സുരക്ഷിതമായ കോംപാക്ട് റോട്ടോർക്രാഫ്റ്റ് ‘അറിയ’; നേട്ടങ്ങളുടെ ആകാശത്ത് മോബിൾ പറക്കുകയാണ്

Moble-Benedict-845
അറിയയുടെ പ്രോട്ടോടൈപ്പിനൊപ്പം ഡോ. മോബിൾ ബെനഡിക്ട്
SHARE

ലോകത്തിലെ ഏറ്റവും വലിയ എയ്റോസ്പേസ് കമ്പനിയായ ബോയിങ് നടത്തുന്ന ഗോഫ്ലൈ  ചാലഞ്ചിന്റെ അവസാന റൗണ്ടിലെത്തിയ സംഘത്തെ നയിക്കുന്ന മലയാളി യുവാവാണ് ഡോ. മോബിൾ ബെനഡിക്ട്.

ഒരാൾക്കു സുഖമായി ആകാശത്തുകൂടി പറക്കാൻ കഴിയുന്ന ഒരു വാഹനം വേണം. ആകാശസ്കൂട്ടറോ, കാറോ – വാഹനത്തിന്റെ രൂപം എന്തുമാകാം. പക്ഷേ, സംഭവം ചെറുതായിരിക്കണം, ഹെലികോപ്റ്റർ പോലെ ശബ്ദമുണ്ടാക്കരുത്, 20 മൈൽ ദൂരം ഒറ്റ ചാർജിങ്ങിൽ പറക്കണം, സുരക്ഷയുടെ കാര്യത്തിൽ വീട്ടുവീഴ്ചയില്ല... ഇങ്ങനെ പോകുന്നു വ്യവസ്ഥകൾ. ലോകത്തിലെ ഏറ്റവും വലിയ എയ്റോസ്പേസ് കമ്പനിയായ ബോയിങ്ങിന്റേതാണു മത്സരം. ഗോഫ്ലൈ ചാലഞ്ച് എന്നു പേരിട്ട മത്സരത്തിൽ ലോകത്തിലാർക്കും പങ്കെടുക്കാം. 2020 ൽ പൂർത്തിയാകുന്ന ചാലഞ്ചിന്റെ അവസാന റൗണ്ടിലെത്തിയവരുടെ കൂടെ ഒരു മലയാളി യുവാവു നയിക്കുന്ന ഗ്രൂപ്പുമുണ്ട്. 

ഇടക്കൊച്ചി സ്വദേശി ഡോ. മോബിൾ ബെനഡിക്ടാണ് ടെക്സസ് എആൻഡ്എം യൂണിവേഴ്സിറ്റിയുടെ ‘ഹാർമണി’ ടീമിനെ നയിക്കുന്നത്. അവരുടെ ‘അറിയ’ എന്ന ആകാശവാഹനം മത്സരത്തിന്റെ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും പൂർത്തിയാക്കി. ഒരാൾക്കു സുഖമായി നിന്നു യാത്ര ചെയ്യാവുന്ന ‘അറിയ’ സുരക്ഷിതമായ കോംപാക്ട് റോട്ടോർക്രാഫ്റ്റ് ആണ്. കേരളത്തിന്റെ അഭിമാനം ആകാശത്തോളമെത്തിക്കുന്ന ഹാർമണിയുടെ പിന്നിൽ രണ്ടു മലയാളികൾ കൂടിയുണ്ട്.

