'മുക്കാൽ മണിക്കൂർ കൊണ്ട് അവരുണ്ടാക്കി എടുത്ത ആ 'അടുപ്പമാണ്' ഈ ഹിറ്റ്; ഒറ്റ ഷോട്ട് പോലും പ്ലാൻ ചെയ്ത് എടുത്തതല്ല'

HIGHLIGHTS
  • വിഡിയോയിൽ അഭിനയിച്ച രണ്ടുപേരും ശരിക്കും കാഴ്ച്ചയില്ലാത്തവരാണോ എന്ന രീതിയിൽ ഒരുപാട് കമന്റുകൾ വന്നിരുന്നു
  • ഒറ്റ ഷോട്ട് പോലും പ്ലാൻ ചെയ്ത് എടുത്തതല്ല
jagat-thulasidharan-on-his-viral-video
SHARE

നമ്മൾ കാണുന്ന നക്ഷത്രങ്ങളും ആകാശവും നിറങ്ങളും ഒന്നും കാണാത്തവർ എങ്ങനെയായിരിക്കും ജീവിതം ആഘോഷിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ജഗത്ത് തുളസീധരൻ എന്ന ഫൊട്ടോഗ്രഫർ അങ്ങനെ ചിന്തിക്കുക മാത്രമല്ല, മനോഹരമായി അത് ചിത്രീകരിക്കുകയും ചെയ്തിരിക്കുകയാണ്. കണ്ണിനു കാഴ്ചയില്ലാത്ത രണ്ടുപേർ എങ്ങനെ ആഘോഷങ്ങളുടെ ഭാഗമാകും? അതിനുള്ള ഉത്തരം സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോയാണ്. അകക്കണ്ണുകൊണ്ട് സ്നേഹിക്കുന്ന, പരിമിതികളെ ഒന്നുമല്ലാതാക്കുന്ന രണ്ടു പേരും അവരുടെ സ്നേഹത്തിനു കൂട്ടാകുന്ന കുറേ മനുഷ്യരും! വിഡിയോയെ കുറിച്ച് ജഗത്ത് തുളസീധരൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു...

jagat-syamkumar
ജഗത്ത് തുളസീധരൻ . എഡിറ്റർ ശ്യാംകുമാർ എം. എസ്.

∙ ആദ്യ വൈറൽ വിഡിയോ അല്ല!

കാൻഡിഡ് ഫൊട്ടോഗ്രഫിയിൽനിന്ന് കൺസപ്റ്റ് ഫൊട്ടോഗ്രഫിയിലേക്ക് മാറി ചെയ്ത വിഡിയോ ആണിത്. ഇതിനുമുൻപ് ചെയ്ത വിഡിയോഷൂട്ടും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗഹൃദത്തെക്കുറിച്ചായിരുന്നു ആ വിഡിയോ.

viral-photo-jagat

ഇത്തവണ കണ്ണുകാണാത്ത രണ്ടുപേരുടെ ആഘോഷങ്ങള്‍ എങ്ങനെയായിരിക്കും എന്നൊരു വിഡിയോ ചെയ്യാമെന്നു വിചാരിച്ചു. അഞ്ചു മാസമായി ഈ കൺസപ്റ്റ് മനസ്സിൽ ഉണ്ട്. പക്ഷേ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഷൂട്ട് കഴിഞ്ഞത് കുറേ പേരുടെ ഒരുമിച്ചുള്ള പ്രയത്നം കൊണ്ടാണ്. പരിമിതികൾ പറഞ്ഞു വീട്ടിലിരിക്കുന്നവർക്കുള്ള ഒരു സന്ദേശമാണ് ഇത്. ഇവർ കാണുന്ന പലതും നമ്മള്‍ കാണുന്നില്ല, നമ്മളീ കാണുന്ന കടലും റോഡും ആകാശവുമെല്ലാം അവരുടെ ലോകത്തുമുണ്ട്. ആ മനോഹര ലോകം എല്ലാവരെയും കാണിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്നത്തെ കാലത്ത് കാഴ്ചയിലൂടെ സ്നേഹിക്കുന്ന ആളുകളുടെ ഇടയിൽ അവരുടെ സ്നേഹം അകക്കണ്ണുകൊണ്ടാണ്. അത് വളരെ പവിത്രമാണ്. അതും ഹൈലൈറ്റ് ചെയ്യണമെന്നു വിചാരിച്ചു, അത് നടന്നതിൽ സന്തോഷം. സഹതാപം അല്ല ഇവരെ കാണുമ്പോൾ തോന്നുന്നത്, വളരെ അമൂല്യമായ ഒരു ബന്ധമാണ് എന്നാണ് ആളുകൾ പറയുന്നത്, അതും സന്തോഷം.

∙ പ്ലാൻ ചെയ്തെടുത്ത ഷോട്ടുകളല്ല

ശ്രീഹരി എസ്, അനഘ എസ്. വി. എന്നിവരാണ് അഭിനേതാക്കൾ. ഇവർ രണ്ടുപേരും ശരിക്കും കാഴ്ചയില്ലാത്തവരാണോ എന്ന രീതിയിൽ ഒരുപാട് കമന്റുകൾ വന്നിരുന്നു. അതു തന്നെ ഒരു അംഗീകാരമായി കാണുന്നു. ഷൂട്ടിനു വരുന്നതിനു മുൻപ് ഇവർ രണ്ടു പേരും പരസ്പരം കണ്ടിട്ടുപോലുമില്ല. മുക്കാൽ മണിക്കൂർ കൊണ്ട് അവരുണ്ടാക്കി എടുത്ത അടുപ്പമാണ് വിഡിയോയിൽ കാണുന്നത്. അനഘ ശരിക്കുമൊരു ഒപ്റ്റോമെട്രിസ്റ്റ് ആണ്. ഷൂട്ടും കഴിഞ്ഞ്, വിഡിയോയും അപ്‌ലോഡ് ചെയ്തു കഴിഞ്ഞാണ് ഇത് ഞാനറിയുന്നത്. അതും ഒരു നിമിത്തം പോലെയാണ് എന്ന് വിശ്വസിക്കുന്നു. 

കണ്ണിനു കാഴ്ചയില്ലാത്തവര്‍ക്ക് ഒരു ട്രിബ്യൂട്ട് കൊടുക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇത് ചെയ്തത്. വിഡിയോ വൺ മില്യൻ കഴിയും എന്നൊന്നും വിചാരിച്ചില്ല. ഒറ്റ ഷോട്ട് പോലും പ്ലാൻ ചെയ്തിട്ടില്ല, ഒരു ഫ്രേം പോലും നേരത്തെ തീരുമാനിച്ചതല്ല എന്നതും ഒരു സർപ്രൈസാണ്. ശ്യാംകുമാർ എം. എസ്. ആണ് എഡിറ്റർ. 

Content Summary: Jagat Thulasidharan on his Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS