ADVERTISEMENT

അർബുദത്തിനോട് പോരാടുന്ന ഒരു യുവതി, പ്രാണനായി കണ്ടവളെ വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുന്നവൻ. സ്നേഹത്തിനപ്പുറത്തേക്ക് വിധി പാഞ്ഞകന്നപ്പോൾ ജീവനായവളെ അവനു നഷ്ടപ്പെട്ടു. പക്ഷേ, അവനെന്നും ഇഷ്ടപ്പെട്ട, അവനെ നോക്കി എപ്പോഴും കുസൃതിയും പ്രണയവും കൈമാറിയ അവളുടെ ആ കണ്ണുകൾ അവന് കൂട്ടായി വീണ്ടും നിലനിൽക്കുന്നു. മറ്റൊരാളിലൂടെ. പ്രണയത്തിനും അവയവദാനത്തിനും പ്രാധാന്യം നല്‍കി ചിത്രങ്ങളിലൂടെ കഥ പറയുന്ന ഒരു ഫോട്ടോ സ്റ്റോറി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 50 ചിത്രങ്ങളിലൂടെ ഒരു സിനിമ പോലെ പ്രേക്ഷകന് മുന്നിൽ വരച്ചിട്ട ജീവിതം. അരുൺ രാജ് എന്ന ഫൊട്ടോഗ്രഫറാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ഈ ഫോട്ടോസ്റ്റോറിക്കു പിന്നിൽ. ദിവസങ്ങൾക്കുള്ളിൽ 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശി അരുണിന്റെ ദൃശ്യങ്ങൾ. ഇതാദ്യമായല്ല അരുണിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നത്. നേരത്തെ വുമൺസ് ഡേയിലും ഫാദേഴ്സ് ഡേയിലുമെല്ലാം വ്യത്യസ്തമായ കൺസെപ്റ്റുകളിലൂടെ അരുൺ കാഴ്ചക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്. ജീവിതവും പ്രണയവും ഒരു നൂലിൽകോർത്ത പുത്തൻ ഫോട്ടോസ്റ്റോറിയുടെ വിശേഷങ്ങൾ അരുൺ മനോരമ ഓൺലൈനോടു സംസാരിക്കുന്നു. 

viral-concept-photo-story-by-arun2
വൈറലായ ഫോട്ടോസ്റ്റോറിയിലെ ദൃശ്യങ്ങൾ, Image Credits: Instagram/arun_raj_photography_

Read More: ‘സാരിയെ പറ്റി സംസാരിച്ചത് വധുവിന്റെ വേഷത്തിൽ, ഇത് ഞാൻ ധരിക്കില്ല’; ഐശ്വര്യ വിവാഹത്തിന് ധരിച്ചത് 75 ലക്ഷത്തിന്റെ സാരിയോ?

viral-concept-photo-story-by-arun1
വൈറലായ ഫോട്ടോസ്റ്റോറിയിലെ ദൃശ്യങ്ങൾ, Image Credits: Instagram/arun_raj_photography_

എന്റെ ചുറ്റും ഞാൻ അറിഞ്ഞ കഥയാണ്
ചിത്രങ്ങളിലൂടെ കഥ പറയാനാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചത്. എന്റെ ചുറ്റും നടന്ന, ഞാൻ അറിഞ്ഞ, പലരും എന്നോടായി പറഞ്ഞ പല കഥകളുമാണ് എന്റെ ക്യാമറയിലൂടെ നിങ്ങളും കാണുന്നത്. ഒരിക്കലും ഞാൻ കഥ എഴുതാൻ ശ്രമിച്ചിട്ടില്ല. പലയിടങ്ങളിൽ നിന്നായി കേട്ട കഥകൾ ഒത്തു ചേർത്തു എന്നു മാത്രം. പുതിയ ഫോട്ടോഷൂട്ടിന്റെ കഥയും ഞാൻ അറിഞ്ഞ കഥയാണ്. എനിക്ക് അറിയുന്ന ഒരു വ്യക്തിയുടെ ജീവതമാണിത്. അവനും അവന്റെ പ്രണയിനിയും അനുഭവിച്ചതാണ് ഞാനിവിടെ പറഞ്ഞത്. അർബുദത്തെ തുടർന്ന് അവൾ മരിച്ച കഥ എന്റെ സുഹൃത്താണ് എന്നോട് പറഞ്ഞത്. കാഴ്ചയില്ലാത്ത പെൺകുട്ടിക്ക് കണ്ണ്ദാനം ചെയ്യുന്ന കഥ മാത്രമാണ് എന്റേതായി ഞാൻ എഴുതി ചേർത്തത്. വെറുമൊരു പ്രണയകഥയാവാതെ എന്തെങ്കിലുമൊരു മെസേജ് എന്റെ ദൃശ്യങ്ങളിലൂെട നൽകണമെന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. 

viral-concept-photo-story-by-arun3
വൈറലായ ഫോട്ടോസ്റ്റോറിയിലെ ദൃശ്യങ്ങൾ, Image Credits: Instagram/arun_raj_photography_

പലരുടെയും കണ്ണ് നിറഞ്ഞു. ആർക്കും നെഗറ്റീവ് പറയാനായില്ല
ഇതിനു മുമ്പും ഞാൻ പല ഫോട്ടോസ്റ്റോറികൾ ചെയ്തിട്ടുണ്ട്. അതെല്ലാം വൈറലായിട്ടുമുണ്ട്. അപ്പോഴൊക്കെയും ആരെങ്കിലുമൊക്കെ നെഗറ്റീവ് കമന്റുമായി എത്താറുണ്ട്. സ്ത്രീപക്ഷ ആശയങ്ങൾ നൽകിയപ്പോഴും ഫാദേഴ്സ് ഡേ കൺസെപ്റ്റ് ചെയ്തപ്പോഴുമൊക്കെ ചില ആളുകൾ നെഗറ്റീവ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. കാരണം ഈ ഫോട്ടോസ്റ്റോറി കണ്ടിട്ട് കമന്റിൽ പോലും ആരും നെഗറ്റീവ് പറഞ്ഞില്ല. പലരുടെയും കണ്ണ് നിറയിച്ചു എന്നാണ് പറഞ്ഞത്. ഒരു ഫോട്ടോഗ്രാഫർക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അപ്രിസിയേഷനാണത്. ഫോട്ടോ എടുക്കുമ്പോഴോ അത് അപ്‍ലോഡ് ചെയ്യുമ്പോഴോ ഒരിക്കലും ആളുകൾ ഇതിങ്ങനെ ഏറ്റെടുക്കുമെന്ന് കരുതിയില്ല. പക്ഷേ, ഒരുപാട് സന്തോഷം. 

viral-concept-photo-story-by-arun5
വൈറലായ ഫോട്ടോസ്റ്റോറിയിലെ ദൃശ്യങ്ങൾ, Image Credits: Instagram/arun_raj_photography_

പ്രണയവും കൺസെപ്റ്റും കൊള്ളാം, കൈയടിച്ച് സോഷ്യൽ മീഡിയ
അരുണിന്റെ പുത്തൻ സ്റ്റോറിക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലെത്തുന്നത്. പല തവണ പ്രണയം കണ്ടെങ്കിലും ഇത് പുത്തൻ അനുഭവമെന്നാണ് പലരും പറയുന്നത്. മഹിമ, ആനന്ദ്, രേവതി എന്നിവരാണ് ഫോട്ടോയിലെ താരങ്ങൾ. ഫൊട്ടോഗ്രഫി തുടങ്ങിയ കാലം മുതൽ പല അവഗണനകളും നേരിട്ടതു കൊണ്ടു തന്നെ ആരും അവസരം നൽകാത്ത അല്ലെങ്കിൽ പുതിയ ടാലന്റുകളെ കണ്ടെത്താനാണ് അരുണിന് കൂടുതൽ താൽപര്യം. ഓരോ ഷൂട്ടിനു വേണ്ടിയും അരുൺ കണ്ടെത്തുന്നതും അത്തരത്തിലുള്ളവരെയാണ്. ഐടി പ്രെഫഷണലായ അരുൺ ജോലി കഴിഞ്ഞ് ലഭിക്കുന്ന സമയത്താണ് ഫോട്ടോസ്റ്റോറികൾ ചെയ്യുന്നത്. ചെയ്ത ഫോട്ടോ സ്റ്റോറികളെല്ലാം ഹിറ്റടിച്ചതോടെ സിനിമയിലേക്കും ചുവടു വെക്കാനുള്ള തയാറെടുപ്പിലാണ്. അപ്പോഴും അരുണിന് ഇനിയും ചില ആഗ്രഹങ്ങളേ ഉള്ളു. ആരും അറിയാത്തവരെ ലോകത്തിന് മുന്നിലെത്തിക്കണം. കഴിവുള്ളവർക്ക് പരിഗണന ലഭിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT