കാര്‍ത്തിക്കിന്റെ ‘ഈ ബൈക്ക്’ വല്ല്യ സംഭവമാണ് !

HIGHLIGHTS
  • 18 വയസ്സു തികഞ്ഞിട്ടില്ല കാർത്തികിന്
  • തയ്യൽ ജോലി ചെയ്തു കുടുംബം പുലർത്തുന്ന മാതാപിതാക്കൾ
plus-one-student-made-electric-bike
ഇ ബൈക്കുമായി കാർത്തിക് സുരേഷ്
SHARE

പത്താം ക്ലാസിൽ പഠിക്കുമ്പോൾ കാർത്തിക്കിന്റെ മനസ്സിൽ ‘തീരെ ചെറിയ’ ഒരാഗ്രഹത്തിന്റെ  ലഡു പൊട്ടി. ഒരു ഇ–ബൈക്ക് സ്വന്തമായി നിർമിക്കണം. കേട്ടവർ മൂക്കത്തു വിരൽവച്ചു. ചിലരൊക്കെ കളിയാക്കി. എന്തിന്, തയ്യൽ ജോലി ചെയ്തു കുടുംബം പുലർത്തുന്ന മാതാപിതാക്കൾ വരെ നിരുത്സാഹപ്പെടുത്തി. ബൈക്ക് നിർമിക്കാൻ ഇലക്ട്രിക് മോട്ടർ വാങ്ങാൻ കടയിൽച്ചെന്നപ്പോൾ ‘ഒരു ചേട്ടൻ’ ഒന്നു കൊച്ചാക്കിക്കളയാം എന്നു കരുതി കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന ഇത്തിരിക്കുഞ്ഞൻ മോട്ടർ എടുത്തു നൽകുക വരെ ചെയ്തു. 

എന്നാൽ ഇതൊന്നും കാർത്തിക്കിനെ തരിമ്പും തളർത്തിയില്ല, ഒരൽപം വാശി കൂടിയെങ്കിലേയുള്ളൂ. കൃത്യം ഒരു വർഷത്തിനു ശേഷം പ്ലസ് വണ്ണിലെത്തിയപ്പോൾ, സ്വന്തമായി നിർമിച്ച ഇലക്ട്രിക് ബൈക്കിലേറി ഇവരുടെയൊക്കെ  മുന്നിലൂടെ കാർത്തിക് ഒന്നു കറങ്ങി വന്നു. ‘‘ഇപ്പോ എങ്ങനുണ്ട്? ഞാൻ അന്നേ പറഞ്ഞതല്ലേ’’ എന്ന നിഷ്കളങ്ക ഭാവത്തിൽ.

18 വയസ്സു തികയുന്നതേയുള്ളൂ പിറവം സ്വദേശി കാർത്തിക് സുരേഷിന്. എന്നാൽ ‘ഇലക്ട്രിക്’ ചിന്തകളുടെ നടുവിലാണു കക്ഷിയുടെ ജീവിതം. കുട്ടിക്കാലം മുതൽ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് ഇഷ്ട മേച്ചിൽപ്പുറങ്ങൾ. 

രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന വീട്ടുകാരോട് 70,000 രൂപയുടെ ഇലക്ട്രിക് ബൈക്ക് വാങ്ങിത്തരുമോ എന്നു ചോദിക്കാൻ മനസ്സുവരാത്തതു കൊണ്ടാണ് ഒരെണ്ണം സ്വന്തമായി നിർമിക്കാം എന്നു തീരുമാനിച്ചത്.

പ്രധാന ഗുരു ഇന്റർനെറ്റ് ആയതു കൊണ്ടു ദക്ഷിണയൊന്നും വയ്ക്കാതെ തന്നെ പണി തുടങ്ങി. വേണ്ട ഉപകരണങ്ങളുടെയെല്ലാം വില കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ മൊത്തം 14,000 രൂപ വേണം ബൈക്ക് യാഥാർഥ്യമാക്കാൻ. ആദ്യ പടിയായി ആക്രിക്കടയിൽനിന്നു ചുളുവിലയ്ക്കൊരു സൈക്കിൾ വാങ്ങി. അതോടെ കയ്യിലെ നീക്കിയിരിപ്പു തീർന്നു. ഇത്തരം കണ്ടുപിടിത്തങ്ങൾക്കൊക്കെ ‘സഹായിക്കേണ്ട  ഉത്തരവാദിത്തം’ ശാസ്ത്ര അധ്യാപകർക്കായതിനാൽ ഫിസിക്സ് ടീച്ചറെ കൂട്ടുപിടിച്ചു കുറച്ചു തുക സംഘടിപ്പിച്ചു. എന്തിനും കൂടെ നിൽക്കുന്ന സുഹൃത്തുക്കളും അൽപം കാശു സംഘടിപ്പിച്ചു നൽകി. ഇതായിരുന്നു പ്രവർത്തന മൂലധനം.

സൈക്കിളിൽ 250 വാട്ട്സ് മോട്ടർ, 12 വോൾട്ട് ലെഡ് ആസിഡ് ബാറ്ററി, വോൾട്ടേജ് ബൂസ്റ്റർ ചിപ് തുടങ്ങിയവ ഘടിപ്പിച്ചാണ് ഇ– ബൈക്ക് നിർമിച്ചത്. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 10  കിലോമീറ്റർ ഓടും. സ്വന്തം സ്കൂളിലായിരുന്നു ആദ്യ പ്രദർശനം. 

ഇതിനു ശേഷം രാജഗിരി കോളജിന്റെ പ്രദർശനത്തിലും കുസാറ്റിന്റെ ധിഷ്ണ ടെക് ഫെസ്റ്റിലും ഇ– ബൈക്കുമായി എത്തി സമ്മാനങ്ങൾ നേടി. ഏറ്റവുമൊടുവിൽ, കൊച്ചിയിൽ നടന്ന ഇല്ക്ട്രിക് വാഹന പ്രദർശനമായ ഇവോൾവിലും  ഇ– ബൈക്ക് പ്രദർശിപ്പിച്ചു. തുടർ പരീക്ഷണങ്ങൾക്കുള്ള സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാം എന്നു പ്രദർശനത്തിൽ പങ്കെടുത്ത ഇ– വാഹന വിദഗ്ധർ പലരും വാഗ്ദാനവും നൽകിയിട്ടുണ്ട്. 

നിലവിൽ ബൈക്കിൽ ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററിക്കു പകരം യോജ്യമായ ലിഥിയം അയൺ ബാറ്ററി കണ്ടെത്തണം എന്ന ആഗ്രഹവുമായി കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയിലും കാർത്തിക് ചെന്നിരുന്നു. ഐഐടിയിലെ ഈ മേഖലയിലെ വിദഗ്ധരുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചു.

ഇ– ബൈക്ക് നിർമിച്ച് വർഷം ഒന്നു കഴിഞ്ഞെങ്കിലും കാര്യമായ തകരാറുകൾ ഒന്നുമുണ്ടായിട്ടില്ല. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാനായാൽ ചെലവു കുറഞ്ഞ ഇ–ബൈക്ക് സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുത്താനാവുമെന്ന വിശ്വാസത്തിലാണു കാർത്തിക്. മെക്കട്രോണിക്സ് എൻജിനീയറിങ്ങിനു ചേരണം എന്ന ആഗ്രഹവുമായി മുന്നോട്ടു പോവുകയാണ്. ഇനിയും ഈ മേഖലയിൽ ഏറെക്കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന പൂർണ ബോധ്യവുമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