sections
MORE

ഭീകരവാദം ചെറിയ കളിയല്ല; മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

HIGHLIGHTS
  • ഒരു ഭീകരവാദവും സുരക്ഷാ സംവിധാനം കൊണ്ട് മാത്രം ഇല്ലാതാക്കാനാവില്ല
  • അറിവിന്റെ അഭാവമാണ് തീവ്രവാദമുണ്ടാക്കുന്നത്
Muralee-Thummarukudy-facebook-post-on-terrorism
SHARE

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തെയും ഇന്ത്യ സാഹചര്യങ്ങളെയും വിശകലനം ചെയ്ത യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്. ഭീകരവാദികളുടെ ലക്ഷ്യം എന്താണെന്നു വിശദീകരിക്കുന്ന കുറിപ്പിൽ യുദ്ധത്തിനായുള്ള മുറവിളി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വിവരിക്കുന്നു. മറ്റു രാജ്യങ്ങളിലെ ഭീകരവാദ–യുദ്ധ പ്രതിസന്ധികളെ അനുഭവങ്ങൾ മുൻനിർത്തി വിവരിക്കുന്നതിനൊപ്പം, ഇന്ത്യ ഇക്കാലമത്രയും ഭീകരവാദത്തെ പ്രതിരോധിച്ചത് എങ്ങനെയെന്നും വ്യക്തമാക്കുന്നു.

‘‘കാശ്മീരിൽ സിആർപിഎഫിനു നേരെ ബോംബാക്രമണം നടത്തിയവരുടെ ലക്ഷ്യം ആ സൈനികരാണെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പക്ഷെ അങ്ങനെയല്ല. ആ സൈനികരെ ആക്രമിക്കുമ്പോൾ ഇന്ത്യയിലെ പൊതുസമൂഹത്തിലുണ്ടാകുന്ന പ്രതികരണം - അതാണവരുടെ ശക്തി. പത്തുലക്ഷത്തിനു മേൽ എണ്ണമുള്ള ഇന്ത്യൻ സൈനിക സംവിധാനത്തെ ഒരു ബോംബ് വെച്ച് തകർക്കാൻ പോയിട്ട് ഒന്നു പേടിപ്പിക്കാൻ പോലും ആർക്കും സാധിക്കില്ല എന്നു ഭീകരവാദികൾക്കും അവരെ നിയന്ത്രിക്കുന്നവർക്കും നന്നായറിയാം. മരിച്ച നാൽപ്പതു സൈനികർക്കു പകരം നാനൂറോ നാലായിരമോ ആളുകളെ 24 മണിക്കൂറിനകം അവിടെയെത്തിക്കാൻ ഇന്ത്യക്കു സാധിക്കും’’.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം; 

ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല.

കാബൂളിൽ നിന്നും ജനീവയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ മാസം അബുദാബിയിൽ ഇറങ്ങിയിരുന്നു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ള ഒരു വലിയ സംഘം എൻജിനീയർമാർ യുഎഇ യിലുണ്ട്. അവർ ഉടനെ ദുബായിൽ ഒരു അവൈലബിൾ പി ബി വിളിച്ചു. ഒരു ലഞ്ച് പേ ചർച്ച.

കോളേജിലെ വിശേഷമൊക്കെ പറഞ്ഞിരിക്കുന്നതിനിടെ ഒരു സുഹൃത്തിന്റെ ചോദ്യം,

“ലോകം മുഴുവൻ യാത്രയാണല്ലോ. എങ്ങനെയാണ് യാത്രക്കു തയ്യാറെടുക്കുന്നത്?”

“ആദ്യമേ തന്നെ ഞാൻ എന്റെ വിൽ എഴുതിവെച്ചു.” ഞാൻ പറഞ്ഞുതുടങ്ങി.

സുഹൃത്തുക്കൾ പ്രതീക്ഷിച്ച ഉത്തരമല്ലായിരുന്നു അതെന്നു തോന്നി. അവർ ചിരിച്ചുതുടങ്ങി. പക്ഷെ ചോദ്യം ചോദിച്ച ആൾ മാത്രം സീരിയസ് ആയിരുന്നു.

“ചേട്ടൻ പറയൂ”

“രണ്ടാമത് എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ ഞാൻ ജീവനോടെയുണ്ടെന്ന് തിരിച്ചറിയുന്നതിനുള്ള ‘പ്രൂഫ് ഓഫ് ലൈഫ് ക്വസ്റ്യൻ’ എഴുതി സീൽഡ് കവറിൽ ആക്കി ഡിപ്പാർട്ടുമെന്റിൽ കൊടുക്കും.”

ചിരി നിന്നു. എന്താണ് ‘പ്രൂഫ് ഓഫ് ലൈഫ് ക്വസ്റ്യൻ’ എന്നതായി അടുത്ത ചോദ്യം. മുൻപ് ഇവിടെ പറഞ്ഞിട്ടുള്ളതിനാൽ അതിനി പറയുന്നില്ല.

മൂന്നാമതായി എന്റെ ഡിഎൻഎ സാംപിൾ എടുത്ത് യുഎൻ ഡേറ്റാ ബേസിലേക്ക് നൽകും.

“അതെന്തിനാണ്?”

“പലപ്പോഴും യാത്ര ചെയ്യുന്നത് സംഘർഷവും ഭീകരവാദി ആക്രമണവും നടക്കുന്ന സ്ഥലത്തേക്കാണ്. ഏതെങ്കിലും ബോംബപകടത്തിലാണ് ഞാൻ മരിക്കുന്നതെങ്കിൽ തലയോ ഉടലോ ഒന്നും ബാക്കിയാകണമെന്നില്ല. പൊട്ടിച്ചിതറിക്കിടക്കുന്ന കുറെ മാംസവും രക്തവും മാത്രം. അതിൽ നിന്നാണ് ആരൊക്കെ മരിച്ചുവെന്ന് കണ്ടുപിടിക്കേണ്ടത്. അതിന് മുഖസാദൃശ്യമോ പല്ലിന്റെ ഘടനയോ വസ്ത്രമോ ആഭരണങ്ങളോ ഒന്നും ഗുണപ്പെടില്ല. ഡി എൻ എ തന്നെ വേണം.

ആ സംസാരം തുടർന്നാൽ ലഞ്ചിന്റെ അന്തരീക്ഷം വഷളാകുമെന്നു കണ്ട ഞാൻ പിന്നെ വിഷയം അധികം ദീർഘിപ്പിച്ചില്ല.

എന്നാൽ അവിടെ പറയാതെ വിട്ട ഒരു കാര്യം ഞാൻ പിന്നീട് കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തു. എന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതും എന്റെ ചേട്ടനെ പറഞ്ഞേൽപ്പിച്ചിരിക്കുന്നതുമായ ഒരു കാര്യം.

ബോംബ് പൊട്ടിയാണ് മരിക്കുന്നതെങ്കിൽ വീട്ടിൽ വരുന്ന ശവപ്പെട്ടി തുറന്നു നോക്കരുത്. കാരണം അതിൽ ഒന്നുമുണ്ടാകില്ല. വീട്ടുകാർക്ക് മരിച്ചയാളുടെ പര്യവസാനം ഉറപ്പിക്കാനായി ആചാരപരമായി ചെയ്യുന്ന ഒരു കാര്യമാണ് ഈ പെട്ടി അയക്കൽ !

വസന്തകുമാറിന്റെ വീട്ടിലെത്തിച്ച ശവപ്പെട്ടി തുറക്കരുതെന്ന നിർദ്ദേശം കേട്ടപ്പോൾ ഞാൻ ഇക്കാര്യം ഓർത്തു.

അടുത്താഴ്ച ഞാൻ പലസ്തീനിലേക്ക് യാത്ര പോകുകയാണ്. കാലിയായ ഒരു പെട്ടിയുടെ ചിത്രം ഇപ്പോഴേ എന്റെ മനസ്സിലുണ്ട്. ഇതൊന്നും നിസ്സാര കാര്യമല്ല. അതുകൊണ്ടു തന്നെ ‘പട്ടാളക്കാരന്റെ ജോലി എന്നാൽ മറ്റേതൊരാളുടെയും ജോലി പോലെതന്നെ’ എന്ന് പറയുന്ന ഫേസ്‌ബുക്ക് ബുദ്ധിജീവികളോട് എനിക്ക് ഒരു ലോഡ് പുച്ഛം മാത്രമേയുള്ളു.

