ADVERTISEMENT

സുശാന്തിന്റെ മരണശേഷം ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ വിവാദങ്ങളും ദുരൂഹതകളും ഉയരുകയാണ്. സിനിമാ മേഖലയ്ക്കു പിന്നാലെ കാമുകി റിയാ ചക്രബർത്തിയും സർക്കാരും പൊലീസുമെല്ലാം ആരോപണങ്ങൾ നേരിടേണ്ടിവരുന്നു. ഇതിനിടെ പാരാനോർമൽ വിദഗ്ധർ എന്നവകാശപ്പെടുന്നവരും സുശാന്തിന്റെ മരണത്തിൽ വെളിപ്പെടുത്തലുകൾ നടത്തി വാർത്ത സൃഷ്ടിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള പാരനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാര്‍സണന്‍ കറുത്ത വസ്ത്രം ധരിച്ച ആളാണ് സുശാന്തിനെ കൊന്നതെന്ന വെളിപ്പെടുത്തലിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. എന്നാൽ സുശാന്തിന്റെ ആത്മാവുമായി സംസാരിക്കുന്ന വിഡിയോകളിലൂടെയാണ് സ്റ്റീവ് ഹഫ് എന്ന പാരനോർമൽ വിദഗ്ദൻ തരംഗം തീർത്തത്. 

ജൂൺ 14ന് സ്റ്റീവ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച ‘സുശാന്തിന്റെ ആത്മാവിനോടുള്ള സംസാരം’ ഓഗസ്റ്റ് നാലിന് ഒരു കോടി കാഴ്ചക്കാരെ പിന്നിട്ടിരിക്കുകയാണ്. എട്ടു വർഷമായി ഇത്തരം വിഡിയോകൾ െചയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് സ്റ്റീവ് ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ വിഡിയോയ്ക്ക് ലഭിച്ച ജനപ്രീതി കൊണ്ടായിരിക്കണം സുശാന്തിന്റെ ആത്മാവുമായി സംസാരിക്കുന്ന രണ്ട് വിഡിയോകൾ കൂടി സ്റ്റീവ് പുറത്തു വിട്ടു. ഇതിലൊരു വിഡിയോ 68 ലക്ഷവും മറ്റൊന്ന് 42 ലക്ഷം വ്യൂസും നേടിയിട്ടുണ്ട്.   മൂന്നു വിഡിയോകളും കൂടി ഇതുവരെ ആകെ നേടിയത് 2 കോടിയിലേറെ കാഴ്ചക്കാരെയാണ്! മാത്രമല്ല Huff Paranormal എന്ന ഇയാളുടെ ചാനലിന്റെ സബ്സ്ക്രൈബേഴ്സ് വലിയ തോതിൽ വർധിക്കുകയും ചെയ്തു. 

ഏതാനും ഇന്ത്യൻ ആരാധകരുടെ അഭ്യർഥനയെത്തുടർന്നാണ് സ്റ്റീവ് സുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചത്. വർഷങ്ങളെടുത്ത് താൻ വികസിപ്പിച്ചെതെന്ന് സ്റ്റീവ് അവകാശപ്പെടുന്ന വണ്ടർബോക്സ് എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിച്ചത്. തന്റെ എനർജിയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ആത്മാക്കളോടുള്ള സ്നേഹമാണ് ഇതിന്റെ താക്കോലെന്നും സ്റ്റീവ് പറയുന്നു.

സുശാന്ത് ദൈവത്തിനൊപ്പമാണോ ? ആരാധകരോട് എന്താണ് പറയാനുള്ളത് ? എന്തിനാണ് ആത്മഹത്യ ചെയ്തത് ? ആരെങ്കിലും ജീവനെടുത്തതാണോ ?... എന്നീ ചോദ്യങ്ങളാണ് ആദ്യ വിഡിയോയിൽ ഉന്നയിച്ചത്. ഇതിനെല്ലാം അവ്യക്തമായ ശബ്ദത്തിലാണ് മറുപടി ലഭിച്ചത്. സുശാന്ത് പറയുന്ന കാര്യങ്ങൾ സ്റ്റീവ് വിഡോയിയിൽ എഴുതി കാണിക്കുകയാണ് ചെയ്തത്. പലതും പരസ്പര ബന്ധമുള്ള കാര്യങ്ങളായിരുന്നില്ല. എന്തായാലും ആദ്യ വിഡിയോ വലിയ ശ്രദ്ധ നേടി. സുശാന്തിന്റെ മരണത്തിലുള്ള സംശയങ്ങളും വിലാപങ്ങളും കൂടുതൽ വിഡിയോകൾക്കു വേണ്ടിയുള്ള അപേക്ഷകളും കമന്റ് ബോക്സിൽ നിറഞ്ഞു. സുശാന്ത് താൻ സംസാരിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തനായ ആത്മാവ് ആണെന്നു സ്റ്റീവ് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിെല മിക്ക ഭാഷകളിലും സ്റ്റീവിനെക്കുറിച്ച് ലേഖനങ്ങൾ വന്നു. 

