ADVERTISEMENT

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ പൊലീസ് ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ രസകരമായ കാഴ്ചകൾ പലതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രോണിന്റെ ക്യാമറ കണ്ണുകളെ വെട്ടിക്കാൻ കാരം ബോർഡ് ഉപയോഗിച്ച ഒരു വിരുതനും അയാളെ വിടാതെ പിന്തുടർന്ന ഡ്രോണുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുളളതാണ് ഈ ദൃശ്യങ്ങൾ. കാരംസ് കളിക്കാൻ യുവാക്കൾ ഒത്തുകൂടിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 14ന് ആണ് പൊലീസ് ‘ഡ്രോൺ ഓപ്പറേഷൻ’ നടത്തിയത്.

മരത്തണലിൽ നിന്ന് കാരംസ് കളിക്കുകയായിരുന്ന യുവാക്കൾ ഡ്രോൺ സമീപിക്കുന്നതു കണ്ട് ചിതറിയോടി. ഒരാൾ തിരിച്ചു വന്ന് കാരം ബോർഡും മറ്റൊരാൾ അതു വച്ചിരുന്ന സ്റ്റാൻഡും എടുത്ത് വീണ്ടും ഓട്ടം തുടർന്നു. എല്ലാവരും പല വഴിക്ക് ഓടിയതോടെ കാരം ബോർഡുമായി ഓടിയ ആളുടെ പുറകെയായി ഡ്രോൺ. കയ്യിലുള്ള ബോർഡ് ഉപയോഗിച്ച് ഒളിച്ചിരിക്കാനും മുഖം മറയ്ക്കാനുമൊക്കെ ശ്രമിച്ചെങ്കിലും ഡ്രോൺ വിടാതെ പിന്തുടർന്നു. ഒടുവിൽ ഗതികെട്ട് ബോർഡ് വലിച്ചെറിഞ്ഞ് യുവാവ് ഓടി രക്ഷപ്പെടുന്നതാണ് വിഡിയോയിലുള്ളത്.

തമിഴിലും മലയാളത്തിലുമായി ഇതിന്റെ നിരവധി ട്രോൾ വിഡിയോകൾ പ്രചരിക്കുന്നുണ്ട്. ‘ഡ്രോണിന്റെ ഓപ്പറേറ്റർ ഒരു സൈക്കോ’ ആണെന്നാണ് ട്രോളന്മാർ പറയുന്നത്.  ഡ്രോൺ വരുമ്പോൾ തലയിൽ മുണ്ടിട്ടും മരത്തിനു പിന്നിൽ ഒളിച്ചുമൊക്കെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ മുൻപത്തെ വിഡിയോകളിൽ കണ്ടിരുന്നുവെങ്കിലും ഇതു പോലെ ചിരിപ്പിച്ച ഓട്ടം വേറെയില്ലെന്നാണ് സോഷ്യല്‍ ലോകത്തെ അഭിപ്രായം. പൊലീസിന്റെ കയ്യിൽ കുടുങ്ങുമ്പോഴും കാരം ബോർഡ് സുരക്ഷിതമാക്കാന്‍ ശ്രമിച്ച യുവാവിന്റെ മനസ്സ് കാണാതെ പോകരുതെന്നാണ് ചിലർ ആവശ്യപ്പെടുന്നത്.

English Summary : Tiruppur police drone video viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com