ADVERTISEMENT

ഒപ്പം പഠിച്ച കുട്ടികളെല്ലാം പത്തു കഴിഞ്ഞു പ്ലസ് ടുവിനു പോയപ്പോൾ നിലോഫർ വീട്ടിൽ പറഞ്ഞു: ‘എനിക്കു പൈലറ്റായാൽ മതി’.  ‘ഉയരെ’ സിനിമയിലെ നായികാ കഥാപാത്രം, പൈലറ്റാകാൻ മോഹിച്ച ‘പല്ലവി രവീന്ദ്രൻ’ ആവേശിച്ചതാണോ എന്ന സംശയം ന്യായം. പക്ഷേ, ആ ചിത്രം നിലോഫർ കണ്ടിട്ടേയില്ല! മാനത്തുകൂടി ഒഴുകിനീങ്ങുന്ന വിമാനങ്ങൾ കണ്ടു വിസ്മയംകൂറി നിന്ന കുട്ടിക്കാലത്തേ മനസ്സിൽ പൊതിഞ്ഞുവച്ച ആഗ്രഹമാണു നിലോഫർ മാതാപിതാക്കളുടെ മുൻപിൽ തുറന്നത്. ആ സ്വപ്നത്തിന്റെ ചൂടും ചൂരും ഒട്ടും ചോരാതെ കടന്നുപോയ 6 മാസങ്ങൾക്കിപ്പുറം നിലോഫർ വിമാനത്തിന്റെ കോക്പിറ്റിലേക്കു കടക്കുകയാണ്. വിമാനം പറത്തുന്നതിനുള്ള പ്രാഥമിക കടമ്പയായ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (എസ്പിഎൽ) നിലോഫർ സ്വന്തമാക്കി. പതിനാറാം വയസ്സിൽ!

മകളുടെ ആഗ്രഹത്തിനു മുന്നിൽ ആദ്യം ഒന്നു പകച്ചെങ്കിലും അതിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞതോടെ, ദുബായിൽ ബിസിനസുകാരനായ കാക്കനാട് സ്വദേശി മുനീർ അബ്ദുൽ മജീദ് ഒപ്പം നിന്നു. പിന്നെ, അച്ഛനും മകൾക്കും അന്വേഷണത്തിന്റെ ദിനങ്ങളായിരുന്നു. മൈസുരുവിലെ ഓറിയന്റ് ഫ്ലൈറ്റ് ഏവിയേഷൻ അക്കാദമിയിലാണ് ആ അന്വേഷണങ്ങൾ എത്തി നിന്നത്. സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നേടിയാൽ പൈലറ്റ് പഠനം ആരംഭിക്കാമെന്നും കുറഞ്ഞതു 40 മണിക്കൂർ വിമാനം പറത്തുന്നവർക്കു പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പിപിഎൽ) നേടാമെന്നും മനസ്സിലായി. ഇതോടെ അക്കാദമിയിൽ ചേർന്നു കഠിന ശ്രമങ്ങൾക്കു തുടക്കമിട്ടു. മൈസുരുവിൽത്തന്നെ താമസിച്ചു പഠിക്കേണ്ടി വന്നു.

വൈദ്യപരിശോധനയ്ക്കും രണ്ടര മാസത്തെ പഠനത്തിനും പരീക്ഷയ്ക്കുമൊടുവിൽ എസ്പിഎൽ സ്വന്തം. അക്കാദമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയും സംസ്ഥാനത്തു സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയുമാണു നിലോഫറെന്നു മുനീർ പറയുന്നു.

ഇനിയുള്ള കടമ്പ കോക്പിറ്റ് സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്ന സിമുലേഷൻ പരിശീലനമാണ്.  5 മണിക്കൂർ ദൈർഘ്യമുള്ള ഈ പരിശീലനം കൂടി വിജയിച്ചാൽ നിലോഫറിന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ചു പറക്കാം. രണ്ടര വർഷത്തെ പഠനവും പരിശീലനവുമാണു പിപിഎല്ലിനു വേണ്ടത്. ഈ ലൈസൻസ് ഉള്ളവർക്കു വിനോദ ആവശ്യങ്ങൾക്കായുള്ള സ്വകാര്യ വിമാനങ്ങൾ പറത്താനുള്ള അനുമതി ലഭിക്കും. പരിശീലനത്തോടൊപ്പം ഓപ്പൺ സ്കൂളിൽ പ്ലസ്ടുവിനും ചേർന്നിട്ടുണ്ടു നിലോഫർ. കാരണം, പൂർണസമയ പൈലറ്റാകാനുള്ള ആഗ്രഹം പൂർണമാകണമെങ്കിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) കൂടി വേണം. പിപിഎല്ലും പ്ലസ്ടുവും ഉള്ളവർക്കു കേവലം 6 മാസത്തെ പഠനം മാത്രം മതി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ. സിപിഎൽ കൂടി നേടാനായാൽ ഉയരെ പറക്കുന്ന കൊമേഴ്സ്യൽ വിമാനങ്ങളുടെ കോക്പിറ്റിൽനിന്നു നിലോഫറിന്റെ ശബ്ദവും മുഴങ്ങും. നാടിന് അഭിമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com