ADVERTISEMENT

ഫാഷനും ഫാഷന്‍ ഷോകളും വിനോദത്തിനു മാത്രമള്ളതല്ല എന്നത് ലോകം പലപ്പോഴും കണ്ടിട്ടുണ്ട്. ആഗോളതാപനം, സ്ത്രീ സമത്വം, സുസ്ഥിരവികസനം തുടങ്ങി പല വിഷയങ്ങളിലും പ്രതിഷേധം പ്രകടിപ്പിക്കാനായി ഫാഷന്‍ ഷോകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ അടുത്തിടെ ഒരു കൂട്ടം സ്ത്രീകള്‍ വ്യത്യസ്തമായ ഒരു ഫാഷന്‍ ഷോ സംഘടിപ്പിച്ച് ശ്രദ്ധ നേടി. ഭോപ്പാല്‍ മുനിസിപ്പിലാറ്റിയിലെ കുണ്ടും കുഴിയുമുള്ള ചെളി നിറഞ്ഞ റോഡിലൂടെ ക്യാറ്റ് വാക്ക് ചെയ്താണ് ഈ സ്ത്രീകള്‍ നാടിന്‍റെ പ്രതിഷേധം അധികാരികളെ അറിയിച്ചത്. ഈ പ്രതിഷേധ ക്യാറ്റ് വാക്കിന്‍റെ ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

നഗരത്തിലെ ഡാനിഷ് നഗര്‍ പ്രദേശത്താണ് ഈ പ്രതിഷേധ സമരം അരങ്ങേറിയത്. ഉയര്‍ന്ന നികുതി അടച്ചിട്ടും ഇവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് പരിപാടിയുടെ സംഘാടകയായ അന്‍ഷു ഗുപ്ത പറഞ്ഞു. അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയ നിവേദനങ്ങളൊന്നും ഫലം കാണാതെ വന്നപ്പോള്‍ പ്രതിഷേധ നടത്തവുമായി സ്ത്രീകള്‍ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇനി നികുതി അടയ്ക്കാനോ വോട്ട് ചെയ്യാനോ തങ്ങളെ കിട്ടില്ലെന്ന് അന്‍ഷു ഗുപ്ത കൂട്ടിച്ചേര്‍ത്തു. 

വൈറലായ വിഡിയോയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കുഴി നിറഞ്ഞ റോഡിലൂടെ റാംപ് വാക്ക് ചെയ്യുന്നതും ചിലര്‍ വീഴാന്‍ പോകുന്നതുമൊക്കെ കാണാം. മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെ റോഡിനേക്കാല്‍ മികച്ചതാണെന്ന മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍റെ 2017ലെ പ്രസ്താവനയെ പരിഹസിക്കുന്ന പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ കയ്യില്‍ ഉണ്ടായിരുന്നു.

പ്രതിഷേധത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും മുനിസിപ്പാലിറ്റി എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസര്‍ നീലേഷ് ശ്രീവാസ്തവ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് വകുപ്പിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നീലേഷ് പറഞ്ഞു.

English Summary : Catwalk on Bhopal’s pothole-ridden roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com