ADVERTISEMENT

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പഴഞ്ചൊല്ല് ശരിയാണെന്നു തോന്നിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും നിത്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. തായ്‌വാനിലെ ഒരു കെട്ടിടത്തിന്‍റെ ലിഫ്റ്റിലും ലോബിയിലും നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇക്കാര്യം അടിവരയിടുന്നതാണ്. ഒരു അബദ്ധത്തിന്റെ പേരിൽ വൃദ്ധനെ ഉപദ്രവിച്ച യുവാവിന് തിരിച്ചടി കിട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തായ് വാനിലെ തൈചുങ്ങിലുള്ള കെടിവി കരോക്കെ ക്ലബിലാണ് സംഭവം. താൻ ലിഫ്റ്റിലേക്ക് കയറുന്നത് ശ്രദ്ധിക്കാതെ അബദ്ധത്തില്‍ വാതിലടച്ച വൃദ്ധനോട് യുവാവ് കയര്‍ക്കുന്നതിടത്താണു സംഭവങ്ങളുടെ തുടക്കം. അകത്തേക്കു കയറിയ യുവാവ് ഇക്കാര്യം പറഞ്ഞു വൃദ്ധനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. വൃദ്ധന്‍ തലകുനിച്ച് പല തവണ ക്ഷമ ചോദിച്ചെങ്കിലും യുവാവ് തർക്കം തുടരുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്യുന്നു.

ഏതാനും മിനിറ്റുകള്‍ക്കു ശേഷം ഇവർ ലിഫ്റ്റില്‍ നിന്നിറങ്ങി പുറത്തെത്തുന്നു. ഇവിടെ വച്ചാണ് സംഭവങ്ങളുടെ ഗതി മാറുന്നത്. ലിഫ്റ്റിലെ പ്രശ്നങ്ങളുടെ കലിയടങ്ങാത്ത യുവാവ് ലോബിയിൽ വച്ചും വൃദ്ധനെ ഉപദ്രവിക്കുന്നു. ഇതു കണ്ട് കറുപ്പ് സ്യൂട്ട് ധരിച്ച ഒരാള്‍ കാര്യത്തില്‍ ഇടപെട്ടു. ഇതോടെ യുവാവിന്‍റെ ദേഷ്യം ചോദ്യം ചെയ്യാനെത്തിയ ആൾക്കു നേരെയായി. ഇവര്‍ തമ്മിലുള്ള തർക്കവും ഉന്തും തള്ളും തുടരുന്നതിനിടെ ലിഫ്റ്റിലൂടെ എത്തിയ ഒരു കൂട്ടം ആളുകള്‍ യുവാവിനെയും അയാളുടെ സുഹൃത്തിനെയും ആക്രമിച്ചു. ഹെല്‍മെറ്റ് കൊണ്ട് യുവാവിന്‍റെ തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വൃദ്ധനെയും പ്രശ്നമുണ്ടാക്കിയ യുവാവിനെയും  അക്രമി സംഘത്തെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. കറുപ്പ് സ്യൂട്ടിലെത്തിയ ആളുടെ സഹപ്രവര്‍ത്തകരാണു യുവാവിനെ മർദിച്ചത്. മുകള്‍ നിലയിലുണ്ടായിരുന്ന അവർ സഹപ്രവർത്തകന്റെ ഫോണിൽ വിളിച്ചതു പ്രകാരമാണ് താഴെയെത്തിയതും യുവാവിനെ മർദിച്ചതും. ഹുവിന് ഗുരുതരമല്ലാത്ത പരുക്ക് ഏറ്റിട്ടുണ്ട്. ഇരുകൂട്ടരും പരസ്പരം കേസ് കൊടുക്കുന്നില്ല. എന്നാൽ ക്രമസമാധാനം ലംഘിക്കാന്‍ ശ്രമിച്ചതിന് ഹൂവിന്‍റെ പേരില്‍ കേസെടുക്കാനാണു പൊലീസിന്റെ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com