അല്ല സാർ, പട്ടാളക്കാരന്റെ - കരസേന - അർദ്ധസൈനിക വിഭാഗം - ആരുമാകട്ടെ, അവരുടെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല. ഉദാഹരണത്തിന് എന്റെ ജീവൻ പണയപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ല. എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാൽ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് നിയമപരമായ ഒരു വിലക്കുമില്ല

പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല. താൻ ആരെയാണോ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് അഥവാ എന്തിനെയാണോ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്, അതാണ് സ്വന്തം ജീവനേക്കാൾ വലുത് എന്നതാണു സുരക്ഷാജോലിയുടെ അടിസ്ഥാന നിയമം. തനിക്ക് ഇഷ്ടമില്ലാത്ത അഥവാ അപകടസാധ്യതയുള്ള ജോലിക്ക് നിയോഗിക്കപ്പെടുമ്പോൾ രാജിവെച്ച് പോരാൻ സുരക്ഷാഭടന്മാർക്ക് അവകാശമില്ല.

അതിർത്തികൾ മനുഷ്യനിർമ്മിതമാണെന്നും യുദ്ധങ്ങൾ അർത്ഥശൂന്യമാണെന്നും ചിന്തിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ അതുകൊണ്ട് അതിർത്തി കാക്കുന്ന പട്ടാളക്കാരെയോ സുരക്ഷാഭടന്മാരെയോ വിലകുറച്ചു കാണുന്നില്ല. സ്വന്തം ജീവനേക്കാൾ മറ്റൊന്നിനെ കാക്കുന്നവരോട് എന്നും ബഹുമാനം മാത്രമേയുള്ളു.

ഭീകരാക്രമണത്തിൽ ഉറ്റവർ മരിച്ച കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എത്ര സ്വപ്‌നങ്ങളാണ് ഒരു നിമിഷം കൊണ്ടു തകർന്നു പോയത്. അവർക്ക് വേണ്ടി എന്തു തന്നെ ചെയ്താലും അധികമാകില്ല. മരിക്കാതെ പരിക്കേറ്റ് ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറിപ്പോയ എത്രയോ പേർ വേറെയും ഉണ്ടാകും! അവർക്കു വേണ്ടത്ര ചികിത്സയും കരുതലും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

അതേസമയം തന്നെ ഭീകരാക്രമണത്തിൽ കലി പൂണ്ട് "ഇപ്പോൾ തിരിച്ചടിക്കണം" കണ്ണിന് കണ്ണ്, പല്ലിനു പല്ല് വേണം എന്ന രീതിയിൽ ഫേസ്ബുക്കിലും പുറത്തും യുദ്ധപ്പുറപ്പാടു നടത്തുന്നവരോട് ഒട്ടും യോജിക്കുന്നില്ല. അവരോട് ഏറെ സഹതാപം ഉണ്ടുതാനും. കാരണം അവർ പറയുന്നതിന്റെ പ്രത്യാഘാതങ്ങൾ അവർ മനസ്സിലാക്കുന്നില്ല.

ശോഭാ സുരേന്ദ്രന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ‘യുദ്ധം ഒരു ചെറിയ കളിയല്ല.’ ഇത് താത്വികമായ ഒരു അവലോകനം ഒന്നുമല്ല. അഫ്ഘാനിസ്ഥാൻ മുതൽ സിറിയ വരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാ യുദ്ധരംഗങ്ങളും സന്ദർശിച്ച് അവിടുത്തെ പാഠങ്ങൾ പഠിച്ച അനുഭവത്തിൽ നിന്നു പറയുന്നതാണ്.

യുദ്ധം തുടങ്ങാൻ എളുപ്പമാണ്. ഏതൊരു യുദ്ധത്തിന്റെ കാര്യമെടുത്താലും അതു തുടങ്ങിയ കാലത്ത് ഇരുഭാഗത്തെയും കൂടുതൽ ആളുകൾ യുദ്ധം ചെയ്യുന്നതിനെ പിന്തുണച്ചിട്ടേയുള്ളു. അതു മനുഷ്യൻ മൃഗത്തിൽ നിന്നും പരിണമിച്ചതിന്റെ ബാക്കിപത്രമാണ്. ഭയമാണ് മൃഗങ്ങളുടെ അടിസ്ഥാനവികാരം, അക്രമമാണ് ശരാശരി പ്രശ്നപരിഹാര മാർഗ്ഗം (മൃഗങ്ങൾക്ക്). സംയമനം പാലിക്കാനും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും മനുഷ്യനേ സാധിക്കൂ. പക്ഷെ, വ്യക്തിപരമായും സാമൂഹികമായും നാം മൃഗങ്ങളെപ്പോലെ ചിന്തിക്കുന്ന സമയങ്ങളിൽ യുദ്ധം ശരിയായി തോന്നും, അതിനായി ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും.

