ADVERTISEMENT

പൈതൽ മലയുടെ ചെങ്കുത്തായ വഴി പാതി പിന്നിട്ട് കിതച്ചു നിൽക്കുന്ന സംഘത്തിനു മുന്നിലേക്കാണ് മുഖം നിറയെ ചിരിയുമായി ആ യുവാവ് ഇറങ്ങിവന്നത്. നേരം പുലർന്ന് അധികമായില്ല. അതിരാവിലെ മലമുകളിലെത്തി മടങ്ങുന്നതാവണം. ത്രീഫോർത്തും ടീഷർട്ടും ബാക്ക് പാക്കുമായി പ്രസരിപ്പോടെ ചാടിച്ചാടിയിറങ്ങുന്ന യുവാവിനെ അത്ഭുതത്തോടെയാണ് കണ്ടുനിന്നതെന്ന് സംഘത്തിലുണ്ടായിരുന്ന പാലക്കാട്ടുകാരൻ സൽമാൻ ഫാരസി. കാരണം ഇരുകയ്യിലും ക്രച്ചസ് ഊന്നി നടക്കുന്ന യുവാവിന് ഒരു കാലില്ല!. 

സൽമാൻ ഉൾപ്പെടെ പരിചയപ്പെടുന്നവരിലെല്ലാം അത്ഭുതവും ആത്മവിശ്വാസവും നിറയ്ക്കുന്ന ഈ 25കാരൻ എസ്.ആർ.വൈശാഖ്. ഇന്ത്യൻ ആംപ്യൂട്ടീ ഫുട്ബോൾ ടീം ക്യാപ്റ്റൻ. പേരാമ്പ്ര സ്വദേശി. 

ശ്രീലങ്കയിൽ നടന്ന ലോക പാരാലിംപിക് വോളി ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട് വൈശാഖ്. ബഹ്റൈനിൽ യുവ കേരള ടീമിനുവേണ്ടി സാധാരണ താരങ്ങൾക്കൊപ്പം നടത്തിയ പ്രകടനത്തിന്റെ വിഡിയോ കണ്ട് ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അധികൃതർ പരിശീലന സെഷനിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചു. കഴിഞ്ഞ സീസണിൽ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് താരങ്ങൾക്കൊപ്പം പരിശീലിക്കാൻ കഴിഞ്ഞത് വലിയ ആത്മവിശ്വാസമായി. 

 

 എട്ടാം ക്ലാസിൽ കാൽ നഷ്ടം

 

ഫുട്ബോൾ ഉൾപ്പെടെ എല്ലാ സ്പോർട്സും ചെറുപ്പം മുതലേ ജീവനായിരുന്നെന്ന് വൈശാഖ്.  13ാം വയസ്സിൽ ജില്ലാ ടീം സിലക്‌ഷനുവേണ്ടി ഫുട്ബോൾ കിറ്റ് എടുക്കാൻ വരുമ്പോഴാണ് കാൽ നഷ്ടപ്പെടുത്തിയ അപകടം. കായണ്ണയിലെ ബന്ധുവീട്ടിൽനിന്ന് ബൈക്കിൽ വരുമ്പോൾ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ബന്ധു തെറിച്ചുവീണു. ബസിന്റെ പിൻചക്രം കയറി വൈശാഖിന്റെ വലതുകാൽ പൂർണമായും മുറിച്ചു. ഇടതുകാലും തകർന്നു പോയിരുന്നെങ്കിലും പ്ലാസ്റ്റിക് സർജറി ചെയ്തും കമ്പിയിട്ടും ശരിയാക്കി. 

പയ്യോളി  ജൂനിയർ ടെക്നിക്കൽ സ്കൂളിലാണ് പഠിച്ചിരുന്നത്. ഒന്നര വർഷത്തെ കിടപ്പിനു ശേഷം ആദ്യമായി സ്കൂളിലെത്തിയത് സ്പോർട്സ് ഡേയ്ക്ക്. സങ്കടം കാരണം മൽസരങ്ങൾ കണ്ടുനിൽക്കാനായില്ല. ഓട്ടോ വിളിച്ച് വീട്ടിൽ വന്ന് സൈക്കിളെടുത്ത് ചവിട്ടാൻ നോക്കി. വീണ് വീണ്ടും ഇടതു കാലൊടിഞ്ഞു. പ്ലാസ്റ്ററിട്ട് ആഴ്ചകളോളം കിടന്നു. പ്ലാസ്റ്ററെടുത്ത ഉടൻ വീണ്ടും സൈക്കിളെടുത്തു.

ഇപ്പോൾ സൈക്കിളോടിക്കും, കാറോടിക്കും. റിട്ട. അധ്യാപകനായ അച്ഛൻ ശശിധരനും അമ്മ രജനിയും ഒരിഷ്ടത്തിനും എതിരു പറയില്ല. അനിയൻ നന്ദകിഷോർ യുണൈറ്റഡ് പഞ്ചാബ് ഫുട്ബോൾ ടീമംഗമാണ്. 

 

മനക്കരുത്തിൽ ജീവിതം തിരികെ

 

നാട്ടിലെ പഴയ ക്ലബിൽത്തന്നെ ക്രെച്ചസ് കുത്തി ഫുട്ബോൾ കളിച്ചായിരുന്നു തിരിച്ചുവരവ്. എപ്പോഴും സാധാരണ താരങ്ങളോടൊപ്പം കളിക്കാനാണ് ഇഷ്ടം.  ഒരു സെപ്റ്റംബർ രണ്ടിനായിരുന്നു അപകടവും മരണത്തിൽനിന്നുള്ള തിരിച്ചുവരവും. ആ ഓർമയ്ക്കായി ഇന്ത്യൻ ടീമിലെത്തിയപ്പോൾ ജഴ്സി നമ്പരായി 2 ചോദിച്ചു വാങ്ങി.       

ഫുട്ബോളിനൊപ്പം പഠനവും തുടർന്നു. ദേവഗിരി കോളജിൽനിന്ന് ബിഎസ്‌സിയും  കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽനിന്ന് ഫാർമസി ബിരുദവും നേടി. ഇടുക്കി വണ്ടൻമേട് ഹോമിയോ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുമ്പോഴാണ് ഇന്ത്യൻ ടീമിലേക്കുള്ള സിലക്‌ഷൻ. തുടർന്ന് ജോലി ഉപേക്ഷിച്ച് പരിശീലനം. നെയ്റോബിയിൽ കെനിയയ്ക്കെതിരെയായിരുന്നു ചരിത്രത്തിലാദ്യമായി ഇന്ത്യ ആംപ്യൂട്ടീ ഫുട്ബോൾ കളിക്കുന്നത്. റാങ്കിങ്ങിൽ 12ാമതുള്ള കെനിയയോട് നന്നായി കളിച്ചാണ് 2–0ന് തോറ്റത്.

 

 കൊച്ചി എടവനക്കാട് ഹോമിയോ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായി ഈ ബുധനാഴ്ചയാണ് വൈശാഖ് ജോലിക്കു കയറിയത്. 2022ലെ ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയുമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഒരുക്കമാണ് അടുത്ത ലക്ഷ്യം. അതിനിടെ കുറേ യാത്രകളും ട്രക്കിങ്ങുകളും.. ജീവിതത്തിന്റെ പല അറ്റങ്ങളെ മനോഹരമായി കൂട്ടിയിണക്കുന്നു വൈശാഖ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com