എന്തായാലും അതേ ആഴ്ച തന്നെ രണ്ടാം വിഡിയോയും എത്തി. തനിക്ക് സ്നേഹം വേണമെന്നും മരണത്തിന് മുമ്പ് ഒരാളുമായി വഴക്ക് ഉണ്ടായെന്നുമായിരുന്നു ആത്മാവിന്റെ വെളിപ്പെടുത്തൽ. എന്നാൽ കൂടുതൽ ഒന്നും വ്യക്തമാക്കാതെയും സസ്പെൻസ് നിറച്ചും ഈ വിഡിയോയും അവസാനിച്ചു. കൂടുതൽ വിഡിയോകള്‍ക്കും കൊലപാതകിയെ കണ്ടെത്തണമെന്ന ആവശ്യവുമൊക്കെ വീണ്ടും കമന്റുകളിൽ നിറഞ്ഞു. സാധാരണഗതിയിൽ പ്രമുഖരുടെ ആത്മാവുമായി ഒരു വിഡിയോ മാത്രം ചെയ്യാറുള്ള സ്റ്റീവ് സുശാന്തിന്റെ മൂന്നാമത്തെ വിഡിയോയുമായി എത്തി. മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആത്മാക്കൾ വ്യക്തമായ ഉത്തരം നൽകില്ല എന്നായിരുന്നു സ്റ്റീവ് ഇതേക്കുറിച്ച് പറഞ്ഞത്.‘Huff Paranormal’ ലിൽ പണമടച്ച് അംഗമാകാകുന്നവർക്ക് സ്പെഷൽ വിഡിയോസ് കാണാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

സ്റ്റീവ് എട്ടു വർഷം കൊണ്ട് ചെയ്ത വിഡിയോകളുടെ ആകെ കാഴ്ചക്കാരേക്കൾ കൂടുതൽ ഈ മൂന്നു വിഡിയോകൾക്ക് ലഭിച്ചു. അമേരിക്കൻ നടന്‍ റോബിൻ വില്യംസിന്റെ ആത്മാവിനോട് സംസാരിക്കുന്ന വിഡിയോയും xxxtentacion എന്ന പേരിൽ പ്രസിദ്ധനായ അമേരിക്കൻ റാപ്പറുടെ ആത്മാവിനോട് സംസാരിക്കുന്ന വിഡിയോയും 20 ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെ നേടിയിരുന്നു. എന്നാൽ സുശാന്തിലൂടെ അത് ഒരു കോടി കടന്നു. ഇവരെല്ലാം മരിച്ച് ഒരു മാസം തികയും മുമ്പാണ് സ്റ്റീവ് വിഡിയോയുമായി എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.  

സ്റ്റീവ് സംസാരിച്ചത് സുശാന്തിന്റെ ആത്മാവിനോട് തന്നയാണ് എന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. ഇതിന് ഇവർ ചില കാരണങ്ങൾ പറയുന്നുമുണ്ട്.അവ്യക്തമാണെങ്കിലും ആത്മാവിന്റെ ശബ്ദത്തിന് സുശാന്തിന്റെ ശബ്ദവുമായി സാമ്യമുണ്ട്. സ്നേഹം കിട്ടാത്തതിന്റെ വേദന ആത്മാവ് പങ്കുവയ്ക്കുന്നുണ്ട്. സുശാന്ത് ഈ പ്രശ്നം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൊലപാതകമാണെന്നും ഒരാളുമായി വഴക്കിട്ടതായും സൂചന തരുന്നു. സ്റ്റീവിന്റെ വാക്കുകൾ കൃത്യവും വ്യക്തവും വിശ്വാസയോഗ്യവുമായും അനുഭവപ്പെടുന്നു. പ്രേതസംബന്ധമായ കാര്യങ്ങൾ മുൻപും കേൾക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിലർ ഇല്ലെന്ന് വിശ്വസിക്കുന്നതു കൊണ്ട് ആത്മാവ് ഇല്ലാതാകില്ല......എന്നിവയാണ് അവ.

സ്റ്റീവ് തട്ടിപ്പുക്കാരനാണ് എന്ന രീതിയിൽ നിരവധി വ്ലോഗർമാരും വിഡിയോകൾ ചെയ്തു. സുശാന്തിന്റെ മരണത്തിലുണ്ടായ ഇന്ത്യക്കാരുടെ വേദന ഇയാൾ ചൂഷണം ചെയ്യുകയാണ് എന്നാണ് ഇവരുടെ വാദം. സുശാന്തിന്റെ ഇന്റർവ്യൂകളിലെ ശബ്ദം എഡിറ്റ് ചെയ്ത് വ്യക്തമല്ലാത്ത രീതിയിൽ ഉപയോഗിക്കുന്നതാണ് എന്നും ഇവർ ആരോപിക്കുന്നു. പലതും കേൾക്കുന്നവർക്ക് മനസ്സിലാകുന്നില്ല. സ്റ്റീവ് എഴുതി കാണിക്കുന്നത് വിശ്വസിക്കാനേ മാർഗമുള്ളൂ. ശബ്ദം എഡിറ്റ് ചെയ്തു ഉപയോഗിക്കുന്ന സ്റ്റീവിന്റെ പ്രവൃത്തി മുമ്പ് പിടിക്കപ്പെട്ടിട്ടുള്ളതാണെന്നും തുടർന്ന് ഈ ചില വിഡിയോകൾ നീക്കം ചെയ്തതായും വ്ലോഗർമാർ പറയുന്നു.

മെന്റലിസ്റ്റ് നിപിൻ നിരവത്തും സ്റ്റീവിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള വിഡിയോ ചെയ്തിരുന്നു. ആത്മാക്കളോട് സംസാരിക്കാനുള്ള ഉപകരണത്തിലൂടെ തന്റെ അമ്മ, കലാഭവൻ മണി, ബാലഭാസ്കർ എന്നിവരുമായി ബന്ധപ്പെടുന്നതു പോലെയാണ് വിഡിയോ തയാറാക്കിയത്. തുടർന്ന് എങ്ങനെയാണ് ഈ ഉപകരണം നിർമിച്ചതെന്നും ആത്മാക്കളോട് സംസാരിക്കാൻ സാധിക്കുന്നമെന്ന അവകാശവാദത്തിന്റെ ചരിത്രം വ്യക്തമാക്കുകയും ചെയ്തു. ആത്മാവിനോട് സംസാരിക്കാന്‍ സാധിക്കുമന്ന് വിശ്വസിക്കുന്നവര്‍ അത് തെളിയിച്ചാൽ കഴുത്തിലെ മാല നൽകാമെന്ന് അദ്ദേഹം ചാലഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ 1 ലക്ഷം രൂപ നൽകിയാൽ 20 സെക്കന്റ് അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്നൊരു വാഗ്ദാനം സമൂഹമാധ്യമത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുകയുമുണ്ടായി. 

‘‘പണ്ടു മുതലേ ഇത്തരം വാദങ്ങളുമായി ആളുകള്‍ രംഗത്തു വന്നിരുന്നു. അതെല്ലാം വ്യാജമെന്നു പിന്നീട് തെളിയുകയും ചെയ്തിട്ടുണ്ട്. എങ്കിലും കാലം മാറുന്നതിനനുസരിച്ച് പുതിയ രൂപത്തിൽ ആത്മവിനോട് സംസാരിക്കാമെന്ന അവകാശവാദവുമായി ആളുകൾ എത്തുന്നു. സ്റ്റീവിന്റെ വിഡിയോയും 100 ശതമാനവും വ്യാജമാണ്. ഇത്തരം ഉപകരണമോ കഴിവോ ഉണ്ടെങ്കിൽ പിന്നെ എല്ലാ കൊലപാതങ്ങളും തെളിയിക്കാമല്ലോ. പക്ഷേ, കൊലപാതകിയെ കുറിച്ച് വെളിപ്പെടുത്താനോ വ്യക്തമായ സൂചന നൽകാനോ ഇവരാരും തയ്യാറാവുന്നില്ല. അങ്ങനെ ചെയ്താൽ പൊലീസ് ഇടപെടുകയും തട്ടിപ്പ് പൊളിയുകയും ചെയ്യുമെന്ന ഭയമാണ് അതിനു പുറകിൽ. അതിനാൽ വെറുതെ ദുരൂഹതകൾ വർധിപ്പിക്കുന്നുവെന്ന് മാത്രം. ഇതെല്ലാം വിശ്വസിച്ച് വരുന്നവരെ സാമ്പത്തികമായി മുതലെടുക്കാനും സാധിക്കും’’ – നിപിൻ നിരവത്ത് മനോരമ ഓൺലൈനോട് പറഞ്ഞു. 

English Summary : Steve Huff Videos on Sushant Sing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com