ഒരുവർഷം പോലും നീണ്ടുനിൽക്കുന്ന യുദ്ധം ഏതൊരു രാജ്യത്തെയും ഒരു തലമുറ പിന്നോട്ടടിക്കും. കെട്ടിടങ്ങളും പാലങ്ങളും തകരുന്നത് മാത്രമല്ല കാരണം. വിദ്യാഭ്യാസം മുടങ്ങും, വിദ്യാസമ്പന്നർ നാടുവിടും, മൂലധനം പമ്പ കടക്കും, ടൂറിസ്റ്റുകൾ തിരിഞ്ഞുനോക്കില്ല. യുദ്ധം കഴിയുമ്പോഴേക്കും സർക്കാരിലും പുറത്തുമുള്ള സ്ഥാപനങ്ങളെല്ലാം പൊള്ളയാകും. ഒരു തലമുറയെങ്കിലുമെടുക്കും കാര്യങ്ങൾ പഴയ നിലയിലാകാൻ. ഇറാക്കും സിറിയയുമൊക്കെ ഉദാഹരണങ്ങളാണ്.

യുദ്ധം മൂലമുണ്ടാകുന്ന ഏറ്റവും വലിയ നാശം ഭൗതികമല്ല. ഓരോ യുദ്ധവും അടുത്ത യുദ്ധത്തിന്റെ വിത്ത് വിതച്ചിട്ടാണു കെട്ടടങ്ങുന്നത്. യുദ്ധത്തിലെ വിജയി ആരായാലും, ജയിച്ചവരും തോറ്റവരും തമ്മിലുള്ള വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കും. അതീവ മഹാമനസ്ക്കരായ നേതാക്കൾ വിജയികളുടെ ഭാഗത്ത് ഇല്ലെങ്കിൽ യുദ്ധം ജയിച്ചതു പോലെ സമാധാനം ജയിക്കാൻ അവർക്കു സാധിക്കില്ല. പരാജയത്തിന്റെ നൊമ്പരം, അനീതിയുടെ പുകച്ചിൽ ഒക്കെ ഒരു കനലായി ആളുകളിൽ അവശേഷിക്കും. അതു തലമുറയിൽ നിന്നും തലമുറയിലേക്കു പകരുകയും ചെയ്യും. അഫ്ഘാനിസ്ഥാനും സിറിയയും ബാൽക്കനും പോലെയുള്ള പ്രദേശങ്ങളിൽ വീണ്ടും വീണ്ടും യുദ്ധമുണ്ടാകുന്നത് ഇങ്ങനെയാണ്. ഇതൊന്നും കാണാത്തവരും അറിയാത്തവരും അനുഭവിക്കാത്തവരുമാണ് ഉടൻ തിരിച്ചടിക്കണമെന്നും പറഞ്ഞു പുറത്തിറങ്ങുന്നത്.

ഭീകരവാദികളോട് ‘ഉടനടി’ നടത്തണം എന്ന് പറയുന്നവരോട് എനിക്ക് വിഷമം തോന്നുന്നത് അവർ യുദ്ധം കണ്ടിട്ടില്ലാത്തതു കൊണ്ടോ യുദ്ധത്തിന്റെ കെടുതികൾ മനസ്സിലാക്കാത്തതു കൊണ്ടോ മാത്രമല്ല. ആരെയാണ് ഭീകരവാദികൾ ലക്ഷ്യം വെക്കുന്നതെന്നവർ മനസിലാക്കാത്തതു കൊണ്ടുകൂടിയാണ്.

അക്രമം പ്രയോഗിച്ച് ഭയത്തേയും വെറുപ്പിനേയും ഒരു ആയുധമാക്കി തങ്ങളുടെ തീവ്രവാദ ആശയങ്ങളെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുന്നവരാണ് ഭീകരവാദികൾ. മതം, വർഗം, രാജ്യം, വർണ്ണം ഇവക്കെല്ലാം വേണ്ടി കലാകാലങ്ങളിൽ ലോകത്തു ഭീകരവാദികളുണ്ടായിട്ടുണ്ട്. അവരെല്ലാം അക്രമം നടത്തിയിട്ടുണ്ട്, ആളെ കൊന്നിട്ടുണ്ട്.

ഭീകരവാദികളുടെ പ്രധാന ആയുധം അക്രമമാണെന്നു പ്രത്യക്ഷത്തിൽ തോന്നാം. സത്യമതല്ല. ഭീകരവാദികളുടെ പ്രധാന ആയുധം അത് പൊതുസമൂഹത്തിലുണ്ടാക്കുന്ന ഭയമാണ്. ആ ഭയം ഉണ്ടാക്കുന്ന വെറുപ്പ് - അതാണവരുടെ ലക്ഷ്യം. ഇതറിയാതെ ഭീകരവാദത്തെ നേരിടുമ്പോളാണു ഭീകരവാദത്തിന് വിജയസാധ്യത കൂടുന്നത്.

കാശ്മീരിൽ സിആർപിഎഫ് നു നേരെ ബോംബാക്രമണം നടത്തിയവരുടെ ലക്ഷ്യം ആ സൈനികരാണെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പക്ഷെ അങ്ങനെയല്ല. ആ സൈനികരെ ആക്രമിക്കുമ്പോൾ ഇന്ത്യയിലെ പൊതുസമൂഹത്തിലുണ്ടാകുന്ന പ്രതികരണം - അതാണവരുടെ ശക്തി. പത്തുലക്ഷത്തിനു മേൽ എണ്ണമുള്ള ഇന്ത്യൻ സൈനിക സംവിധാനത്തെ ഒരു ബോംബ് വെച്ച് തകർക്കാൻ പോയിട്ട് ഒന്നു പേടിപ്പിക്കാൻ പോലും ആർക്കും സാധിക്കില്ല എന്നു ഭീകരവാദികൾക്കും അവരെ നിയന്ത്രിക്കുന്നവർക്കും നന്നായറിയാം. മരിച്ച നാൽപ്പതു സൈനികർക്കു പകരം നാനൂറോ നാലായിരമോ ആളുകളെ 24 മണിക്കൂറിനകം അവിടെയെത്തിക്കാൻ ഇന്ത്യക്കു സാധിക്കും.

പക്ഷെ, ഇന്ത്യക്കു സാധിക്കാത്ത ഒന്നാണ് നമ്മുടെ പട്ടാളക്കാരുടെ ചോരക്കു പകരം ചോദിക്കണമെന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ മുറവിളിയെ നിയന്ത്രിക്കുക എന്നത്. പാർലമെന്റ് പോലെ നമ്മുടെ രാഷ്ട്ര സങ്കൽപ്പത്തിന്റെ ഹൃദയത്തിൽ ഭീകരവാദികൾ നുഴഞ്ഞു കയറുമ്പോൾ, ഇന്ത്യക്കാർക്ക് എല്ലാം സർവ്വസമ്മതനായ ഒരു സിനിമാതാരത്തെയോ ക്രിക്കറ്റ് താരത്തെയോ ഭീകരവാദത്തിന് ഇരയാക്കിയാൽ, കൊച്ചു കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്ന സാഹചര്യം ഉണ്ടായാൽ ഒക്കെ ഇന്ത്യ എന്ന വികാരം ആളിക്കത്തും. ആളുകൾ ചോരക്കായി മുറവിളി കൂട്ടി തെരുവിൽ ഇറങ്ങും. അതോടെ വിവേകത്തോടെ തീരുമാനങ്ങളെടുക്കാനുള്ള നേതൃത്വത്തിന്റെ കഴിവും സാവകാശവും നഷ്ടപ്പെടും. നമ്മൾ തെറ്റായ തീരുമാനങ്ങളെടുക്കും. ഇതാണ് ഭീകരവാദികൾ ആഗ്രഹിക്കുന്നത്. ഇത് മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ ഭീകരവാദത്തെ തോൽപ്പിക്കാൻ എളുപ്പമാണ്.

വാസ്തവത്തിൽ ഭീകരവാദത്തെ തോൽപ്പിക്കുന്നതിൽ വളരെ നല്ല ട്രാക്ക് റെക്കോർഡുള്ള രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം നാഗാ ഭീകരവാദികൾ മുതൽ പഞ്ചാബിലെ സിഖ് ഭീകരവാദം വരെ ഇന്ത്യ നേരിട്ടിട്ടുണ്ട്.

