പെണ്‍വേഷത്തില്‍ ക്യാറ്റ് വാക്ക് ചെയ്യുന്ന യുവാവിന്‍റെ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. സ്ത്രീകള്‍ കാലങ്ങളായി പുരുഷന്‍മാര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും തിരിച്ച് നടക്കുന്നത് സ്ഥിരം കാഴ്ച്ചയല്ല. മുംബൈയിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം. കറുപ്പും വെളുപ്പും കലര്‍ന്ന സ്ത്രീ വേഷത്തില്‍ വന്ന യുവാവിന്‍റെ ‘പൂച്ച നടത്തം’ കൂടിയായപ്പോള്‍ സമൂഹമാധ്യമങ്ങളിലും യുവാവ് വൈറല്‍.
ശിവം ഭരദ്വാജ് എന്ന ഫാഷന്‍ ബ്ലോഗറാണ് ഈ ഭാവത്തില്‍ ട്രെയിനിലെത്തിയത്. അദ്ദേഹം തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവെച്ചത്. 'മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് ഇങ്ങനെ പോയി' എന്നായിരുന്നു അടിക്കുറിപ്പ്. വ്യത്യസ്ത തരത്തിലുള്ള ഫാഷന്‍ ആശയങ്ങള്‍ ഇദ്ദേഹം ഇന്‍സ്റ്റഗ്രാം വഴി പങ്കുവെയ്ക്കാറുണ്ട്. പുരുഷന്മാര്‍ പൊതു സ്ഥലത്ത് ഇങ്ങനെ വസ്ത്രം ധരിച്ച് നടക്കില്ല എന്ന് ഒരു കമന്‍റില്‍ വന്ന വിമര്‍ശനത്തിന് മറുപടി എന്ന രീതിയിലാണ് ശിവം ഭരദ്വാജ് വിഡിയോ പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ഭരദ്വാജിന് ലഭിക്കുന്നത്. മോഡലിങിന് ശ്രമിക്കണമെന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും വരുന്നുണ്ട്. പരമ്പരാഗതമല്ലാത്ത പല ഫാഷന്‍ രീതികളും പരീക്ഷിച്ച ഭരദ്വാജ് ആദ്യ കാലങ്ങളില്‍ വലിയ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്.