്ക നെയ്തെടുത്തിരിക്കുന്നത്. 

Radhika2
രാധിക മെർച്ചന്റ്, Image Credits: Instagram/taruntahiliani
Radhika2
രാധിക മെർച്ചന്റ്, Image Credits: Instagram/taruntahiliani

നിറമുള്ള പട്ടുനൂലുകൾ കൊണ്ട് സങ്കീർണമായ പാറ്റേണുകൾ ചെയ്യുന്ന രേഷം വർക്കും ജാലിയും സമന്വയിപ്പിച്ച് ബ്ലൗസും അതിമനോഹരമായി ഒരുക്കിയെടുത്തു. കാലാതീതമായ ഭംഗിയാണ് ഈ ഡിസൈനിങ്ങിലൂടെ ബ്ലൗസിന് ലഭിച്ചത്. പൂർണമായും കൈകൊണ്ട് പെയിന്റു ചെയ്തെടുത്ത ദുപ്പട്ട ലഹങ്കയുടെ മാറ്റ് എടുത്തുകാട്ടി. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ചാരുത ഒരേസമയം വിളിച്ചോതുന്ന തരത്തിലായിരുന്നു വസ്ത്രത്തിന്റെ ആകെയുള്ള ഡിസൈൻ. 

Radhika3
രാധിക മെർച്ചന്റ്, അനന്ത് അംബാനി, Image Credits: Instagram/taruntahiliani
Radhika3
രാധിക മെർച്ചന്റ്, അനന്ത് അംബാനി, Image Credits: Instagram/taruntahiliani

രാധികയെ ഒരു രാജ്ഞിയാക്കി മാറ്റാൻ പാനൽഡ്, സ്‌കലോപ്പ്ഡ് റോസ് ഗോൾഡ് ടിഷ്യുവിൽ നിർമിച്ച ശിരോവസ്ത്രവും ഒരുക്കിയിരുന്നു. സോനം കപൂറിന്റെ സഹോദരി റിയാ കപൂറായിരുന്നു രാധികയുടെ സ്റ്റൈലിസ്റ്റ്. ഡയമണ്ട് ചോക്കർ നെക്ലേസ്, ജുംകകൾ, അതിനോട് ചേർന്നു പോകുന്ന നെറ്റിച്ചുട്ടി, കൈവളകൾ, മോതിരങ്ങൾ എന്നിവ ധരിച്ചാണ് രാധിക ചടങ്ങിൽ എത്തിയത്. മിനിമൽ മേക്കപ്പാണ് രാധിക തിരഞ്ഞെടുത്തത്.

English Summary:

Radhika Merchant Stuns in Custom Tarun Tahiliani Lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com