ADVERTISEMENT

തലയൊന്നിന് എന്തു വില വരും? ഒരു ലക്ഷം രൂപ മുതൽ മുകളിലേക്കാണ് റേറ്റ്- മുംബൈ അധോലോകത്തെ ക്വട്ടേഷൻ സംഘങ്ങളുടെ വിലപേശലാണെന്നു കരുതിയാൽ തെറ്റി. മുംബൈയിൽ ആരംഭിച്ച്, ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഹക്കിംസ് ആലിം സലൂണിൽ മുടിവെട്ടാനുള്ള ചെലവാണിത്! ഹക്കിംസിൽ ‘തല’കാണിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വേണം. തലയുടെ ‘വലുപ്പവും’ സ്റ്റൈലും അനുസരിച്ച് തുക കൂടിക്കൊണ്ടിരിക്കും. ചെലവ് ലക്ഷങ്ങൾ കടന്നാലും ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ‘തലക്കനം’ കൈകാര്യം ചെയ്യുന്നത് ഹക്കിംസ് ആലിമാണ്. 

∙ ബാൽക്കണി ടു ബ്രാൻഡ് 
ആലിം ഹക്കിം എന്ന മുംബൈ സ്വദേശിയാണ് ഹക്കിംസ് ആലിം ഹെയർ സലൂണിന്റെ അമരക്കാരൻ. ബാർബറായ പിതാവ് ഹക്കിമിന്റെ മരണത്തിനു പിന്നാലെ 9-ാം വയസ്സിലാണ് ആലിം മുടിവെട്ടിലേക്ക് കടക്കുന്നത്. വീട്ടിലെ ദാരിദ്ര്യമായിരുന്നു നന്നേ ചെറുപ്പത്തിലേ കത്തിയും കത്രികയുമെടുക്കാൻ ആലിമിനെ പ്രേരിപ്പിച്ചത്. വീടിന്റെ ബാൽക്കണി ആയിരുന്നു ആദ്യ സലൂൺ. അവിടെ നിന്ന് പതിയെ വളർന്ന ആലിം, തന്റെ 16-ാം വയസ്സിൽ സ്വന്തമായി ഒരു സലൂൺ ആരംഭിച്ചു. അച്ഛൻ ഹക്കിമിന്റെ സ്മരണാർഥം കടയ്ക്ക് ഹക്കിംസ് ആലിം എന്നു പേരും നൽകി. 

hakkim4
ആലിം ഹക്കിം രജനീകാന്തിനൊപ്പം, Image Credits: Instagram/aalimhakim

∙ പാൻ ഇന്ത്യൻ സ്റ്റാർ 
തുടക്കം മുംബൈയിൽ ആണെങ്കിലും നിലവിൽ ബെംഗളൂരു, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലായി ആലിമിന്റെ 8 പ്രീമിയം സലൂണുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മുംബൈയിലെ പ്രധാന സലൂണിൽ മാത്രമാണ് മുപ്പത്തിയൊൻപതുകാരനായ ആലിമിന്റെ സേവനം ലഭ്യമാകുക. 

hakkim2
ആലിം ഹക്കിം ധോണിക്കൊപ്പം, Image Credits: Instagram/aalimhakim

∙ തല മുതൽ തലവരെ 
ചെന്നൈ സൂപ്പർ കിങ്സിന്റെ ‘തല’ എം.എസ്.ധോണി മുതൽ സൂപ്പർ സ്റ്റാർ രജനീകാന്ത് വരെ ആലിമിന്റെ ക്ഷൗര പ്രാവീണ്യം അറിഞ്ഞവരാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രജനീകാന്ത് സിനിമകളിലെ ഔദ്യോഗിക ഹെയർ സ്റ്റൈലിസ്റ്റാണ് ആലിം. ഓരോ ഐപിഎൽ സീസണിലും വ്യത്യസ്ത ലുക്കുകളിൽ എത്താൻ ധോണിയെ സഹായിക്കുന്നതും ആലിം തന്നെ. 

hakkim3
ആലിം ഹക്കിം, Image Credits: Instagram/aalimhakim

∙ താരത്തലകൾ 
സിനിമ, ക്രിക്കറ്റ് രംഗത്തെ ഏറക്കുറെ എല്ലാ പ്രമുഖരും നിലവിൽ ആലിമിന്റെ കസ്റ്റമേഴ്സാണ്. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, ബോബി ഡിയോൾ, രൺവീർ സിങ്, രൺബീർ കപുർ, അല്ലു അർജുൻ, രാം ചരൺ, പ്രഭാസ്, യുവരാജ് സിങ്, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഇഷാൻ കിഷൻ, ആകാശ് അംബാനി... ആലിമിന്റെ കസ്റ്റമേഴ്സ് ലിസ്റ്റ് നീളുന്നു. 

hakkim1
ആലിം ഹക്കിം, രാംചരൺ, Image Credits: Instagram/aalimhakim

∙ സിനിമാ സ്റ്റാർ 
താരങ്ങളുടെ പഴ്സനൽ ഹെയർ ഡ്രസർ എന്നതിനു പുറമേ, വിവിധ സിനിമകളുടെ ഹെയർ കൺസൽറ്റന്റായും ഹെയർ സ്റ്റൈലിസ്റ്റായും ആലിം പ്രവർത്തിച്ചിട്ടുണ്ട്. ബാഹുബലിയിലെ പ്രഭാസിന്റെ ലുക്, അനിമലിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ഹെയർ സ്റ്റൈൽ, ജയിലറിൽ രജനീകാന്തിന്റെ ലുക്, കബീർ സിങ്ങിൽ ഷാഹിദ് കപുറിന്റെ ലുക്, സാം ബാദുറിൽ വിക്കി കൗശാലിന്റെ ഹെയർ സ്റ്റൈൽ എന്നിങ്ങനെ സൂപ്പർ ഹിറ്റായ പല ചിത്രങ്ങളുടെയും ‘തലതൊട്ടപ്പൻ’ ആലിമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com