ഞാൻ ആദ്യം ഡൽഹിയിൽ പോകുന്ന കാലത്ത് ഡൽഹിക്ക് നൂറു കിലോമീറ്റർ മുന്നേ തന്നെ ട്രെയിനിൽ ചെക്കിങ് തുടങ്ങും. ഡൽഹി റയിൽവേ സ്റ്റേഷൻ പോലീസിന്റെ വിഹാരകേന്ദ്രമാണ്. ഡൽഹിയിൽ ഓരോ അഞ്ഞൂറ് മീറ്ററിലും മണൽച്ചാക്കുകൾക്ക് പിറകിൽ പോലീസും പട്ടാളവുമുണ്ട്. എന്നിട്ടും ട്രാൻസിസ്റ്റർ ബോംബ് മുതൽ ട്രെയിൻ ബോംബ് വരെ എന്തെല്ലാം അക്രമങ്ങൾ ഡൽഹിയിൽ നടന്നു!

ഇതൊക്കെ സംഭവിച്ചിട്ടും നാഗാലാ‌ൻഡ് ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. പഞ്ചാബ് ആകട്ടെ, ഇന്ത്യയുടെ അഭിമാനമായി അതിവേഗത്തിൽ വളരുന്ന ഒരു സംസ്ഥാനമായി തുടരുന്നു. ലോകത്ത് തീവ്രവാദത്തിനെതിരെ 'ശക്തമായി പ്രതികരിക്കുന്നു' എന്ന് നാം വിശ്വസിക്കുന്ന രാജ്യങ്ങൾക്കൊന്നും ഇങ്ങനൊരു ട്രാക്ക് റെക്കോർഡ് അവകാശപ്പെടാനില്ല.

എന്താണ് തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യൻ വിജയ ഫോർമുല?

പരസ്പര പൂരകങ്ങളായ മൂന്നു കാര്യങ്ങളാണ് ഭീകരവാദത്തെ കീഴ്പ്പെടുത്താൻ ഇന്ത്യ ഉപയോഗിച്ചത്. ഒന്നാമത് അക്രമത്തിനെതിരെ തയ്യാറെടുക്കുക, അക്രമികൾക്കെതിരെ ശക്തമായി പ്രതികരിക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ. സൈനിക വ്യൂഹത്തിന്റെ നടുവിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റുമ്പോൾ ശരിയായ സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ലേ എന്നൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരം ആക്രമണം ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നും വായിച്ചിരുന്നു. അപ്പോൾ പ്രതിരോധം ശക്തമായിരുന്നോ?

ഭീകരവാദികളും സുരക്ഷാ സൈന്യവും തമ്മിലുള്ള യുദ്ധത്തിൽ മനസിലാക്കേണ്ട കാര്യം, ഇത് ക്രിക്കറ്റിലെ ബൗളറും ബാറ്റ്‌സ്‌മാനും തമ്മിലുള്ളതു പോലൊരു കളിയാണ്. ഔട്ടാകാതെ നിൽക്കണമെങ്കിൽ ബാറ്റ്സ്മാൻ നൂറു ശതമാനം പന്തുകളും സ്റ്റംപിൽ നിന്നും അകറ്റി അടിക്കണം. പക്ഷെ ബാറ്റ്സ്മാനെ പുറത്താക്കാൻ ബൗളർക്ക് ബാറ്റ്സ്മാന്റെ ഒരു പിഴവ് മതി. ഇതുപോലെ കാശ്മീരിൽ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടാകാം എന്ന ഇന്റലിജൻസ് റിപ്പോർട്ട് ‘കേരളത്തിൽ ഈ വർഷം മഴയുണ്ടാകും’ എന്ന് പറയുന്ന കാലാവസ്ഥാ റിപ്പോർട്ട് പോലെയാണ്. ഞാൻ സ്ഥിരം പോകുന്ന കാബൂൾ ജലാലാബാദ് റോഡിൽ എന്ന് വേണമെങ്കിലും ഇത്തരം ആക്രമണം ഉണ്ടാകാം. എപ്പോൾ എവിടെ എന്ന തരത്തിൽ കൂടുതൽ കൃത്യതയോടെയുള്ള specific intelligence മാത്രമേ actionable ആയി കണക്കാക്കൂ. കാബൂളിൽ നിന്നും ഓരോ ആഴ്ചയിലും എനിക്ക് ഇത്തരം ഇന്റലിജൻസ് (VBIED അല്ലെങ്കിൽ vehicle borne improvised explosive device) റിപ്പോർട്ട് കിട്ടാറുണ്ട്. ചിലപ്പോൾ ഒരു ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ. അതനുസരിച്ചാണ് യാത്രകൾ പ്ലാൻ ചെയ്യുന്നതും. അല്ലാതെ കാബൂളിൽ ഭീകരവാദി ആക്രമണം ഉണ്ടാകും എന്നത് കൊണ്ട് യാത്ര ചെയ്യാതിരുന്നാൽ അടുത്ത കാലത്തൊന്നും അങ്ങോട്ട് പോകാൻ പറ്റില്ല. ഒന്നുമാത്രം പറയാം, ഇതൊരു സ്ഥിര മത്സരമാണ്. 99 ശതമാനം അവസരങ്ങളിലും സുരക്ഷാസേനയാണ് ജയിക്കുന്നത്. ഈ ജയങ്ങൾ നമ്മൾ അറിയാറോ ആഘോഷിക്കാറോ ഇല്ല. പക്ഷെ ഭീകരവാദികളുടെ കാര്യം നിറവേറ്റാൻ ഒറ്റ വിജയം കാട്ടിയാൽ മതി. അങ്ങനെ സംഭവിക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ചവരെ എങ്ങനെയും കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുക എന്നതാണു നല്ല സുരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനം.

ഒരു ഭീകരവാദവും സുരക്ഷാ സംവിധാനം കൊണ്ട് മാത്രം ഇല്ലാതാക്കാൻ കഴിയില്ല. സ്വന്തം അഭിപ്രായമനുസരിച്ചു കാര്യങ്ങൾ നടക്കാൻ ഭീകരവാദം മാത്രമാണു മാർഗ്ഗം എന്ന ചിന്ത ഉള്ളിടത്തോളം കാലം ഭീകരവാദം നിലനിൽക്കും. അതിനെതിരെ സൈനിക നടപടികൾ എത്ര രൂക്ഷമാകുന്നോ, എത്ര മനുഷ്യത്വ വിരുദ്ധമാകുന്നോ അത്രയും കൂടുതൽ ആളുകൾ ഭീകരവാദം തേടിവരും. അതിനു പകരം സമാധാനപരമായി, ജനാധിപത്യപരമായ രീതിയിൽ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള വാതിൽ കൂടി നാം തുറന്നിട്ടാൽ ഭീകരവാദത്തിൽ എത്തിപ്പറ്റാൻ സാധ്യതയുള്ള പല ആളുകളും ആ വാതിൽ തെരഞ്ഞെടുക്കും. ആസാമിലും പഞ്ചാബിലും അക്രമം അവസാനിച്ചതു സൈനിക നടപടി കൊണ്ടു മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ വിജയം കൊണ്ടുകൂടിയാണ്.

ഭീകരവാദം അവസാനിപ്പിക്കാൻ മൂന്നാമത് ഒരു കാര്യം കൂടി ആവശ്യമാണ്. എല്ലാ തീവ്രവാദികളും ഭീകരവാദികളല്ല എന്ന് പറഞ്ഞെങ്കിലും, തീവ്രവാദമാകുന്ന ചെളിക്കുണ്ടിലാണ് ഭീകരവാദികളാകുന്ന മുതലകൾക്ക് വളരാനും ഒളിഞ്ഞിരിക്കാനും എളുപ്പത്തിൽ സാധിക്കുന്നത്. അറിവിന്റെ അഭാവമാണ് തീവ്രവാദമുണ്ടാക്കുന്നത്. സമൂഹത്തിൽ പൊതുവെയുള്ള അറിവ് വർദ്ധിപ്പിക്കുക എന്നത് തീവ്രവാദത്തെ അടിസ്ഥാനപരമായി തുരത്താൻ അത്യന്താപേക്ഷിതമാണ്. “With guns you can kill terrorists, with education you can kill terrorism.” എന്ന മലാല യൂസഫ് സായിയുടെ വാക്കുകൾ ഓർക്കുക.

മുരളി തുമ്മാരുകുടി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA