ADVERTISEMENT

അങ്ങനെ ആ നിപ്പക്കാലം സീതുവിനെ ‘സിഐഡി’യാക്കി. അന്നത്തെ കലക്ടർ യുവി.ജോസാണ് സീതുവെന്ന ‘ഡോക്ടറുകുട്ടിക്ക്’ സിഐഡി പട്ടം നൽകിയത്. നിപ്പയുടെ നാളുകൾ വൈറസ് എന്ന ചലച്ചിത്ര രൂപമെടുത്തപ്പോൾ സീതു അന്നുവെന്ന കഥാപാത്രമായി. ഇതുവരെ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ സേവനം, ചിത്രത്തിലെ പാർവതിയുടെ അഭിനയത്തിലൂടെ കയ്യടി നേടുകയാണ്..

നിപ്പയുടെ ഫ്ലാഷ് ബാക് തേടി..

കഴിഞ്ഞ വർഷം കോഴിക്കോട്ട് നിപ്പ സ്ഥിരീകരിക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ പിജി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു സീതു പൊന്നു തമ്പി. ഇതുവരെ കാണാത്ത പുതിയ പനി ലക്ഷണങ്ങളുമായി എത്തിയവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമ്പോൾ സീതു ഒരു കുട്ടി ഡോക്ടർ മാത്രമായിരുന്നു. സീതുവിന്റെ അന്വേഷണങ്ങളും ചോദ്യങ്ങളും രോഗിയുടെ പിന്നാലെയുള്ള യാത്രയുമൊക്കെ തുടങ്ങുന്നത് നിപ്പ സ്ഥിരീകരിച്ചതിനു ശേഷമാണ്. ആഷിഖ് അബു സംവിധാനം വൈറസ് സിനിമയിൽ സീതുവിന്റെ അന്വേഷണങ്ങളാണ് അന്നുവിലൂടെ പ്രേക്ഷകർക്കു മുൻപിലെത്തിയത്.

ഇഖ്റ ആശുപത്രിയിലെ ഡോക്ടറായിരുന്ന സീതുവിന്റെ ഭർത്താവ് ബിജിൻ ജോസഫാണ് ഇഖ്റയിൽ പ്രവേശിപ്പിച്ച നിപ്പ രോഗിയെ പരിചരിച്ചത്. നിപ്പ സ്ഥിരീകരിക്കുന്നത് അതിനു ശേഷം മാത്രം. രോഗം സ്ഥിരീകരിച്ചതോടെ എല്ലാവരിലുമെന്ന പോലെ രോഗിയുമായി അടുത്തിട പഴകിയ ഇവരിലും ഭയം പിടിമുറുക്കി. എന്നാൽ മക്കളെ വീട്ടിൽ നിന്നു മാറ്റി മുഴുവൻ സമയ രോഗ ശുശ്രൂഷയ്ക്ക് ഇറങ്ങുകയാണ് ഇവർ ചെയ്തത്. രോഗത്തെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചു വിളിക്കുന്നവർക്ക് മറുപടി തയാറാക്കുകയായിരുന്നു സീതുവിന്റെ പണി. മെഡിക്കൽ കോളജിലേക്ക് എത്തിയ രോഗികളുടെ വിവരങ്ങൾ സീതു ശേഖരിച്ചു. രോഗി പോയ വഴികളിലൂടെ ചോദ്യങ്ങളും ഫോൺവിളികളും അന്വേഷണങ്ങളുമായി സീതു നിപ്പക്കാലത്ത് സിഐഡിപ്പണി ഏറ്റെടുത്തു. 

കോർ ടീം അംഗം

നിപ്പയെപ്പറ്റി നടന്ന കോർ മീറ്റിങ്ങിൽ രോഗം എവിടെ നിന്നുണ്ടായി, എങ്ങനെ പടർന്നു എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാതിരുന്നപ്പോൾ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി പരിഭ്രമത്തോടെ സീതു എത്തി. ആ മീറ്റിങ്ങോടെ സീതു നിപ്പ കോർ ടീമിന്റെ ഭാഗമായി. എല്ലാ രോഗികളും സഞ്ചരിച്ച വഴികൾ സീതു വരച്ചെടുത്തു. ഒരിക്കൽ കോർ ടീം മീറ്റിങ്ങിന് സീതുവിനെ കാണാതിരുന്ന കലക്ടർ യു.വി.ജോസ് സിഐഡി എവിടെ എന്ന് അന്വേഷിച്ചു, അങ്ങനെയാണ് സീതു സിഐഡി സീതുവായത്. നിപ്പ രോഗികൾ എന്ന് എപ്പോൾ എവിടെയായിരുന്നു എന്ന വിവരങ്ങൾ സീതുവിന്റെ കയ്യിൽ ഭദ്രം.

പാർവതി വന്നു പഠിച്ചു 

വൈറസ് സിനിമയുടെ തിരക്കഥാകൃത്തുക്കളാണ് ആദ്യം സീതുവിനെ കാണാനെത്തുന്നത്. പിന്നെ ഷൂട്ടിങ് ആരംഭിക്കും മുൻപ് പാർവതി നേരിട്ടെത്തി. സീതുവിന്റെ നിൽപ്, നടപ്പ്, ബാഗ്, ചുരിദാറിടുന്ന രീതി, മുടികെട്ടുന്ന രീതി, എന്തിന് ഷാൾ എങ്ങനെയാണ് കുത്തുന്നത് എന്നുവരെ പാർവതി ചോദിച്ചറിഞ്ഞു. അതുകൊണ്ടു തന്നെയാണ് അന്നുവും സീതുവും കാഴ്ചയിലും പെരുമാറ്റത്തിലും ഒരുപോലെയിരിക്കുന്നത്. 

സിനിമയിൽ തന്റെ കഥാപാത്രമുണ്ടെന്ന് സീതു തിരിച്ചറിയുന്നത് പാർവതി തന്നെ അന്വേഷിച്ച് വീട്ടിൽ എത്തുമ്പോഴാണ്. അപ്പോഴും സീതുവിന്റെ ഭർത്താവ് ബിജിനും സിനിമയിൽ കഥാപാത്രമാമെന്ന് അവർക്കറിയില്ലായിരുന്നു. ബിജിൻ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് പൂർത്തിയാക്കി. ഇപ്പോൾ തിരുവനന്തപുരം കിംസിൽ ഫാമിലി മെഡിസിനിൽ പിജി വിദ്യാർഥിയാണ്. ഒന്നാം ക്ലാസുകാരി ഇസബെല്ലയും രണ്ടരവയസ്സുകാരൻ ജോണുമാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com