ADVERTISEMENT

സിനിമ സീരിയൽ താരങ്ങളുടെ വസ്ത്രങ്ങൾ കണ്ട് നമ്മളിൽ ചിലരെങ്കിലും അത്ഭുതപ്പെടാറില്ലേ? ഒരിക്കലെങ്കിലും ഇവർ ധരിക്കുന്ന സാരികളോ മറ്റോ ഒന്ന് ഉടുക്കാൻ കിട്ടിയെങ്കിലോ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ മനസ് നവ്യ നായർ വായിച്ചു എന്ന് വേണമെങ്കിൽ പറയാം. താൻ ഒരിക്കൽ ഉടുത്ത സാരികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നടി.  മിക്ക പരിപാടികളിലും സാരിയിൽ അതിസുന്ദരിയായ എത്തുന്ന നവ്യയെ നിങ്ങൾ കാണാറില്ലേ? ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഫോട്ടോകളിലും കാണാം ആരെയും മയക്കുന്ന സാരികളുടെ കളക്ഷനുകൾ. എന്നാൽ അവ ഒന്നും ഇനി അലമാരയിൽ സൂക്ഷിച്ചു വയ്ക്കാൻ നവ്യ തയ്യാറല്ല. ഇനി അതെല്ലാം നിങ്ങളുടെ അലമാരകളും ഭദ്രമായി ഇരിക്കും. എങ്ങനെ ആണെന്നല്ലേ?

നവ്യ നായർ വിൽപനയ്ക്ക് വച്ചിരിക്കുന്ന സാരികൾ (Photo: Instagram/prelovedbynavyanair)
നവ്യ നായർ വിൽപനയ്ക്ക് വച്ചിരിക്കുന്ന സാരികൾ (Photo: Instagram/prelovedbynavyanair)

ദിവസങ്ങൾക്ക് മുൻപ് ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ഒരിക്കൽ പോലും ധരിക്കാൻ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനാണ് നവ്യ പ്ലാൻ ചെയ്തത്. മലയാളി നടിമാരിൽ ഒരാൾ ആദ്യമായാകും താൻ ധരിച്ച വസ്ത്രങ്ങൾ ആദായ വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. നോർത്ത് ഇന്ത്യയിൽ മിക്ക താരസുന്ദരിമാരും ഇത് സ്ഥിരമായി ചെയ്ത് വരാറുള്ള കാര്യമാണ്. നവ്യയുടെ പോസ്റ്റിന് പിന്നാലെ  പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജും തുറന്നു. ഇതിൽ ഇതിനോടകം ആറ് സാരികൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം കാഞ്ചീവരം സാരികളാണ്. മറ്റുള്ളവ ലിനൻ സാരികളും ബനാറസ് സാരികളുമാണ്. 

നവ്യ നായർ വിൽപനയ്ക്ക് വച്ചിരിക്കുന്ന സാരി (Photo: Instagram/prelovedbynavyanair)
നവ്യ നായർ വിൽപനയ്ക്ക് വച്ചിരിക്കുന്ന സാരി (Photo: Instagram/prelovedbynavyanair)

ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീവരം സാരികൾ 4,000- 4,600 രൂപാ നിരക്കിൽ ലഭ്യമാവും. ബനറസ് സാരികൾക്ക് 4500 മുതൽ ആണ് ചാർജ് ചെയ്യുന്നത്. ബ്ലൗസ് കൂടി ചേർന്നാൽ വില കുറച്ച് കൂടി കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന എന്ന് നവ്യ നായർ അറിയിച്ചിട്ടുണ്ട്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാനെന്നും താരം അറിയിക്കുന്നുണ്ട്. വില്പനയ്ക്ക് വച്ചിട്ടുള്ള സാരികൾ ധരിച്ച് നിൽക്കുന്ന നവ്യയുടെ ചിത്രവും ഇതിനൊപ്പമുണ്ട്.

നവ്യ നായർ (Photo: Instagram/navyanair143)
നവ്യ നായർ (Photo: Instagram/navyanair143)

സാരികൾ ആവശ്യമുള്ളവർ നവ്യയുടെ പേജിലേക്ക് മെസേജ് അയക്കുക മാത്രമാണ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾ നിങ്ങളെ അവർ അറിയിക്കുന്നതായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ സാരികൾ വിൽപ്പനയ്ക്ക് എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സാരിയിൽ മാത്രം ഒതുങ്ങാതെ മറ്റു വസ്ത്രങ്ങളും വിൽപ്പനയ്ക്ക് വയ്ക്കുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com