മുതലത്തോൽ കൊണ്ടുള്ള ഹാന്‍ഡ്ബാഗ് കടത്തി; സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ അറസ്റ്റിൽ

celebrity-designer-nancy-gonzalez-arrested-for-smuggling-crocodile-handbags
Image Credits: Nancy Gonzalez/Facebook
SHARE

മുതലത്തോല്‍ കൊണ്ടു നിര്‍മ്മിച്ച ഹാന്‍ഡ് ബാഗുകള്‍ അനധികൃതമായി അമേരിക്കയിലേക്ക് എത്തിച്ച കുറ്റത്തിന് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ നാന്‍സി ഗോണ്‍സാലസിനെ കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയയിലെ കാലിയില്‍ വച്ചാണ് അറസ്റ്റ്. നാന്‍സിയെ അമേരിക്കയ്ക്ക് കൈമാറിയാൽ ഫ്‌ളോറിഡയിലെ കോടതിയിലായിരിക്കും വിചാരണ. അമേരിക്കയിൽ 25 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ഡോളര്‍ വരെ പിഴയും ലഭിക്കുന്ന കുറ്റമാണിത്.

ചിലതരം മുതലത്തോലുകളുടെ വില്‍പന അമേരിക്കയില്‍ നിയമവിധേയമാണെങ്കിലും പ്രത്യേക അനുമതി ആവശ്യമാണ്. ഈ പ്രക്രിയ ചെലവേറിയതും ദൈർഘ്യമുള്ളതുമാണ്. ഇതു മറികടക്കാന്‍ അമേരിക്കയിലേക്ക് വരുന്ന വിമാനയാത്രക്കാരുടെ വ്യക്തിഗത ലഗേജ് നാൻസി ഉപയോഗിച്ചു. ഇവരുെട കയ്യിൽ ഹാൻഡ്ബാഗ് കൊടുത്തു വിടുകയായിരുന്നു. കസ്റ്റംസുകാര്‍ ചോദിച്ചാല്‍ അമേരിക്കയിലെ ബന്ധുക്കള്‍ക്കുള്ള സമ്മാനമാണെന്നു പറയാനാണു നാന്‍സി നിര്‍ദേശിച്ചത്. ഇത്തരത്തിൽ നൂറു കണക്കിന് ഹാന്‍ഡ് ബാഗുകള്‍ അമേരിക്കയിലേക്ക് കടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ഡിസൈനര്‍ സ്‌റ്റോറുകളില്‍ 10,000 ഡോളര്‍ (എട്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വരെ വിലയിലാണ് ഈ ബാഗുകൾ ഒരോന്നും വിറ്റിരുന്നത്. 2019ല്‍ ഇത്തരത്തിലുള്ള നാലു ഹാന്‍ഡ് ബാഗുകളുമായി 12 പേര്‍ അമേരിക്കയിലേക്ക് വിമാനം കയറിയിരുന്നതായും ഇവര്‍ക്ക് വിമാന ടിക്കറ്റിന് പണം നല്‍കിയത് നാന്‍സി ഗോണ്‍സാലസ് ആയിരുന്നെന്നും യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ ലൈഫ് സര്‍വീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബെല്‍റ്റുകളുടെ നിർമാണത്തിലൂടെ ബിസിനസ് ആരംഭിച്ച നാന്‍സി 1990കളുടെ അവസാനം അമേരിക്കയിലേക്ക് നടത്തിയ ഒരു യാത്രയോടെയാണ് ഹാന്‍ഡ് ബാഗ് വിൽപനയിലേക്ക് ചുവട് മാറിയത്. അമേരിക്കയിലെ ഒരു ഡിസൈനര്‍ സ്റ്റോര്‍ ഇതിനു നാന്‍സിക്ക് സഹായം നൽകി. പിന്നീട് അതിവേഗമായിരുന്നു ഫാഷൻ രംഗത്തെ നാൻസിയുടെ വളർച്ച. ബ്രിട്‌നി സ്പിയേര്‍സ്, വിക്ടോറിയ ബെക്കാം, സല്‍മ ഹായെക് തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ നാന്‍സി പ്രത്യേകമായി രൂപകല്‍പന ചെയ്ത ഹാന്‍ഡ് ബാഗുകള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അവ ഇത്തരത്തില്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്നതാണോ എന്നു വ്യക്തമല്ല. 

‘സെക്‌സ് ആന്‍ഡ് ദ സിറ്റി’ ടിവി സീരിസിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ നാൻസി ഒരുക്കിയ ഫാഷന്‍ ആക്‌സസറീസ് ഉപയോഗിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ 2008ല്‍ നടന്ന പ്രദര്‍ശനത്തിലും നാന്‍സി ഗോണ്‍സാലസ് പങ്കെടുത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS