ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ നൈപുണ്യ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണു വൈറ്റില സ്വദേശി നിധിൻ പ്രേം. റഷ്യയിലെ കസാനിൽ 22നാണു മത്സരം. കഴിഞ്ഞ ഏപ്രിലിൽ ഓസ്ട്രേലിയയിൽ നടന്ന ലോക നൈപുണ്യ മത്സരത്തിൽ 3ഡി ഗെയിം ആർട്ടിൽ സിൽവർ മെഡൽ നേടിയ നിധിനു സ്കിൽ ഒളിംപിക്സ് എന്നറിയപ്പെടുന്ന വേൾഡ് സ്കിൽസ് ഇന്റർനാഷനൽ മത്സരത്തിൽ സ്വർണ മെഡലിൽ കുറഞ്ഞ പ്രതീക്ഷയൊന്നുമില്ല. രാപകില്ലാതെ പുണെയിലെ ലക്ഷ്യ ഡിജിറ്റൽ എന്ന പ്രഫഷനൽ അനിമേഷൻ സ്ഥാപനത്തിൽ പരിശീലനത്തിലാണിപ്പോൾ നിധിൻ. 32 മണിക്കൂറോളം നീളുന്ന മത്സരത്തിനായി നിധിൻ ഒരുങ്ങിക്കഴിഞ്ഞു.

വരയിൽ തുടങ്ങിയ ഗെയിം ആർട് 

രണ്ടാം വയസ്സിൽ വീടിന്റെ ചുവരിൽ ചിത്രം വരച്ചാണു ഗെയിമിങ്ങിന്റെ ലോകത്തേക്കു നിധിൻ എത്തുന്നത്. മുത്തശ്ശിയുടെ തോളിലിരുന്നു വീടിന്റെ ചുവരുകളും മതിലുമെല്ലാം ചിത്രങ്ങൾക്കൊണ്ടു നിറയ്ക്കുമായിരുന്നു നിധിൻ. അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയതോടെ വരയ്ക്കൊപ്പം വായനയും തുടങ്ങി. പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ വരയ്ക്കുന്നതായി പിന്നീടു ഹോബി. അങ്ങനെ വായിച്ചും വരച്ചും തീർത്ത പുസ്തകങ്ങളിലെ കഥകളാണു നിധിൻ ഇപ്പോൾ 3 ഡി അനിമേഷൻ ഗെയിമുകളാക്കുന്നത്.

പഠനം യൂട്യൂബിലൂടെ 

3 ഡി ഗെയിം ആർട്ടിൽ ആഗോള തലത്തിൽ വെള്ളി മെഡൽ നേടിയെങ്കിലും 3ഡി ഗെയിമിങ് നിധിൻ പഠിച്ചിട്ടില്ല. യൂട്യൂബ് ട്യൂട്ടോറിയലുകളുടെ സഹായത്തോടെയാണു പഠനം . കഥാപാത്രങ്ങളുടെ ഓരോ ചലനങ്ങൾക്കും ഹ്യൂമൻ അനാട്ടമി വരെ അറിയേണ്ടതുണ്ട്. ചലനങ്ങൾ കൃത്യമാകാൻ ശരീരഘടന അറിഞ്ഞിരിക്കണം. വളരെ സൂക്ഷ്മതയും ക്ഷമയും വേണ്ടതാണ് 3ഡി ഗെയിം ആർട്.

കെയ്സ് വന്നു വിളിച്ചപ്പോൾ 

ഏരൂർ ഭവൻസിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഗെയിമിങ് മേഖലയിൽതന്നെ കരിയർ എന്നുറപ്പിച്ചു പുണെ ഭാരതി വിദ്യാപീഠിൽ അനിമേഷൻ കോഴ്സിനു ചേർന്നു. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണു കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് നടത്തുന്ന നൈപുണ്യ മത്സരത്തിന്റെ പത്രപ്പരസ്യം കാണുന്നത്. സോണൽ മത്സരത്തിലും സംസ്ഥാന തലത്തിലും ബെംഗളൂരുവിൽ നടന്ന റീജനൽ മത്സരത്തിലും ഡൽഹിയിൽ നടന്ന നാഷനൽ മത്സരത്തിലും നിധിൻ സ്വർണ മെഡൽ സ്വന്തമാക്കി. സംസ്ഥാനല മത്സരത്തിനുശേഷം സംസ്ഥാന സർക്കാരാണു ഗെയിമിങ്ങിൽ പരിശീലനം നൽകുന്നത്. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണു രാജ്യാന്തര മത്സരങ്ങൾക്കുള്ള പരിശീലനം. പുണെയിലെ ലക്ഷ്യയെന്ന അനിമേഷൻ സ്ഥാപനത്തിലയച്ചു പരിശീലിപ്പിക്കുന്നതും കേന്ദ്ര സർക്കാർ തന്നെ.

ബിരുദമില്ലാത്ത അധ്യാപകൻ 

ഡിഗ്രി രണ്ടാം വർഷമാണു നിധിൻ നൈപുണ്യ മത്സരത്തിനു പോകുന്നത്. പിന്നീടു രാജ്യാന്തര തലം വരെ മത്സരങ്ങളുടെ ഘോഷയാത്ര. രണ്ടാം വർഷം പരീക്ഷയെഴുതാനായെങ്കിലും പഠനം മുടങ്ങി. എന്നാൽ ഇപ്പോൾ അനിമേഷൻ വിദ്യാർഥികൾക്കു ക്ലാസ് എടുക്കാൻ കോളജ് അധികൃതർ നിധിനെ വിളിക്കാറുണ്ട്. സ്വന്തമായി പഠിച്ചെടുത്ത 3ഡി ഗെയിമിങ് നിധിൻ ഡിഗ്രി വിദ്യാർഥികൾക്കു പറഞ്ഞുകൊടുക്കും.

വൈറ്റില കാവളംപിള്ളി വീട്ടിൽ ധർമരാജിന്റെയും മിനിയുടെയും മകനാണ് നിധിൻ. സംസ്ഥാന സർക്കാരിന്റെ സ്കിൽ എക്സലൻസ് പുരസ്കാരവും സ്കിൽ അംബാസഡർ ഓഫ് കേരള അവാർഡും നിധിനു ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com