ADVERTISEMENT

ഹോളിവുഡ് താരം പോൾ റഡിനെയാണ് പീപ്പിൾ മാഗസിൻ 2021 ലെ ‘സെക്സിയസ്റ്റ് മാൻ എലൈവ്’ ആയി തിരഞ്ഞെടുത്തത്. ഇതേക്കുറിച്ച് വളരെ രസകരമായിട്ടായിരുന്നു റഡ് പ്രതികരിച്ചത്. വാർത്ത അറിഞ്ഞ ഭാര്യ സ്തംഭിച്ചു പോയെന്നും പുതിയ ടൈറ്റിൽ കൂട്ടിച്ചേർത്ത് ബിസിനസ് കാർഡ് ഇറക്കുമെന്നും റഡ് പീപ്പിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.   

‘‘ഈ ‘ദുഃഖവാർത്ത’ അറിഞ്ഞ സുഹൃത്തുക്കൾ എനിക്ക് ഇനി വലിയ സങ്കടങ്ങൾ വരുത്തിവച്ചേക്കും. അത് എന്തുതന്നെയായാലും ടൈറ്റിലിനോട് ചേർന്നു നിൽക്കാനാണ് എന്റെ തീരുമാനം. പുതിയ ഒരു പദവി കിട്ടി എന്നു കരുതി കൂടുതൽ എളിമയൊന്നും ‌കാണിക്കാനില്ല. ടൈറ്റിലിന്റെ ചുവടുപിടിച്ച് വേണമെങ്കിൽ ഒരു ബിസിനസ് കാർഡ് തന്നെ ഇറക്കും’’ – റഡ് പറഞ്ഞു.

ടൈറ്റിൽ നേട്ടത്തെക്കുറിച്ച് ഭാര്യ ജൂലി യേഗറിന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന് കൂടുതൽ രസകരമായാണു താരം പ്രതികരിച്ചത്. ‘‘ഞാനാണ് ഭാര്യയോട് ഇക്കാര്യം പറഞ്ഞത്. ആദ്യം കേട്ടപ്പോൾ ഇതെങ്ങനെ സംഭവിച്ചു എന്ന രീതിയിൽ ജൂലി സ്തംഭിച്ചു നിന്നു. ഞെട്ടൽ മാറിയതിനുശേഷം പീപ്പിൾ മാഗസിന്റെ തിരഞ്ഞെടുപ്പ് വളരെ കൃത്യമാണെന്ന് പറഞ്ഞു. എന്നാൽ ജൂലി സത്യം പറഞ്ഞതാവാൻ വഴിയില്ല. കാരണം അവൾക്ക് വേറെ ഒന്നും പറയാനാവില്ലല്ലോ’’ 

ഇതിനു മുൻപ് സെക്സിയസ്റ്റ് മാൻ ടൈറ്റിൽ നേടിയ ബ്രാഡ് പിറ്റ്, ജോർജ് ക്ലൂണി, മൈക്കിൾ ബി. ജോർദൻ എന്നിവരോടൊപ്പം ഡിന്നറിനുള്ള അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് താരം. ടൈറ്റിൽ നേടിയത് ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കും എന്ന ചോദ്യത്തിനും രസകരമായ മറുപടി വന്നു. ഉല്ലാസബോട്ടുകളിലും മറ്റും എന്റെ ചിത്രം കൂടുതലായി പതിപ്പിക്കുമെന്ന് തോന്നുന്നു. ലുക്കിന്റെ കാര്യത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്താനുള്ള സാധ്യത തുറന്നു കിട്ടിയിട്ടുണ്ട്. എന്തെങ്കിലുമൊക്കെ ചിന്തിച്ചിരിക്കുന്ന സ്വഭാവക്കാരനാണ് ഞാൻ. പുതിയ ടൈറ്റിൽ കിട്ടിയതോടെ കൂടുതൽ ചിന്തിച്ചിരിക്കുന്ന തരത്തിൽ അൽപം ഗൗരവഭാവമൊക്കെ ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നുവെന്നായിരുന്നു റഡിന്റെ മറുപടി.

English Summary : Paul Rudd Is PEOPLE's 2021 Sexiest Man Alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com