പറന്നുയരാൻ തയാറായി ‘അറിയ’
മൂന്നു ഘട്ടങ്ങളിലായാണ് ഗോഫ്ലൈ ചാലഞ്ച് നടക്കുക. പുതിയ കണ്ടുപിടിത്തത്തെക്കുറിച്ചും രൂപകൽപനയെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ടാണ് ആദ്യം പരിഗണിക്കുന്നത്. 600 ആശയങ്ങളിൽ നിന്ന് 10 ഗ്രൂപ്പുകളെയാണു തിരഞ്ഞെടുത്തത്. 20,000 (ഏതാണ്ട് 14 ലക്ഷം രൂപ) ഡോളറാണ് ആദ്യഘട്ടത്തിലെ സമ്മാനത്തുകയായി ലഭിച്ചു. രണ്ടാം ഘട്ടത്തിൽ ആകാശവാഹനത്തിന്റെ പ്രോട്ടോടൈപ് നിർമിച്ചു പറത്തിക്കാണിക്കണം. 5 ഗ്രൂപ്പുകളാണ് രണ്ടാം ഘട്ടത്തിൽ വിജയിച്ചത്.  50,000 ഡോളർ (ഏതാണ്ട് 35 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചു. 

മൂന്നിലൊന്നു വലുപ്പത്തിലാണു പ്രോട്ടോടൈപ്പ് നിർമിച്ചത്. ഇനി 2020 ൽ ആകാശവാഹനം തയാറാക്കണം. ഒന്നാം സ്ഥാനത്തെത്തുന്ന ഗ്രൂപ്പിന് ഒരു മില്യൻ ഡോളർ (7കോടി രൂപ)യാണു ബോയിങ് നൽകുന്നത്. 14 കോടി രൂപയാണു മത്സരത്തിന്റെ ആകെ സമ്മാനത്തുക. പ്രോട്ടോടൈപ്പ് വിജയകരമായി പറത്തിയ മോബിളിന്റെ സംഘം അറിയയുടെ നിർമാണ ജോലികളിലാണിപ്പോൾ. ഡിസൈനിങ് പൂർത്തിയാക്കി. നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ടെക്സാസിലെ എ ആൻഡ് എം സർവകലാശാലയിലെ പ്രഫസറായ ഡോ. മോബിളിനൊപ്പം പാലക്കാട് സ്വദേശികളായ വിനോദ് ലക്ഷ്മീനാരായണനും വിശാൽ സുബ്രഹ്മണ്യവുമുണ്ട്. നാസയിൽ ഗവേഷണ ശാസ്ത്രജ്ഞനാണ് പാലക്കാട് വടക്കന്തറ സ്വദേശിയായ വിനോദ്. ടെക്സസ് എ ആൻഡ് എം സർവകലാശാലയിൽ എയ്റോസ്പെയ്സ് മാസ്റ്റേഴ്സ് വിദ്യാർഥിയാണ് വിശാൽ.

നേട്ടങ്ങളുടെ ഘോഷയാത്ര
മോബിളിനു നേട്ടങ്ങളും അംഗീകാരങ്ങളും പുത്തരിയല്ല. യുഎസ് എയ്റോസ്പെയ്സ് കമ്പനിയായ ലോക്ക് ഹീഡ്മാർട്ടിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ ഇന്നവേഷൻ മത്സരത്തിൽ മോബിളിനായിരുന്നു ഒന്നാം സ്ഥാനം. 13 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സ് ഏർപ്പെടുത്തിയ ഹൾ ആൻഡ്രൂസ് യങ് സയന്റിസ്റ്റ് പുരസ്കാരവും മോബിളിനെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കൻ ഹെലികോപ്റ്റർ സൊസൈറ്റിയുടെ യുവപ്രതിഭകൾക്കുള്ള ഫ്രാൻകോയിസ്–സേവ്യർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മുംബൈ ഐഐടിയിൽ നിന്നാണ് മോബിൾ ബിടെക്,എംടെക് ബിരുദങ്ങൾ നേടിയത്. യുഎസിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്നു ഗവേഷണം പൂർത്തിയാക്കി. കോതമംഗലം എംഎ കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രഫസറായിരുന്ന കവലയ്ക്കൽ മാത്യു ബെനഡിക്ടിന്റെയും മേരി ബെനഡിക്ടിന്റെയും മകനാണ്. അമേരിക്കയിൽ സോഫ്റ്റ്‌‌വെയർ എൻജിനീയറായ റിൻസി മാത്യുവാണു ഭാര്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA