കൊച്ചിക്കാരൻ കിരൺ ജോർജ്; ബാഡ്മിന്റനിൽ കേരളത്തിന്റെ പുതുപ്രതീക്ഷ

HIGHLIGHTS
  • 3 സീനിയർ റാങ്കിങ് ടൂർണമെന്റുകളിൽ ചാംപ്യനായി
  • ദേശീയ റാങ്കിങ്ങിൽ 14-ാമനായി
kiran-george-emerging-badminton-player-from-kochi
കിരൺ ജോർജ്
SHARE

ബാഡ്മിന്റനിൽ ദേശീയ തലത്തിൽ കേരളത്തിന്റെ പുതു പ്രതീക്ഷയായി വളരുകയാണു കൊച്ചിക്കാരൻ കിരൺ ജോർജ്. ജൂനിയർ താരമായിരിക്കെ ദേശീയ തലത്തിൽ കഴിഞ്ഞ 2 വർഷത്തിനിടെ 3 സീനിയർ റാങ്കിങ് ടൂർണമെന്റുകളിൽ ചാംപ്യനായി മികവിന്റെ വിളംബരം നടത്തിക്കഴിഞ്ഞു കിരൺ. 

ഞായറാഴ്ച വിജയവാഡയിൽ സമാപിച്ച ഓൾ ഇന്ത്യ സീനിയർ റാങ്കിങ് ബാഡ്മിന്റൻ ടൂർണമെന്റ് പുരുഷ വിഭാഗം സിംഗിൾസിൽ ചാംപ്യനായ കിരണിന്റെ ഈ വർഷത്തെ രണ്ടാമത്തെ ദേശീയ കിരീട നേട്ടമാണിത്. 

ഏപ്രിലിൽ ബെംഗളൂരുവിൽ നടന്ന ദേശീയ സീനിയർ റാങ്കിങ് ടൂർണമെന്റിലും ചാംപ്യനാണു കിരൺ. തുടർച്ചയായി രണ്ടാം വർഷമാണ് ഈ ടൂർണമെന്റിൽ വിജയം നേടുന്നത്. ഈ വർഷം തന്നെ കോഴിക്കോട് നടന്ന ഓൾ ഇന്ത്യ സീനിയർ റാങ്കിങ് ടൂർണമെന്റിൽ റണ്ണറപ്പുമായിരുന്നു. 

ദേശീയ റാങ്കിങ്ങിൽ 14-ാമനായ കിരൺ വിജയവാഡയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ 10-ാം റാങ്കുകരാനായ സിരിൽ വർമയെ തോൽപ്പിച്ചാണു ചാംപ്യനായത്. ഈ നേട്ടം പുതിയ ദേശീയ റാങ്കിങ്ങിൽ കിരണിനെ കൂടുതൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്തിച്ചേക്കും. 

ബാഡ്മിന്റൻ പെരുമയിലെ കുടുംബ പാരമ്പര്യത്തിനു കിരീടം ചാർത്തുകയാണ് ഇളമുറക്കാരനായ കിരൺ. മുൻ രാജ്യാന്തര ബാഡ്മിന്റൻ താരവും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസിന്റെയും (ബിപിസിഎൽ) ബാഡ്മിന്റൻ താരമായിരുന്ന പ്രീത ജോർജിന്റെയും (എൽഐസി) മകനാണു കിരൺ. 

മൂത്ത സഹോദരൻ അരുൺ ജോർജും രാജ്യത്തിനു  പ്രതീക്ഷയായി വളർന്നു വരുന്ന ഡബിൾസ് താരമാണ്. ഡബിൾസിൽ ലോക റാങ്കിങ്ങിൽ 58-ാം സ്ഥാനക്കാരാണ് അരുൺ ഉൾപ്പെട്ട സഖ്യം. 

കഴിഞ്ഞ വർഷം മുതലാണു കിരൺ ദേശീയ തലത്തിൽ സീനിയർ ടൂർണമെന്റുകളിൽ കളിച്ചു തുടങ്ങിയത്. 

ബെംഗളൂരു പ്രകാശ് പദുകോൺ അക്കാദമിയിലാണു പരിശീലനം. എറണാകുളം തേവര എസ്എച്ച് കോളജിലെ ബികോം വിദ്യാർഥിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