ADVERTISEMENT

ചെണ്ട, ഉത്സവം, ആന എല്ലാത്തിനോടും അടങ്ങാത്ത പ്രണയമുള്ള പെൺകുട്ടി. എവിടെ മേളം കേട്ടാലും നെഞ്ചിടിപ്പിന് ആ താളമാകും. ചെറുപ്പം മുതലേ പൂരവും പുലിക്കളിയും കാണാനായി സ്വദേശമായ എറണാകുളത്തു നിന്ന് തൃശൂരിലേക്ക് വരും. പുലികളുടെ പ്രകടനം കണ്ട് ആ പെൺകുട്ടി ഒരിക്കൽ അച്ഛനോടു പറഞ്ഞു. എനിക്കും പുലിയാകണം. ‘സ്ത്രീകൾക്ക് അതിന് അനുവാദമില്ല മോളേ’ എന്നായിരുന്നു അച്ഛന്റെ മറുപടി. വർഷങ്ങൾ പിന്നിട്ടു. അവള്‍ വളർന്നു. ഒപ്പം പുലി വേഷം കെട്ടണമെന്ന് സ്വപ്നവും.

2019ലെ പുലിക്കളി ഇനി ഓർമിക്കപ്പെടുക അവളുടെ കൂടി പേരിലായിരിക്കും. പാർവതി വി.നായർ. വിയ്യൂർ ദേശത്തിൽ ആൺപുലികൾക്കൊപ്പം ചുവടുവെച്ച 3 പെൺപുലികളിൽ ഒരാൾ. തേക്കിൻകാട് മൈതാനത്തു വേലിക്കപ്പുറം നിന്നു പുലിക്കളി കണ്ട, പുലിയാകാൻ കൊതിച്ച ആ പെൺകുട്ടി. സോഷ്യൽ ലോകം വൈറലാക്കിയ പെൺപുലി മനോരമ ഓൺലൈനോടു സംസാരിക്കുന്നു. 

പാർവതിയിൽ നിന്ന് പുലിയിലേക്ക്

അച്ഛനും അമ്മയും പുലിക്കളി കാണാന്‍ കൊണ്ടു പോകുമായിരുന്നു. ചെണ്ട മേളം ഒക്കെ കേട്ടാൽ അവിടെ നിന്ന് തുള്ളുന്ന ആളാണ് ഞാൻ. ഒരിക്കൽ തേക്കിൻകാട് മൈതാനത്തു നിന്ന് പുലിക്കളി കാണുമ്പോഴാണ് അച്ഛനോട് എനിക്കും പുലിവേഷം കെട്ടണമെന്ന ആഗ്രഹം പറയുന്നത്. പിന്നീട് പലപ്പോഴും പറഞ്ഞു. പക്ഷേ അന്ന് അതിന് സാഹചര്യമുണ്ടായിരുന്നില്ല. ‘സ്ത്രീകൾ അതൊന്നും കെട്ടാറില്ല. കെട്ടി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്നും അറിയില്ല’ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. 2016ൽ വിനയ മാഡം പുലിവേഷം കെട്ടിയതോടു കൂടി സ്ത്രീകൾക്കും ചെയ്യാം എന്ന സാഹചര്യം വന്നു.

എൽത്തുരുത്തിൽ എന്റെ ഒരു കസിൻ സിസ്റ്റർ ഉണ്ട്, ശ്രുതി. ചേച്ചിയോടു ഞാൻ കുറേ പറഞ്ഞു. നിർബന്ധം പിടിച്ചു. അങ്ങനെ ചേച്ചി വിവിധ ദേശങ്ങളുമായി ബന്ധപ്പെടാൻ നമ്പർ സംഘടിപ്പിച്ചു നൽകുകയും ശക്തമായി കൂടെ നിൽക്കുകയും ചെയ്തു. മൂന്നു ടീമുകൾ സാധിക്കില്ല എന്നു പറഞ്ഞു. എന്നാല്‍ വിയ്യൂർ ദേശം സമ്മതിക്കുകയും പരിശീലനം നൽകുകയും ചെയ്തു. യൂട്യൂബ് നോക്കിയും പഠിച്ചു. അങ്ങനെ ആ സ്വപ്നം യാഥാർഥ്യമായി. 

അഭിനന്ദനങ്ങളും വിമർശനങ്ങളും

വിമർശിക്കുന്നവരുണ്ട്, ഞാൻ ശ്രദ്ധിക്കുന്നില്ല. എന്റെ കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവരെല്ലാം എനിക്ക് ഉറച്ച പിന്തുണ നൽകി. നിരവധിപ്പേർ അഭിനന്ദനങ്ങളുമായി എത്തി. ഞാൻ ആരാണ് എന്നു പോലും അറിയാതെയാണ് ആളുകൾ എന്നെ ഇഷ്ടപ്പെട്ടതും പിന്തുണച്ചതും.

parvathy-v-nair-1

ഒരുപാട് സ്ത്രീകൾക്ക് പുലിക്കളിക്ക് വേഷം കെട്ടണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ ചെയ്താല്‍ സമൂഹം എന്തു പറയും എന്ന ചിന്തയാണ് പലരേയും തടഞ്ഞു നിർത്തുന്നത്. ഞാൻ വേഷം കെട്ടിയതിനുശേഷം എന്റെ ഒരു കൂട്ടുകാരി പുലിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വരുന്ന തലമുറയ്ക്ക് അങ്ങനെ ഒരു ഭയം ഇല്ലാതാകാൻ ഇതു സഹായിക്കുമെങ്കിൽ എനിക്കു സന്തോഷം. ദൈവം അനുഗ്രഹിച്ചാൽ അടുത്തവർഷവും പുലിയാകാൻ ഞാൻ ഉണ്ടാകും. 

വേറെ രണ്ടു പെൺപുലികൾ

താര, ഗീത എന്നിവരും അന്ന് വേഷം കെട്ടിയിരുന്നു. അവരും നല്ല പിന്തുണ നൽകി. എന്നാൽ, അവരെ ആരും ശ്രദ്ധിച്ചില്ല എന്ന് പറയുന്നുണ്ട്. എനിക്കും അതിൽ വിഷമമുണ്ട്.  പക്ഷേ, ഒന്നും ചെയ്യാനാവില്ലല്ലോ. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊന്നും എനിക്കറിയില്ല. വൈറലാകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല. വൈറലാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ഇതൊക്കെ ഒരു രണ്ടാഴ്ച മാത്രമേ ഉണ്ടാവുകയുള്ളൂ. അതു കഴിഞ്ഞാൽ ഏതു പാർവതി, ഏതു പുലി അത്രയേ ഉള്ളൂ. 

നൃത്തം, മോഡലിങ്

നൃത്തം പഠിച്ചിട്ടുണ്ട്. മോഡലിങ്ങും ചെയ്യുന്നുണ്ട്. രണ്ടും മുന്നോട്ടു കൊണ്ടു പോകണം എന്നാണ് ആഗ്രഹം. ഏവിയേഷന്‍ കോഴ്സായിരുന്നു ചെയ്തത്. എന്നാൽ മേഡലിങ്ങും നൃത്തവും ഒക്കെയായി വഴി തിരിഞ്ഞതു കൊണ്ട് അത് പൂർത്തിയാക്കാനായില്ല. പഠനം തുടരണമെന്നുണ്ട്.

കുടുംബം

അച്ഛൻ വിക്രമന്‍ മർച്ചന്റ് നേവിയിൽ ആയിരുന്നു. അമ്മ ബിന്ദു. ഒരു സഹോദരനുണ്ട്, വിഷ്ണു. അക്കൗണ്ടിങ് പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com