ADVERTISEMENT

“ലുട്ടാപ്പീ.. സമയം രാവിലെ 11.30. സ്ഥലം കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് പള്ളി. നമ്മുടെ ഡോണിയാമോൾടെ നിശ്ചയം. വേഗം വിട്ടോ!” കുട്ടൂസൻ കുന്തത്തിലിരുന്ന് ധൃതികൂട്ടി. ഡാകിനിയാണെങ്കിൽ ഒരു അടിപൊളി സദ്യ ഉണ്ടിട്ടു കുറേ കാലമായി. ഇരുവരും തന്നെ കാലുവാരുമെന്നു സംശയിച്ചെങ്കിലും ഒപ്പം കൂട്ടിയ സന്തോഷത്തിൽ ലുട്ടാപ്പി കുന്തം കത്തിച്ചു വിട്ടു. മായാവിയെ പിടിക്കുന്നതൊക്കെ പിന്നെ! എന്തായാലും നിശ്ചയത്തിനു സമയത്തു തന്നെ എത്തണമെന്ന വാശി.

balarama2

ബാലരമയിലെ പുതിയ മായാവിക്കഥയല്ല പറഞ്ഞുവരുന്നത്. ഒരു എൻഗേജ്മെന്റ് ഇൻവിറ്റേഷൻ കഥ. കോട്ടയം അമയന്നൂർ സ്വദേശി ഡോണിയാമോളുടെയും മീനടത്തുകാരനായ ഷാരോൺ തോമസിന്റെയും വിവാഹനിശ്ചയ കുറി കിട്ടിയവർക്കും ഉണ്ടായി ആദ്യം ഒരു പകപ്പ്. ഇതു ചിത്രകഥയോ അതോ ട്രോളോ? രണ്ടുമല്ല, ഒറിജിനൽ ക്ഷണം തന്നെയെന്നറിഞ്ഞപ്പോൾ കൗതുകം.

balarama3

വിവാഹ നിശ്ചയത്തിനു കാർഡ് ഡിസൈൻ ചെയ്യാൻ ഡോണിയ സമീപിച്ചത് സുഹൃത്തും ഡിസൈനറുമായ എൽദോസ് റെജിയെ ആയിരുന്നു. ഇപ്പോൾ ജപ്പാനിൽ ജോലി ചെയ്യുന്ന എൽദോസ് തന്നെയാണ് ഡോണിയയുടെ ചേട്ടന്റെ വിവാഹത്തിനും ഇൻവിറ്റേഷൻ കാർഡ് ഡിസൈൻ ചെയ്തത്. ഒരു സാധാരണ കാർഡാണ് ഡോണിയ ആവശ്യപ്പെട്ടതെങ്കിലും ഇത്തവണ എന്തെങ്കിലും വെറൈറ്റി വേണമെന്ന് എൽദോസിനു തോന്നി. അങ്ങനെയാണ് കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം ചേർന്നു നിശ്ചയത്തിനു പോകുന്ന ഐഡിയ മിന്നിയത്. ആദ്യം ഡയലോഗ് ഇല്ലാത്ത ചിത്രകഥ രൂപപ്പെട്ടു. സംഭാഷണം ഡോണിയയുടെ സുഹൃത്തുക്കളായ കൊച്ചു ത്രേസ്യയുടെയും ഹരിതയുടെയും വക. രണ്ടും ചേർന്നപ്പോൾ ബാലരമയിലെ മായാവിക്കഥയെ വെല്ലുന്ന സസ്പെൻസ്!

balarama4

എന്തായാലും സസ്പെൻസ് നീട്ടുന്നില്ല. ഒക്ടോബർ 28 നാണ് ഡോണിയയുടെയും ഷാരോണിന്റെയും വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com