എല്ലാവരും ചെയ്യുന്നതല്ലാതെ പുതുതായി എന്തെങ്കിലും ചെയ്യണമെന്നു ചിന്തിച്ച സുഹൃത്തുക്കളോട് വെറൈറ്റിയായി തേങ്ങ പൊട്ടിക്കുന്നതെങ്ങനെ എന്നു കണ്ടെത്തിയാലോ എന്നു ചോദിച്ചത് കൂട്ടത്തിലെ മിടുക്കൻ ജിനു ഫ്രാൻസിസാണ്. ആദ്യം തമാശ എന്നു തോന്നിയ ആശയത്തിനു പിന്നാലെ കൂട്ടുകാർ ഒരുമിച്ചു നടന്നപ്പോൾ അവരുടെ സ്വപ്നം പൂവണിഞ്ഞു. ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു കഴിഞ്ഞ വർഷം മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ നാലംഗ സംഘം പഠനത്തിന്റെ ഭാഗമായാണു 'മിനി കോക്കനട്ട് ബ്രേക്കർ' നിർമിച്ചത്.
ജിനു ഫ്രാൻസിസ്, അമൽ സുനിൽ ജോബ്, അലോക് തോമസ്, അശ്വിൻ പീറ്റർ എന്നിവരാണ് നിർമാണത്തിനു പിന്നിൽ. കുട്ടികളുടെ ഉദ്യമത്തിന് അസി. പ്രഫസർ എം.എസ്.അനൂഫ് മേൽനോട്ടം വഹിച്ചു. പഠനത്തിന്റെ ഭാഗമായി നടത്തിയ കണ്ടുപിടിത്തം വിപണി കീഴടക്കാനൊരുങ്ങുകയാണ്. വ്യവസായിക അടിസ്ഥാനത്തിൽ യന്ത്രം വാങ്ങാൻ ചേന്ദമംഗലം ദേവകൃപ ഓയിൽ മിൽസ് ഉടമ കെ.എസ്. കൃഷ്ണദാസാണു മുന്നോട്ടു വന്നത്. വേഗത്തിൽ കൃത്യമായ അളവിൽ തേങ്ങ പൊട്ടിക്കാനാകുമെന്ന് ഉറപ്പുവരുത്തിയതോടെയാണു കൃഷ്ണദാസ് യന്ത്രം വാങ്ങാനുറച്ചത്. യന്ത്രത്തിൽ പൊട്ടിക്കുന്ന തേങ്ങയുടെ ചിരട്ട കരകൗശല വസ്തു നിർമാണത്തിന് ഉപയോഗിക്കാനാകുമെന്നതാണു പ്രധാന ആകർഷണം. തേങ്ങവെള്ളം ശേഖരിക്കാനും പ്രത്യേക സംവിധാനമുണ്ട്.
20000 രൂപയാണു നിർമാണ ചെലവ്. കരകൗശല നിർമാണക്കാരും യന്ത്രം ആവശ്യപ്പെട്ടു വന്നതോടെ ഇഷ്ടമുള്ള വലുപ്പത്തിൽ തേങ്ങ പൊട്ടിക്കാനുള്ള സൗകര്യം യന്ത്രത്തിലൊരുക്കാൻ ഒരുങ്ങുകയാണു സംഘം.