ADVERTISEMENT

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാപ്പിളപ്പാട്ടു പാടിയാൽ എങ്ങനെയിരിക്കും. ‘‘ഓഹ് പിന്നെ ട്രംപിന് വേറെ പണിയൊന്നുമില്ലല്ലോ, മാപ്പിളപ്പാട്ട് പാടാനിരിക്കുകയല്ലേ’’ എന്നു ചോദിക്കാൻ വരട്ടേ. ട്രംപിനെക്കൊണ്ടു പാടിക്കുക മാത്രമല്ല, ഇതു കേട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കയ്യടിക്കുകയും ട്രംപിന്റെ ഭാര്യ മതിമറക്കുകയും ചെയ്തു. ട്രംപിനെക്കൊണ്ട് ഇങ്ങനെ പാട്ടുപാടിച്ചത് ഒരു ചങ്ങനാശേരിക്കാരനാണ്, അജ്മൽ സാബു. ‘ആമിന താത്തേടെ പൊന്നുമോളാണ്’ എന്ന പാട്ടാണ് ട്രംപ് പാടിയത്.

സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ വിഡിയോയുടെ പുറകിൽ അജ്മല്‍ സാബുവിന്റെ എഡിറ്റിങ് മികവാണ്. വിഡിയോ കണ്ടാൽ താൻ തന്നെ പാടിയതാണോ എന്നു ട്രംപ് പോലും സംശയിക്കുമെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. കാരണം ചുണ്ടനക്കവും ഭാവങ്ങളും അത്ര സൂക്ഷ്മമായാണ് വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതിനൊപ്പം അതിശയിപ്പിക്കുകയും ചെയ്തു ഈ വിഡിയോ.

റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനും ജോക്കറിനെ മണവാളനും സ്പൈഡർമാനെ മംഗലശ്ശേരി നീലകണ്ഠനുമൊക്കെ ആക്കിയ അജ്മലിന്റെ വിഡിയോകൾ സോഷ്യൽ ലോകത്ത് മുൻപും തരംഗം തീർത്തിട്ടുണ്ട്. കൂട്ടത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ട്രംപിന്റെ മാപ്പിളപ്പാട്ട്. ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശനത്തിന് എത്തിയ ഡോണൾഡ് ട്രംപ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഹണിബീ 2.5 എന്ന സിനിമയ്ക്കു വേണ്ടി റീമിക്സ് ചെയ്ത്, ലാൽ ആലപിച്ച ‘ആമിന താത്താടെ പൊന്നു മോളാണ്’ എന്ന പാട്ട് ഒപ്പം ചേർന്നതോടെ ട്രംപ് ഹിറ്റ് ഗായകനായി. തരംഗമായ വിഡിയോയെ കുറിച്ച് അജ്മൽ സാബു മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ആമിന താത്തയുടെ പൊന്നുമോളും ട്രംപും

‘ആമിന താത്തയുടെ െപാന്നു മോളാണ്’ എന്ന പാട്ടു കേട്ടപ്പോഴേ അതുവെച്ച് ഒരു വിഡിയോ ചെയ്യണമെന്ന് തോന്നിയിരുന്നു. ട്രംപ് പ്രസംഗിക്കുന്ന വിഡിയോ കണ്ടപ്പോൾ അതു ഉപയോഗിച്ചാൽ രസകരമായിരിക്കുമെന്നു തോന്നി. എട്ടു മണിക്കൂർ എടുത്താണ് വിഡിയോ ചെയ്തത്. സാധാരണ ഗതിയിൽ നാലോ അഞ്ചോ മണിക്കൂറേ വിഡിയോ ചെയ്യാൻ എടുക്കാറുള്ളൂ. എന്നാൽ ഈ വിഡിയോയിലെ ഹൈലൈറ്റ് ട്രംപിന്റെ ചുണ്ടനക്കമാണ്. അതു സിങ്ക് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വന്നു. 

ajmal-sabu

വിഡിയോ വൈറലായതിനു പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപ്പേർ എന്നെ വിളിച്ചിരുന്നു. ട്രംപ് പാടുന്നതു പോലെ തന്നെ തോന്നി എന്നാണ് പലരും പറഞ്ഞത്. ബിഗ്ഷോ മണിച്ചിത്രത്താഴിലെ സംഭാഷണം പറയുന്ന വിഡിയോ വൈറലായിരുന്നു. അന്നും ഒരിപാട് അഭിനന്ദനങ്ങൾ ലഭിച്ചു. അതുപോലെ തിരഞ്ഞെടുപ്പിന്റെ അവസരത്തിൽ ചെയ്ത മോദിയുടെ വിഡിയോയും ശ്രദ്ധ നേടി.

പഠിച്ചത് സിനിമ

ഫിലിം മെയ്ക്കിങ് ആണ് പഠിച്ചത്. പൂണെയില്‍ മാക് എന്ന ഇൻസ്റ്റിട്യൂട്ടിലായിരുന്നു പഠനം. അതു കഴിഞ്ഞ് അവിടെയുള്ള ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്തു. ആ സമയത്ത് ബോളിവുഡ് സിനിമകളുടെ ട്രെയിലറും ടീസറുമൊക്കെ എഡിറ്റ് ചെയ്യാൻ അവസരം കിട്ടി. പിന്നീട് നാട്ടിൽ തിരിച്ചെത്തി. സമയം കിട്ടുമ്പോൾ ഇതുപോലെയുള്ള രസകരമായ വിഡിയോ ചെയ്യും. രണ്ടു വർഷത്തോളമായി വിഡിയോകൾ ചെയ്യുന്നുണ്ട്. cuts.zzz എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിഡിയോ പങ്കുവയ്ക്കാറുള്ളത്.

സിനിമയാണ് സ്വപ്നം

എഡിറ്റിങ്ങിനേക്കാള്‍ ക്യാമറ ചെയ്യാനാണ് എനിക്കിഷ്ടം. ഷോട്ഫിലിംസിനു വേണ്ടി ക്യാമറ ചെയ്യുന്നുണ്ട്. ‘കാപ്പിരിത്തുരുത്ത്’ എന്ന സിനിമയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു. പിന്നീട് ‘ലൗവ് ആക്‌ഷൻ ഡ്രാമ’യുടെ സംവിധാന സഹായിയായി.  ആ സിനിമയുടെ ടീസറും ‘കുടുക്കു പൊട്ടിയ കുപ്പായം പാട്ടും’ എഡിറ്റ് ചെയ്തതും ഞാനാണ്. അവസാനമായി ‘41’ എന്ന സിനിമയുടെ ടീസറും ട്രെയിലറുമാണ് ഒരുക്കിയത്. ഒരു സിനിമയുടെ ക്യാമറാമാൻ ആയി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.  സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും. നല്ല സൃഷ്ടികളുടെ ഭാഗമാകാനാണ് ആഗ്രഹം. സിനിമ സംവിധാനം ചെയ്യുകയെന്ന സ്വപ്നവും മനസ്സിലുണ്ട്. അതിനിടയിൽ സമയം കിട്ടുമ്പോൾ ആളുകൾക്ക് സന്തോഷം ലഭിക്കുന്ന ഇത്തരം കുഞ്ഞു വിഡിയോകൾ ചെയ്യണം.

English Summary : Ajmal Sabu's American President Donald Trump singing video trending in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com